അധികാര രാഷ്ട്രീയത്തിന്‍റെ അരികു പറ്റി തീവ്ര ഹിന്ദുത്വത്തിന്‍റെ മൂശയില്‍ ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള ശക്തമായ യത്നത്തിലാണ് സമകാലിക ഭാരതത്തിലെ ആര്‍.എസ്.എസ് നിലകൊള്ളുന്നത്. തങ്ങളുടെ സഹയാത്രികന്‍ പ്രധാന മന്ത്രി പദത്തിലേറിയതോടെ ഹിന്ദുത്വ രാഷ്ട്രമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പുകള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം ശക്തി കൂട്ടിയിരിക്കുകയാണ്.അതിന്‍റെ അലയൊലികള്‍ ഇന്ന് പല മേഖലയിലും അനുഭവവേദ്യമായിക്കൊണ്ടിരിക്കുകയാണ്.
ഹിന്ദുത്വ വല്‍ക്കരിക്കപ്പെട്ട ഇന്ത്യക്ക് വേണ്ടിയുള്ള മുറവിളികളാണ് ഏത് സംഘ് നേതാക്കള്‍ക്കും അവരുടെ ശില്‍പശാലകളിലും മറ്റും എപ്പോഴും ഉയര്‍ത്താനുള്ളത്.മുസ്ലിംകളാതി വര്‍ഗ്ഗങ്ങള്ക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നും അവര്‍ വിദേശികളാണെന്നുമുള്ള പാടിപ്പഴകിയ ഈരടികള്‍ പൗടി തട്ടിയെടുത്ത് വീണ്ടും രാഗം നല്‍കാനുള്ള വശളത്തരം നിറഞ്ഞ ഏര്‍പ്പാടാണ് സംഘ് നേതൃത്വം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
മോഡിയുടെ അധികാരക്കസേരയുടെ ബലത്തിലാണ് ഈ ഏര്‍പ്പാടുകളെല്ലാമെന്നത് വലിയ വായില്‍ പറയേണ്ടതില്ലല്ലോ.ഏറ്റവുമൊടുവില്‍ നരേന്ദ്രമോഡിയുടെ മന്ത്രിസഭയിലെ സഹമന്ത്രിയായ സാധി നിരഞ്ജന്‍ ജ്യോതി നടത്തിയ വിദ്വേഷ പ്രസംഗമാണ് മോഡി അധികാരമേറ്റെതിന് ശേഷം ആര്‍.എസ്.എസ് നടത്തുന്ന കുഴലൂത്തുകളില്‍ അവസാനത്തേത്. ഇത് ഇതോടെ അവസാനിച്ചു എന്നു വിശ്വസിക്കാന്‍ സംഘ് രാഷ്ട്രീയത്തിന്‍റെ സ്വരമറിയുന്നവര്‍ക്ക് സാധിക്കുകയില്ലെന്നത് മറ്റൊരു കാര്യം.രാമന് പിറന്നവരുടെയോ ഹറാം പിറന്നവരുടെയോ സര്‍ക്കാറാണ് വേണ്ടതെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മുസ്ലിംകളും കൃസ്ത്യാനികളും രാമന്‍റെ മക്കളാണെന്നും അങ്ങനെ വിശ്വസിക്കാത്തവര്‍ ഇന്ത്യക്കാരല്ലെന്നുമാണ് ജ്യോതി ഒരു തെരെഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രഖ്യാപിച്ചത്.
