ന്യൂഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് ചോര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ നാവിക സേനയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങി സോഷ്യല്‍ മീഡിയകളുടെ ഉപയോഗങ്ങള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
നേവിയുടെ കപ്പലുകളിലും താവളങ്ങളിലും ഉപയോഗിക്കുന്നതിനാണ് വിലക്ക്. യുദ്ധക്കപ്പലുകള്‍ക്കുള്ളിലും നേവല്‍ ബേസുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകളും സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി ഉദ്യോഗസ്ഥര്‍ ഹണി ട്രാപ്പില്‍ കുടുങ്ങുകയും ശത്രുരാജ്യങ്ങള്‍ക്ക് ചോര്‍ത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.
നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ ഏഴ് സേനാ ഉദ്യോഗസ്ഥരെ ഈ മാസം ഇരുപതിന് അറസ്റ്റ് ചെയ്തിരുന്നു.
വിശാഖപട്ടണം, മുംബൈ, കാര്‍വാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരെ വിശാഖപട്ടണത്തുനിന്നും രണ്ട് പേരെ വീതം മുംബൈ, കാര്‍വാര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലേയും അറസ്റ്റുകള്‍ നടന്നതായി വിവരങ്ങളുണ്ട്.
2017 ല്‍ റിക്രൂട്ട് ചെയ്ത നാവിക ഉദ്യോഗസ്ഥര്‍ നാവിക കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും വിവരങ്ങളാണ് കൈമാറിയതെന്നാണ് നാവിക സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ട മൂന്നോ നാലോ സ്ത്രീകള്‍ അറസ്റ്റിലായ ചെറുപ്പക്കാരെ ഓണ്‍ലൈന്‍ ബന്ധത്തിലേക്ക് ആകര്‍ഷിച്ചു. സ്ത്രീകള്‍ പിന്നീട് വ്യവസായിയെന്ന വ്യാജേനെ പാകിസ്താന്‍ സ്വദേശിയെ നാവികര്‍ക്കു പരിചയപ്പെടുത്തി. അവര്‍ നാവികരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങുകയും ചെയ്തു.
ഉദ്യോഗസ്ഥര്‍ സ്ത്രീകളുമായി നടത്തിയ സംഭാഷണങ്ങളില്‍ പലതും ലൈംഗികച്ചുവയുള്ളതായിരുന്നു.
ഇതുപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും യുദ്ധക്കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും സ്ഥാനങ്ങളും ചലനങ്ങളും വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഒരു ഹവാല ഓപ്പറേറ്റര്‍ വഴി എല്ലാ മാസവും നാവികര്‍ക്ക് പണം നല്‍കിയിരുന്നതായും നാവിക സേന വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഈ നാവികര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ അവര്‍ ചെയ്ത ജോലികളും പോയ സ്ഥലങ്ങളും വെളിപ്പെടുത്തി നല്‍കി. വളരെയധികം തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയെന്നും നാവിക സേന വൃത്തങ്ങള്‍ വ്യക്തമാക്കി.
Be the first to comment