കോഴിക്കോട്: രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാറിനും കോടതിക്കും തുല്യബാധ്യതയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് മുതലക്കുളത്ത് സമസ്ത ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികതയും സദാചാരവും നില നിര്‍ത്താനാണ് എല്ലാ മത നേതാക്കളും പ്രവര്‍ത്തിക്കുന്നത്. മത വിശ്വാസികളല്ലാത്ത ഭരണാധികാരികള്‍ പോലും അതുള്‍ക്കൊണ്ട് മാത്രം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. മുത്തലാഖിന്റെ പേരില്‍ കെട്ടുകഥകളുണ്ടാക്കി ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച ഇന്ത്യന്‍ പ്രസിഡണ്ടിന്റെ നടപടി ദുരുദ്ദേശപരമാണ്. ഇതിലൂടെ ഒരു പ്രത്യേക മതവിഭാഗത്തെ എല്ലാ നിലയിലും അടിച്ചൊതുക്കി മുന്നോട്ട് പോകാനും രാജ്യത്തെ വളരെ കൂടുതല്‍ പിറകോട്ട് കൊണ്ടുപോകാനുമാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന വകവച്ചു നല്‍കുന്ന മത സ്വാതന്ത്രത്തില്‍ അധിഷ്ടിതമായ കാര്യങ്ങള്‍ക്ക് കേന്ദ്ര ഭരണകൂടവും ജുഡീഷ്യറിയും തടസ്സം നില്‍ക്കുക എന്നത് അത്യധികം അപകടകരവും ഭരണഘടനാ ലംഘനവുമാണ്. മുത്തലാഖ് വിധിയില്‍ ഖുര്‍ആനും നബിവചനങ്ങളും ആഴത്തില്‍പഠിച്ച പണ്ഡിതന്‍മാര്‍ തീര്‍പ്പു കല്‍പിച്ച് എഴുതിവെച്ച മതഗ്രന്ഥങ്ങളെയാണ് ജഡ്ജിമാര്‍ അവലംബിക്കേണ്ടിയിരുന്നത്. ആള്‍ക്കൂട്ട കൊലപാതകം, മുസ്‌ലിംകള്‍ക്കും പിന്നോക്ക ഹിന്ദുവിഭാഗങ്ങള്‍ക്കും രാജ്യത്ത്ജീവിക്കാന്‍ പോലും പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നതിനിടയിലാണ് വ്യക്തമായ സ്ഥിതി വിവരകണക്കിന്റെ പിന്‍ബലം പോലുമില്ലാതെ ധൃതി പിടിച്ച് മുത്തലാഖ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുക എന്ന ദൗത്യം എല്ലാ ഇന്ത്യക്കാരും ഉള്‍ക്കൊണ്ടാല്‍ മാത്രമേ രാജ്യത്തിന് പുരോഗമനപരമായ ഭാവിയുണ്ടാകൂ. ഇത് അറിഞ്ഞ് കാര്യങ്ങള്‍ ചെയ്യാന്‍ ജുഡീഷ്യറിക്കും ബാധ്യതയുണ്ട്. സ്വവര്‍ഗ്ഗ രതിയും വ്യഭിചാരവും വ്യാപിക്കുക വഴി സാംസ്‌കാരിക അപചയമല്ലാതെ രാജ്യത്തിന് യാതൊരു നേട്ടവും അതുവഴി ഉണ്ടാകുന്നില്ല. വ്യഭിചാരം, സ്വവര്‍ഗരതി തുടങ്ങിയവക്ക് യാതൊരുവിധ ശിക്ഷയും രാജ്യത്ത് ഇല്ല എന്നത് നമ്മുടെ രാജ്യത്തിന്റെ കുലീനമായ പൈതൃകത്തിന്റെ അപചയത്തിന് കാരണമാകുമെന്നും തങ്ങള്‍ പറഞ്ഞു.
Be the first to comment