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അംഗ സംഖ്യ ഒരു കോടിയിലെത്തിക്കുക എന്നതാണത്രെ ആര്‍.എസ്.എസിന്‍റെ പുതിയ ലക്ഷ്യം.ഇതിന് വേണ്ടിയുള്ള പരിശ്രമങ്ങളും പരിശീലനങ്ങളും രാജ്യത്തുടനീളം പല മേഖലകള്‍ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുകയാണ്.ബി.ജെ.പി അധികാരത്തിലെത്തിയതോടെ പ്രതിമാസം ഇരുനൂറോളം മാത്രമുണ്ടായിരുന്ന സംഘ് മെമ്പര്‍മാരാകാനുള്ള അപേക്ഷ അയ്യായിരം ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് പ്രാന്ത് പ്രചാരക് പ്രമുഖ് രാജീവ് തുളി വെളുപ്പെടുത്തിയിരിക്കുന്നത്. ‘അതോടൊപ്പം ആര്‍.എസ്.എസിന് ഭരണകൂടം ആവശ്യമില്ല.സംസ്ഥാപനത്തിന്‍റെ നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന 2025 ല്‍ രാജ്യത്തിന്‍റെ ഭാഗദേയം നിര്‍ണയിക്കുന്ന വിധം ആര്‍.എസ്.എസിന്‍റെ ആദര്‍ശം സ്വാധീനം നേടിയിരിക്കും’ എന്നാണ് ആര്‍.എസ്.എസ് നേതാവ് കൂടിയായ ബി.ജെ.പി സെക്രട്ടറി പി.മുരളീധര്‍ റാവു പ്രഖ്യാപിച്ചിരിക്കുന്നത്.
തീവ്ര ഹിന്ദുത്വം കത്തി നില്‍ക്കുന്ന വികാരമാക്കി ജ്വലിപ്പിച്ചു നിറുത്താനാണ് ആര്‍.എസ്.എസ് പ്രമുഖുകളെല്ലാം മനസ്സാ വാചാ കര്‍മ്മാണാ ചെയ്തു കൊണ്ടിരിക്കുന്നത്.കോണ്‍ഗ്രസിന്‍റെ അടിമത്വത്തില്‍ നിന്നും രാജ്യം മോഡിയിലൂടെ സ്വാതന്ത്ര്യം നേടിയിരിക്കുന്നുവെന്നും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ഏറ്റവും എളുപ്പവും സൗകര്യവുമുളള സമയവും സന്ദര്‍ഭവുമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്നും പറഞ്ഞു പ്രചരിപ്പിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് എല്ലാ സംഘ് നേതാക്കളും.
ഒരു ഭാഗത്ത് ആര്‍.എസ്.എസ് നേതൃത്വം അണിയറയില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ മോഡിയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി തന്നെ കാവി വല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.അധികാരമേറ്റ് അധികനാള്‍ പിന്നിടുന്നതിന് മുമ്പേ എത്രയോ ഉദാഹരണങ്ങള്‍ ജനാധിപത്യ ഇന്ത്യക്ക് കയ്യും കെട്ടി നോക്കി നിന്ന് അംഗീകരിക്കേണ്ടി വന്നു.വിദ്യാഭ്യാസ മേഖലയും ചരിത്രവും കാവി വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞാല്‍ ഒരു നാടിന്‍റെ അസ്തിത്വം തന്നെ മാറ്റിയെഴുതപ്പെടുമെന്നുള്ളത് പച്ചയായ യാഥാര്‍ത്ഥ്യമാണല്ലോ.സ്മൃതി ഇറാനിയെന്ന സംഘ് സഹയാത്രികയെ മാനവിക വിഭവ ശേഷി മന്ത്രാലയത്തിന്‍റെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരുത്തി പാഠ്യപദ്ധതിയൊന്നാകെ കാവി വല്‍ക്കരിക്കാനുളള തീവ്ര ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.സംസ്കൃതം പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കണമെന്ന തീരുമാനം ഇതിന്‍റെ ഭാഗമാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.ഘട്ടം ഘട്ടമായുള്ള ആശയ പ്രചരണപ്രവര്‍ത്തനങ്ങള് സ്വന്തം ഭാഷാ പഠനം വ്യാപിക്കുന്നതിലൂടെ തന്നെയാണല്ലോ തുടക്കം കുറിക്കേണ്ടത്.തുടക്കത്തില്‍ ഇത് പ്രതിഷേധച്ചൂട് കാരണം മാറ്റി വെച്ചെങ്കിലും കൂടുതല്‍ ഉഗ്രരൂപം പ്രാപിച്ച് മറ്റേതെങ്കിലും വിധത്തില്‍ മടങ്ങിവരുമെന്നത് ഉറപ്പാണ്.കാരണം സംഘ് പ്രത്യയ ശാസ്ത്രം അങ്ങിനെയായിരുന്നു ചരിത്രത്തിലെന്നും.
