അമേരിക്കയിൽനിന്നുള്ള ജനാധിപത്യ പ്രതീക്ഷകൾ

ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കമ്യൂണിസ്റ്റും ജുതവിരുദ്ധനുമാണെന്ന എതിർപ്രചാരണങ്ങളെ മറികടന്ന് 50 ശതമാനത്തിലധികം വോട്ടുകൾ നേടി ആധികാരികമായാണ് വിജയം. സ്വതന്ത്രസ്ഥാനാർഥി ആൻഡ്രൂ കോമോ 41.6 ശതമാനം വോട്ടുകൾ നേടിയപ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കർട്ടിസ് സ്ലിവയ്ക്ക് നേടാനായത് ഏഴുശതമാനത്തിലധികം വോട്ടുകൾ മാത്രമാണ്. അമേരിക്കൻ പ്രസിഡന്റ് കഴിഞ്ഞാൽ രാജ്യത്തെ പ്രത്യക്ഷമായ രണ്ടാമത്തെ പദവിയാണ് ന്യൂയോർക്ക് മേയർ സ്ഥാനം. തെരഞ്ഞെടുപ്പ് രാത്രിയിൽ ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിച്ച പോരാളിയെ ന്യൂയോർക്കുകാർ തെരഞ്ഞെടുത്തു. 34 കാരൻ മംദാനി നേടിയ വിജയം അമേരിക്കൻ ജനാധിപത്യത്തിലുള്ള വിശ്വാസം വീണ്ടും ഉണർത്താൻ സഹായിച്ചു. ട്രംപ് ഭരണകൂടം വെറുപ്പിന്റെയും ഭയത്തിന്റെയും കഥകൾ ബോധപൂർവം വളർത്തിയ അതേവർഷംതന്നെ, സന്തോഷവും ഐക്യവും നിലനിൽക്കുമെന്ന് മംദാനി നഗരത്തെ ഓർമിപ്പിച്ചു.

ന്യൂയോർക്കിലെ വലിയ വിഭാഗം അതിസമ്പന്നരും ഫലസ്തീനിലെ വംശഹത്യയെ പിന്തുണയ്ക്കുന്ന ജൂത റബ്ബിമാരും മംദാനിക്കെതിരായ കാംപയിന് പണം നൽകിയിരുന്നു. എന്നിട്ടും മംദാനി വിജയിച്ചു. അസമത്വങ്ങളാൽ സാധാരണക്കാർ വീണുപോകുന്നൊരു വലിയ നഗരത്തിൽ അവരെ അഭിമുഖീകരിക്കാൻ മംദാനി തയാറായതാണ് വിജയത്തിന്റെ അടിസ്ഥാനം. ബഹുവംശീയമായൊരു സഖ്യത്തെ അദ്ദേഹം കെട്ടിപ്പടുത്തു. യുവാക്കളാണ് അവരിൽ ഭൂരിഭാഗവും. കുടിയേറ്റക്കാർ, ഹിസ്പാനിക് വോട്ടർമാർ, തൊഴിലാളി-മധ്യവർഗ വോട്ടർമാർ, ലിബറൽ പുരോഗമനവാദികൾ, യുവ ഇടതുപക്ഷക്കാർ, മുസ്്ലിംകൾ, ദക്ഷിണേഷ്യക്കാർ, തൊഴിലാളിവർഗ ലാറ്റിനോകൾ തുടങ്ങിയവരെ ഒറ്റസഖ്യത്തിന് കീഴിലാക്കാൻ മംദാനിക്ക് കഴിഞ്ഞു. ഈ നഗരത്തെ നിങ്ങൾക്ക് താങ്ങാനാവുന്നതാക്കുക എന്ന സന്ദേശം നിരവധി ന്യൂയോർക്ക് നിവാസികളെ ആകർഷിച്ചു. ജീവിതച്ചെലവ് കുറയ്ക്കുകയെന്ന ആശയത്തെ പ്രചാരണത്തിന്റെ മൂലക്കല്ലാക്കി മാറ്റി. ഇൗ വിജയം അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വ്യക്തവും മനസിലാക്കാവുന്നതുമായി നിലനിർത്തിയതുകൊണ്ടു മാത്രമല്ല, ഉറച്ച നിലപാടുള്ളയാളും വിശ്വസിക്കാൻ പറ്റുന്നവനുമാണെന്ന് വോട്ടർമാരെ ഓർമിപ്പിച്ചതുകൊണ്ടുമാണ്.

