ന്യൂഡല്‍ഹി: 2010ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന എന്‍.പി.ആര്‍ അല്ല ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് (എന്‍.പി.ആര്‍) നടപ്പാക്കുന്നത് നിഗൂഢമായ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
2010ല്‍ യു.പി.എ സര്‍ക്കാര്‍ എന്‍.പി.ആര്‍ അവതരിപ്പിക്കുന്ന വേളയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം നടത്തിയ പ്രസംഗം ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ചിദംബരത്തിന് പ്രതികരണം.
‘പഴയ വിഡിയോ ബി.ജെ.പി ഇപ്പോള്‍ കൊണ്ടുവന്നതില്‍ സന്തോഷമുണ്ട്. വിഡിയോ ശ്രദ്ധിക്കൂ. 2011ലെ സെന്‍സസിന് മുന്നോടിയായി താമസക്കാരുടെ കണക്കെടുക്കാനാണ് ഞങ്ങള്‍ എന്‍.പി.ആര്‍ കൊണ്ടുവന്നത്. പൗരത്വത്തിനായിരുന്നില്ല ഊന്നല്‍ നല്‍കിയത്. പൗരത്വ പട്ടികയെ കുറിച്ച് സൂചിപ്പിച്ചിട്ടുപോലുമില്ല’ ചിദംബരം പറഞ്ഞു.
എന്‍.പി.ആറിനെ വിവാദമായ എന്‍.ആര്‍.സിയുമായി ബന്ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍, എന്‍.പി.ആര്‍ വിവരങ്ങള്‍ എന്‍.ആര്‍.സിക്കായി ഉപയോഗിക്കുന്നില്ലെന്നും യു.പി.എ കാലത്താണ് എന്‍.പി.ആര്‍ നടപ്പാക്കിത്തുടങ്ങിയതെന്നുമാണ് ബി.ജെ.പിയുടെ വാദം.
Be the first to comment