ആര്‍.എസ്.എസിന്‍റെ സ്ഥാപക ദിനത്തില്‍ സംഘ് ചാലക് മോഹന്‍ ഭാഗവത് സ്വയം സേവകരോട് നടത്തിയ പ്രസംഗം ഔദ്യോഗിക ചാനലായ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തതിന് പിന്നില്‍ അതിന്‍റെ മേധാവിയായി പുതുതായി അവരോധിതനായ സൂര്യപ്രകാശായിരുന്നു എന്നതാണല്ലോ യാഥാര്‍ത്ഥ്യം.ഇദ്ദേഹം ആര്‍.എസി.എസിന്‍റെ വളര്‍ത്തുപുത്രനാണ് താനും.രാജ ഭക്തി പ്രകടിപ്പിക്കേണ്ടത് പ്രജകള്‍ക്ക് അനിവാര്യമാണല്ലോ.പക്ഷെ കുമ്പിടാന്‍ പറയുമ്പോഴേക്കും മുട്ടിലിഴയുന്ന പ്രകൃതക്കാരായ സൂര്യ പ്രകാശിനെ പോലെയുള്ളവരാണ് സംഘ് നേതാക്കളുടെ ബലത്തിന് നിദാനവും.
അതുപോലെത്തന്നെ ചരിത്ര കൗണ്‍സില്‍ മേധാവിയായി തെരെഞ്ഞെടുക്കപ്പെട്ട സുദര്‍ശന്‍ റാവുവും തീവ്ര ഹൈന്ദവതക്ക് കുഴലൂത്ത് പാടുന്ന വ്യക്തിയാണ്.ഇന്ത്യയില്‍ നില നിന്ന ജാതീവ്യവസ്ഥയുടെ മാരകമായ അപകടങ്ങളെ മുഴുവന്‍ തൃണവല്‍ക്കരിച്ചുകൊണ്ട് അതിനെ പുകഴ്ത്താനായിരുന്നു അദ്ധ്യക്ഷനായി നിയമിതനായ ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ അദ്ദേഹം ശ്രമം നടത്തിയത്.ഹൈന്ദവ സനാതന മൂല്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ചരിത്രത്തെ പുനരവതരിപ്പിക്കുക എന്ന ദൗത്യമാണ് അദ്ദേഹത്തെ ആത്യന്തികമായി ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ രീതിയില്‍ ഔദ്യോഗികമായ പല സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കാവി രാഷ്ട്രീയം അതിജീവനത്തിന്‍റെ പാതയിലൂടെ മുന്നേറാനുള്ള കുത്സിത ശ്രമത്തിലാണ് ഇന്നുള്ളത്.
ഇന്ത്യന്‍ ദേശീയതയാണ് ആര്‍.എസ്.എസ് അഭിമുഖീകരിക്കുന്ന പ്രശ്നം.അത് ഹിന്ദുത്വ വല്‍ക്കരിക്കപ്പെടുന്നത് അവര്‍ പ്രവര്‍ത്തന ഗോഥയില്‍ സജീവമായി നിലകൊള്ളുക തന്നെ ചെയ്യും.അധികാരം രാഷ്ട്രീയത്തിന്‍റെ പിന്‍ബലമുണ്ടെങ്കില്‍ പ്രത്യേകിച്ചും.ജര്‍മ്മനിയിലെ ഫാസിസവും ഇറ്റലിയിലെ നാസിസവുമെല്ലാം ഹിറ്റ്ലറിന്‍റെയും മുസോളിനിയുടെയും പിന്തുണയുണ്ടായത് കൊണ്ടാണല്ലോ തീവ്ര രൂപം കാണിച്ചത്.മോഡി ഇന്ത്യയില്‍ മറ്റൊരു ഹിറ്റ്ലറും മുസോളിനിയുമാകാന്‍ അണിയറക്ക് പിന്നില്‍ നിന്നും പുറത്തു വന്ന് പ്രത്യക്ഷമായി നിന്നു കൊടുക്കുമോ എന്നാണിനിയറിയാന്‍ ബാക്കിയുള്ളത്.