രാഷ്ട്രീയം അനുകമ്പയില്ലാതെ സംസാരിക്കുമ്പോൾ, നേതൃത്വത്തിന്റെ ഒരു പുതിയ യുഗം ആരംഭിക്കാൻ കഴിയുമെന്ന് നിങ്ങൾ കാണിച്ചുവെന്ന് വിജയത്തിനുശേഷം മംദാനി പറഞ്ഞു. മംദാനിയുടെ വിജയം സമീപകാലത്ത് ഒരു അമേരിക്കൻ രാഷ്ട്രീയക്കാരനും പറയാൻ ധൈര്യപ്പെടാത്തത്ര വലിയ രാഷ്ട്രീയ സന്ദേശം ലോകത്തിന് നൽകുന്നു. കഴിഞ്ഞ വർഷം ട്രംപിന് അനുകൂലമായി വോട്ട് ചെയ്ത കുടിയേറ്റ ശക്തികേന്ദ്രങ്ങളിലെ വോട്ടർമാർ സൊഹ്റാന് അനുകൂലമായി വോട്ട് ചെയ്തു. അപ്പർ വെസ്റ്റ് സൈഡിലെ ഇടത്തരം വരുമാനപ്രദേശം മംദാനിയുടെ തുരുത്തുകളായി. മിഡ്ടൗണിലെ ഉറച്ച താഴ്ന്നവരുമാനക്കാരുടെ പിന്തുണ മംദാനിക്കായിരുന്നു. ബ്രൂക്ലിനിലും ക്വീൻസിലും താഴ്ന്നവരുമാനമുള്ള ഹാസിഡിക് അയൽപക്കങ്ങൾ അദ്ദേഹത്തിന് വലിയ പോളിങ് നൽകി. മംദാനിയെ സജീവമായി പിന്തുണയ്ക്കുകയും അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ ശ്രമിക്കുകയും ചെയ്ത ആയിരക്കണക്കിന് ന്യൂയോർക്കുകാരോടൊപ്പം എണ്ണമറ്റ ജൂതന്മാരും ചേർന്നു. പാർക്ക് സ്ലോപ്പ്, മോർണിങ്സൈഡ് ഹൈറ്റ്‌സ് പോലുള്ള മതേതരരും കൂടുതൽ പുരോഗമന ചിന്താഗതിക്കാരുമായ ജൂതന്മാർ മംദാനിക്കൊപ്പം നിന്നു.

റിപ്പബ്ലിക്കൻ വംശീയവാദികളും സയണിസ്റ്റുകളും ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്വേഷപ്രചാരണമാണ് മംദാനിക്കെതിരേ നടത്തിയത്. സെപ്റ്റംബർ 11 ആക്രമണത്തിനുശേഷംപോലും മുസ്്ലിം വിരുദ്ധത ഇത്ര സജീവമായി ന്യൂയോർക്ക് രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. എന്നാൽ, മംദാനിയുടെ മുസ്്ലിം സ്വത്വം ലക്ഷ്യംവച്ചുള്ള ഈ അപവാദപ്രചാരണത്തെ സജീവമായും ധൈര്യത്തോടെയും എതിർത്തവരിൽ മുന്നിൽ ന്യൂയോർക്കിലെ ജൂതസമൂഹമായിരുന്നു. ലണ്ടൻ, പാരീസ്, കെയ്റോ, ഇസ്താംബുൾ, തെഹ്റാൻ, ടോക്കിയോ, മെക്‌സിക്കോ സിറ്റി പോലെ വൈവിധ്യമാർന്ന നഗരമാണ് ന്യൂയോർക്ക്. ഓരോ ദിവസവും രാവിലെ ഉണർന്ന് ഈ നഗരത്തെ പ്രവർത്തനക്ഷമമാക്കുന്ന തദ്ദേശീയരായ ന്യൂയോർക്കുകാരുടെയും കുടിയേറ്റക്കാരുടെയും തൊഴിലാളിവർഗത്തെ മംദാനി പ്രതിനിധീകരിച്ചു. പലമേഖലകളിൽനിന്നും മംദാനി നേടിയ വോട്ടുകൾ റിപ്പബ്ലിക്കരിൽനിന്ന് ഡെമോക്രാറ്റുകളിലേക്കുള്ള വ്യക്തമായ മാറ്റത്തെ സൂചിപ്പിച്ചു. മംദാനിയുടെ ഡെമോക്രാറ്റിക് സോഷ്യലിസം യു.എസ് ജനത പൊതുവെ സ്വീകരിക്കുന്ന ഒന്നാണെന്ന് കരുതാനാവില്ലെങ്കിലും ഡെമോക്രാറ്റുകളെ, പരമ്പരാഗത റിപ്പബ്ലിക്കൻ മേഖലകളിലേക്ക് തിരികെ കൊണ്ടുവരാൻ പര്യാപ്തമായിരുന്നു.

ലോകത്തിലെ ഏറ്റവും സുരക്ഷിതവും മൂലധന സമ്പന്നവുമായ ഇടങ്ങളിലൊന്നായ ന്യൂയോർക്കിന്റെ ഹൃദയഭാഗത്ത് മംദാനിയുടെ ആവിർഭാവം ആഗോളക്രമത്തിന്റെ വിമർശനമായി നിലകൊള്ളുന്നു. സാമ്രാജ്യത്വ ലിബറലിസത്തിന്റെ കോട്ടയ്ക്കുള്ളിലെ കലാപമാണിത്. സയണിസത്തിനു പകരം ഫലസ്തീനുള്ള പിന്തുണ, ഇസ്്ലാമോഫോബിയക്കെതിരായ മുന്നറിയിപ്പ്, പതിറ്റാണ്ടുകളായി അമേരിക്കൻ ജീവിതത്തെ നിർവചിച്ചിരിക്കുന്ന കാർക്കശ്യ കോർപറേറ്റ് യുക്തികളുടെ പൊളിച്ചെഴുത്ത് എന്നിവയാണ് മംദാനിയുടെ വിജയത്തിന്റെ സന്ദേശം. സ്ഥിരത, സർഗാത്മകത, പ്രതിബദ്ധത എന്നിവയിൽ വേരൂന്നിയ കുറ്റമറ്റ പ്രചാരണ പരിപാടിയാണ് മംദാനി നടത്തിയത്. അദ്ദേഹത്തെ സെമിറ്റിക് വിരുദ്ധനും തീവ്രവാദിയുമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന് ബഹുവംശീയരും യുവാക്കളും രാഷ്ട്രീയമായി ഉണർന്നവരുമായ ന്യൂയോർക്കിലെ ജനങ്ങൾ ചെവികൊടുത്തില്ല. ഹോളോകോസ്റ്റിന്റെ ദാരുണമായ ഭാരത്തിൽ കെട്ടിപ്പടുത്ത സയണിസം ശ്രദ്ധാപൂർവം പരിപാലിച്ച പതിവ് വാചാടോപപരമായ ആയുധങ്ങൾ ഗസ്സയിലെ വംശഹത്യയുടെ ഭീകരതയിൽ ക്ഷയിച്ചിരുന്നു. ഇന്ത്യൻ വേരുകളുള്ള മംദാനി ഹിന്ദുത്വത്തെത്തെയും സയണിസത്തെയും തുല്യ വ്യക്തതയോടെ വെല്ലുവിളിച്ചു. ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ മുസ്്ലിം, ഇന്ത്യൻ വംശജനായ മേയറുടെ മുന്നിലുള്ള പാത സുഗമമായിരിക്കില്ല. 

കൂടുതൽ ഇരുണ്ടതായി തോന്നുന്ന ഒരു ലോകത്ത് മംദാനിയുടെ വിജയം വ്യക്തതയുടെ അപൂർവ വെളിച്ചം നൽകുന്നു. സാമ്രാജ്യത്തിന്റെ കണ്ണാടിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. നീതി സ്വപ്‌നം കാണുന്നവർക്ക് മംദാനിയുടെ വിജയം ചരിത്രം ഇതുവരെ അവസാനിച്ചിട്ടില്ല എന്ന സത്യത്തിന്റെ ഓർമപ്പെടുത്തലാണ്.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*