
ഡൽഹി: പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് സുപ്രീംകോടതി.
ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ സർക്കാരുകൾക്കും മൂന്നാഴ്ച കൂടി സമയം അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കേരളത്തോടുള്ള കോടതിയുടെ ചോദ്യം
വിഷയത്തിൽ അമിക്കസ് ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവെ കോടതിയെ അറിയിച്ചത് പ്രകാരം, നിലവിൽ 11 സംസ്ഥാനങ്ങൾ മാത്രമാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ദേശീയ ഏജൻസികളുമായി ബന്ധപ്പെട്ട് കേന്ദ്രം മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
“ഭരണനിർവഹണത്തിന് പേരുകേട്ടതും വളരെ മുന്നോക്കം നിൽക്കുന്നതുമായ ഒരു സംസ്ഥാനം എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മടിച്ചുനിൽക്കുന്നത്?” എന്ന് കേരളത്തെ വിമർശിച്ചു കൊണ്ട് ജസ്റ്റിസ് സന്ദീപ് മേഹ്ത ചോദിച്ചു.
രാജ്യത്ത് എട്ട് മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങൾ ഉണ്ടായെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി നിർബന്ധമാക്കാൻ നേരത്തെ സുപ്രീംകോടതി നിർദ്ദേശം നൽകിയത്. ഈ വിഷയം ഡിസംബർ 16-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Be the first to comment