ഇന്ത്യയില്‍ സെക്കുലര്‍ ഭരണഘടന നില നില്‍ക്കുന്നിടത്തോളം കാലം ആര്‍.എസി.എസിന്‍റെ മോഹം സ്വപ്നമായിത്തന്നെ തുടരുമെന്ന് നമുക്ക് സമാധാനിക്കാമെങ്കിലും നാളെത്തന്നെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി കാണണമെന്ന മോഹം ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പോലുമില്ലെന്നത് നാം വിസ്മരിക്കരുത്.കാലക്രമേണ തങ്ങളുടെ ദൗത്യം വിജയിപ്പിച്ചെടുക്കുകയാണവരുടെ പ്രഥമ ലക്ഷ്യം.സവര്‍ക്കറും ഹെഡ്ഗേവാറും തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കുന്നത് വരെ അവര്‍ ശ്രമം തുടരുമെന്നതുറപ്പാണ്.അതിലേക്കുള്ള ഓരോ ചുവടുവെപ്പുകളും എളുപ്പമാക്കുകയും വഴിവക്കിലെ തടസ്സങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുകയുമാണ് ഓരോ സംഘ് പ്രവര്‍ത്തകന്‍റെയും ലക്ഷ്യമായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്.അത്തരം ശ്രമങ്ങളായാണ് ഇന്നത്തെ നീക്കുപോക്കുകളെ വായിക്കേണ്ടതും വിലയിരുത്തേണ്ടതും.
ലോക് സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യ സഭയില്‍ അതില്ലാത്തത് മോഡിക്ക് പല കാര്യങ്ങള്‍ നടപ്പാക്കുന്നതിനും തടസ്സമായി നിലനില്‍ക്കുന്നുണ്ട്.കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനത്തിലൂടെ വേരോട്ടം നേടാനും ഭാവിയില്‍ നേട്ടം കൊയ്യാനുമുള്ള തീവ്ര യത്നത്തില്‍ നിശബ്ദമായി ഏര്‍പ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറേയായി.പല കേന്ദ്രങ്ങളിലും കഴിഞ്ഞ വിധിയെഴുത്തുകളില്‍ അതിന്‍റെ ഫലം കാണാന്‍ സാധിക്കുകയുമുണ്ടായി.
താഴ്ന്ന ജാതിക്കാരും പിന്നാക്ക വിഭാഗങ്ങളും കുടിയേറിപ്പാര്‍ക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് തീവ്ര ഹൈന്ദവത പ്രചരിപ്പിക്കുകയും മുസ്ലിങ്ങളും കൃസ്ത്യാനികളുമടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ നാടിനാപത്താണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന നിഗൂഢമായ ചെയ്തികള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്നുണ്ട്.ഹിന്ദുത്വം കര്‍മ്മനിരതം(ഹിന്ദുത്വ അറ്റ് വര്‍ക്ക്) എന്ന ഹെഡിംഗില്‍ ഫ്രണ്ട് ലൈന്‍ പുറത്തിറക്കിയ ഒരു പ്രത്യേക പതിപ്പില്‍ ആദിവാസികളുടെ ഹൃദയ ഭൂമിയുടെ കാവി വത്കരണം (സാഫ്രണൈസിംഗ് ദ ട്രൈബല്‍ ഹാര്‍ട്ട്ലാന്‍റ്സ്) എന്ന പേരിലുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഭീകരമായ പല യാഥാര്‍ത്ഥ്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്.
മധ്യപ്രദേശിലെ ആദിവാസി മേഖലയായ ജാബുവയില്‍ ആര്‍.എസ്.എസ് വീട്ടില്‍ നിന്ന് വീട്ടിലേക്ക്,വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് ,ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് എന്ന ബാനറില്‍ ഒരു കാമ്പയിന്‍ നടത്തുകയുണ്ടായി.നാലായിരം ആര്‍.എസ്.എസ് വളണ്ടിയര്‍മാരാണ് അന്ന് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്.ഓരോ ആദിവാസികുടിലിലും ഓരോ ഹിന്ദു ദൈവങ്ങള്‍ അവര്‍ പ്രതിഷ്ഠിച്ചു.ഓരോ ആദിവാസിയുടെയും കഴുത്തില്‍ ഹനുമാന്‍ ചിത്രമുള്ള ഹാരങ്ങളും അണിയിച്ചു.കാമ്പയിന്‍റെ അവസാനം രണ്ടര ലക്ഷം ആദിവാസികളെ പങ്കെടുപ്പിച്ചു കൊണ്ട് ഹിന്ദു മഹാ സംഗമവും നടത്തുകയുണ്ടായി.
ഇപ്രകാരം രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ ഭഗ്പുര ഗ്രാമത്തില്‍ ഘര്‍വാപസി എന്ന (ബാക്ക് ടു ഹോം) പ്രോഗ്രാം സംഘടിപ്പിച്ചു.അറുനൂറ്റി അന്‍പത് ആദിവാസി കൃസ്ത്യാനികളെ ഹിന്ദു മതത്തിലേക്ക് തന്നെ പുന;പരിവര്‍ത്തനം ചെയ്യിക്കുന്നതായിരുന്നു ചടങ്ങ്.ഹൈന്ദവതയെ മുറുകെ പിടിക്കണമെന്നും ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കരുതിയിരിക്കണമെന്ന് ഉണര്‍ത്തുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. പല പ്രദേശങ്ങളില്‍ നിന്നും മുസ്ലിങ്ങളെയും കൃസ്ത്യാനികളെയും ആട്ടിയോടിച്ചുകൊണ്ടാണ് ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഒറീസയിലെ സംഘ് പരിവാറിന്‍റെ ന്യൂനപക്ഷ വേട്ടയും ഹിന്ദുത്വത്തിന്‍റെ നവീകരണ ശ്രമങ്ങളും നാമേറെ അറിഞ്ഞതാണല്ലോ.ഇവിടെ സംഘ് പരിവാറിന്‍റെ ആദിവാസി കാവി വത്കരണ പ്രക്രിയയുടെ നേതാവായിരുന്നു മാവോയിസ്റ്റുകളാല്‍ കൊല ചെയ്യപ്പെട്ട സ്വാമി ലക്ഷ്മണാനന്ദ.അറുപത് ഗോത്ര വര്‍ഗങ്ങളിലായി ഏഴു മില്യണ്‍ ആദിവാസികളുള്ള ഒറീസയില്‍ അവരെ ബി.ജെ.പിയുടെ വോട്ട് ബാങ്കുകളായി നിലനിറുത്താനുള്ള കുത്സിത ശ്രമങ്ങളാണ് ഉടനീളം അരങ്ങേറുന്നത്.ചത്തീസ് ഗഢിലും ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം ഈ രീതിയില്‍ ഇന്ത്യയെ ഹിന്ദുത്വവല്‍ക്കരിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ചെറിയ ചെറിയ ചുവടുവെപ്പുകള്‍ നടത്തുന്നുണ്ട്.(ഇതിനെക്കുറിച്ച് വിശാലമായി സംഘ് പരിവാര്‍ വര്‍ഗീയ ഫാഷിസവും വിദേശ ഫണ്ടിംഗും എന്ന കൃതിയില്‍ സദ്റുദ്ദീന്‍ വാഴക്കാട് സൂചിപ്പിക്കുന്നുണ്ട്)
ആര്‍.എസ്.എസിന്‍റെ പ്രത്യയശാസ്ത്രം ഇന്ത്യാമഹാരാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് കടക വിരുദ്ധമാണ് എന്നതാണ് പൊതു സമൂഹത്തിനിടയില്‍ ആ സംഘടന എതിര്‍ക്കപ്പെടുന്നതിനുളള പ്രധാന കാരണം.മാനവികതയോട് തന്നെ യുദ്ധം പ്രഖ്യാപിക്കുന്ന സമീപനമാണ് അവര്‍ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ ദേശീയതക്ക് പിന്നില്‍ ഒരു ബഹു മത പശ്ചാത്തമാണുള്ളത് എന്ന യാഥാര്‍ത്ഥ്യം അവഗണിക്കുകയാണ് ആര്‍.എസ്.എസ് ചെയ്യുന്നത്. ആര്യേതരമായ അതിപ്രാചീന സംസ്കാരവും വൈദിക സംസ്കാരവും തമ്മിലുണ്ടായ സംശ്ലേഷണത്തിലൂടെയാണ് ഇന്ത്യന്‍ സംസ്കാരം വികസിച്ചത്.ആ സംശ്ലീത സംസ്കാരത്തിന് ഹിന്ദുക്കള്‍ മാത്രമല്ല,മുസ്ലിങ്ങളും കൃസ്ത്യാനികളും പാര്‍സികളുമെല്ലാം സംഭാവന നല്‍കിയിട്ടുണ്ട്. (ഭാരതീയ ചിന്ത,കെ ദാമോദരന്‍)
ഈ ദേശീയത രൂപം കൊണ്ടതിന് പിന്നിലെ ഘടകങ്ങളെ അവഗണിച്ച് തള്ളുന്നതിന് പിന്നിലെ അപകടത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. ഡോക്ടര്‍ രാധാകൃഷ്ണന്‍ ഇന്ത്യയുടെ ആത്മാവിനെ വിവരിക്കുന്നത് കാണുക;ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരിക്കുമെന്ന് പറയുമ്പോള്‍ അദൃശ്യമായ ഒരു ആത്മാവിന്‍റെ യാഥാര്‍ത്ഥ്യത്തെയോ ജീവിതത്തില്‍ മതത്തിന്‍റെ പ്രസക്തിയെയോ നാം നിരാകരിക്കുകയോ മത രഹിതത്വത്തെ മാനിക്കുകയോ ചെയ്യുകയാണെന്ന് അതിനര്‍ത്ഥമില്ല.മത നിരപേക്ഷത തന്നെ ഒരു വാസ്തവിക മതമായി തീരുന്നുവെന്നോ രാഷ്ട്രം ദിവ്യമായ പ്രത്യേകാധികാരങ്ങള്‍ ഏറ്റെടുക്കുന്നുവെന്നോ ഉള്ള അര്‍ത്ഥവും അതിനില്ല.ഇന്ത്യന്‍ പാരമ്പര്യത്തിന്‍റെ അടിസ്ഥാന തത്വം ഈശ്വര വിശ്വാസമാണെങ്കിലും ഇന്ത്യാരാജ്യം ഒരു മതവുമായി ഇണങ്ങിച്ചേരുകയോ അതിന്‍റെ നിയന്ത്രണത്തിന് വിധേയമാകുകയോ ചെയ്യില്ല.ഇവിടെ നിര്‍വചിക്കപ്പെട്ട മതേതരത്വം ഇന്ത്യയുടെ പൗരാണിക മത പാരമ്പര്യത്തിന് അനുസൃതമാണ്.വ്യക്തിപരമായ ഗുണങ്ങളെ സംഘബോധത്തിന് അടിയറ വെക്കാതെ ഏവരെയു പരസ്പരം രജ്ഞിപ്പിലേക്ക് നയിച്ചു കൊണ്ട് വിശ്വാസികളുടെ പരസ്പര സംസര്‍ഗ്ഗം കെട്ടിപ്പടുക്കാനാണ് അത് ശ്രമിക്കുന്നത്(.ഉദ്ധരണം.എം.വി പൈലി, ഇന്ത്യന്‍ ഭരണഘടന,പേജ് 145)
ഗോള്‍വാള്‍ക്കറിന്‍റെ ചിന്താധാരകളെ എങ്ങനെയാണ് സമകാലിക ലോകത്തിന് ഉള്‍കൊള്ളാനാകുക?അത്രയും കടുപ്പമേറിയ ചിന്തയായിരുന്നുവല്ലോ അദ്ദേഹത്തിന്‍റേത്.ഇന്ത്യയുടെ മഹത്വമായി ലോകത്തുടനീളം ഉയര്‍ത്തിക്കാട്ടപ്പെട്ട നാനത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാടിനെ നിരാകരിക്കുന്ന ഇദ്ദേഹമാണല്ലോ ആര്‍.എസ്.എസിന്‍റെ ആശയ സ്രോതസ്സ്.അദ്ദേഹത്തിന്‍റെ വാക്കുകള്‍ കാണുക;ഹിന്ദുസ്ഥാനിലെ അഹിന്ദുക്കളായ ആളുകള്‍ ഒന്നുങ്കില്‍ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം.ഹിന്ദുമതത്തെ ബഹുമാനിക്കാനും പൂജ്യനീയമായി കരുതാനും പഠിക്കണം.ഹിന്ദു വംശത്തിന്‍റെയും സംസ്കാരത്തിന്‍റെയും മഹത്വവല്‍ക്കരണമല്ലാതെ മറ്റൊരാശയവും ഗൗനിക്കാതെയിരിക്കണം.(വി.അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്,ഗോള്‍വാള്‍ക്കര്‍,പേജ്,55,56)
മറ്റൊരിക്കല്‍ എം.എസ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു;വംശത്തിന്‍റെയും സംസ്കാരത്തിന്‍റെയും വിശുദ്ധി കാത്തുരക്ഷിക്കാന്‍ ജര്‍മ്മനി അവിടുത്തെ സെമിറ്റിക്ക്വംശജരെ(ജൂതന്മാരെ)ഉന്മൂലനം ചെയ്തുകൊണ്ട് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. വംശാഭിമാനത്തിന്‍റെ ഉന്നത മാതൃക അവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നു. ഹിന്ദുസ്ഥാനില്‍ നമുക്ക് പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ നല്ല ഒരു പാഠമാണിത്.(വി ഓര്‍ അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്,ഗോള്‍വാള്‍ക്കര്‍)
യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വവും ഹിന്ദുമതവും തമ്മില്‍ പ്രകടമായ വൈരുദ്ധ്യമുണ്ട്.ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്‍റെ വ്യാപനമാണ് ഇന്ത്യക്ക് അപകടം.ഡോക്ടര്‍ എന്‍.വി.പി ഉണ്ണിത്തിരി പറയുന്നത് കാണുക;വിശാലവും വൈവിധ്യപൂര്‍ണവും വൈചിത്ര സങ്കുലവു വൈരുദ്ധ്യ സങ്കീര്‍ണ്ണവുമായ ഹിന്ദുമതവുമായി ഹിന്ദുത്വത്തിന് യാതൊരു വിധ ബന്ധവുമില്ല.ഹിന്ദുത്വം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്.മതത്തെയും ദൈവ വിശ്വാസത്തെയും ഉപയോഗിച്ച് കൊണ്ടുള്ള വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്‍റെ പ്രത്യയശാസ്ത്രം.അന്യമത വിദ്വേഷത്തിലും അധ;കൃത ജാതി വിദ്വേഷത്തിലും അധിഷ്ഠിതമായ സമ്പന്ന വര്‍ഗ താല്‍പര്യ സംരക്ഷണ ലക്ഷ്യമുള്ള പ്രത്യയ ശാസ്ത്രം.ജാതി മത വികാരങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള ഇന്ത്യയില്‍ അവയെ സമര്‍ത്ഥമായി മുതലെടുത്തുകൊണ്ട് ,സാമ്രാജ്യത്വത്തിന്‍റെ ഒത്താശയോടെ ഇവിടെ അധികാരം പിടിച്ചെടുക്കാന്‍ ,കൊണ്ടുപിടിച്ച് ശ്രമിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രം യഥാര്‍ത്ഥമായ ജനാധിപത്യത്തെയും മത നിരപേക്ഷതയെയും തുരങ്കം വെച്ചുകൊണ്ട് മാത്രമേ സ്വന്തം പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയൂ എന്നതിനാല്‍ ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ക്കെതിരായി ഗൂഢമായി കരുക്കള്‍ നീക്കുന്ന വര്‍ഗ്ഗീയ ഫാഷിസത്തിന്‍റെ പ്രത്യയശാസ്ത്രം(അവതാരിക,വന്ദേമാതരം,ഹിന്ദുത്വം,ദേശീയത,പേജ് 16)
സംഘ്പരിവാര്‍ സ്ഥാപകരില്‍ പ്രധാനിയായ ബി.എസ് മൂന്‍ജെ മുസ്സോളിനിയുമായി 1931 മാര്‍ച്ച് 19 ന് ഉച്ചക്ക് ശേഷം ഫാഷിസ്റ്റ് ഹെഡ്ഓഫീസ് സ്ഥിതി ചെയ്യുന്ന പാലസോ വെനീസയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് തന്‍റെ ഡയറിക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയത് കാണുക; സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഞാന്‍ അദ്ദേഹവുമായി ഹസ്തദാനം നടത്തി.എന്നെക്കുറിച്ച് പൂര്‍ണ്ണമായും അദ്ദേഹം മനസ്സിലാക്കിയിരുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് അടുത്തറിