മക്ക: ഈ വര്‍ഷത്തെ ഹജ്ജിനായി നടത്തിയ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സഊദി മന്ത്രിമാര്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി നിരീക്ഷണം നടത്തി. അള്ളാഹുവിന്റെ അഥിതികളായി രാജ്യത്തെത്തുന്ന വിശ്വാസികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കണമെന്ന സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഹജ്ജ് ഉംറ മന്ത്രിയടക്കം വിവിധ വകുപ്പ് മന്ത്രിമാര്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിലെത്തി നിരീക്ഷണം നടത്തിയത്. ഇവിടെയെത്തുന്ന ലക്ഷക്കണക്കിന് ഹാജിമാര്‍ക്ക് സേവനം നല്‍കുന്നതിന് ഹജജ് ടെര്‍മിനല്‍ സജ്ജമായതായി സംഘം വിലയിരുത്തി.
സഊദി ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍, ഗതാഗത മന്ത്രിയും സഊദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി ചെയര്‍മാനുമായ നബീല്‍ അല്‍ അമൂദി, സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹകീം അല്‍ തമീമി എന്നിവരടങ്ങുന്ന സംഘമാണ് നേരിട്ടെത്തി നടപടികള്‍ വിലയിരുത്തിയത്. ഹജ്ജ് സംഘങ്ങള്‍ വന്നിറങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണിനി അവശേഷിക്കുന്നത്.
വിദേശ ഹാജിമാര്‍ വന്നിറങ്ങുന്ന സ്ഥലങ്ങള്‍, ടെര്‍മിനലിലെ ഇതോടനുബന്ധിച്ചുള്ള ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍, സൗകര്യങ്ങള്‍ എന്നിവയും സംഘം പരിശോധിച്ചു വിലയിരുത്തി. ഹാജിമാരെ സ്വീകരിക്കുന്നത് സജ്ജീകരിച്ച ഹൈടെക് സജീകരണങ്ങള്‍ സംബന്ധിച്ച വിവിധ പദ്ധതികളും സംഘം വിലയിരുത്തി. അതത് രാജ്യങ്ങളില്‍ നിന്നും സഊദിയിലേക്കുള്ള ഇമിഗ്രേഷന്‍ വിരലടയാള പരിശോധനകള്‍ പൂര്‍ത്തിയാക്കി എത്തുന്നവര്‍ക്കുള്ള സജ്ജീകരിച്ച ഗെയ്റ്റ് അടക്കമുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ച പാസ്‌പോര്‍ട്ട് വിഭാഗത്തിലെ സോണ്‍ ഫോര്‍, ലോഞ്ച് നമ്പര്‍ 11, എന്നിവയും സംഘം പരിശോധിച്ചു. ഇവിടെ അടുത്തായി പ്രവര്‍ത്തനം തുടങ്ങിയ പുതിയ വിമാനത്താവള പ്രവര്‍ത്തനവും സംഘം വിലയിരുത്തി തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ, സുരക്ഷാ പരിശോധനകള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ചെയ്ത് തീര്‍ക്കുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്ന് ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അല്‍ അമൂദി പറഞ്ഞു
ജിദ്ദ വിമാനത്താവളം കൂടാതെ, മദീന വിമാനത്താവളം വഴിയാണ് വിദേശ ഹാജിമാര്‍ വ്യോമ മാര്‍ഗ്ഗം പുണ്യഭൂമിയിലെത്തുക. കൂടാതെ, കപ്പല്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും എത്തിച്ചേരുന്ന രാജ്യങ്ങളുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഈ മാസം 14 ന് മദീനയിലെത്തും. രണ്ടാം ഘട്ടമാണ് ജിദ്ദ വിമാനത്താവളം വഴിയെത്തുക
Be the first to comment