കൊച്ചി: ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖിന്റെ എം.എൽ.എ സ്ഥാനം ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. മുസ്ലിം ലീഗിലെ എം.എ റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. മണ്ഡലത്തിലെ കെ.പി മുഹമ്മദ് എന്ന വോട്ടർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി സൃഷ്ടിച്ചും മറ്റും പ്രചാരണം നടത്തിയതായാണ് പരാതി.
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ എൽ.ഡി.എഫ് സ്വതന്ത്രൻ കാരാട്ട് റസാഖിനെതിരെ എം.എ. റസാഖ് മാസ്റ്റർ പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇക്കാര്യം ബോധിപ്പിച്ച് ഹൈക്കോടതിയിൽ യു.ഡി.എഫ് ഹർജി സമർപ്പിച്ചു. ഇത് റദ്ദാക്കണമെന്നും വിചാരണ തടയണമെന്നും ആവശ്യപ്പെട്ട് കാരാട്ട് റസാഖ് സുപ്രീം കോടതിയെ സമീപിച്ച് നേരത്തെ സ്റ്റേ നേടുകയായിരുന്നു. ഇതിനെതിരെ എം.എ. റസാഖ് മസ്റ്റർ നൽകിയ ഹർജിയിൽ സ്റ്റേ നീക്കം ചെയ്ത് ഹൈക്കോടതിയിൽ വിചാരണ തുടങ്ങാൻ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ പറഞ്ഞു.
Be the first to comment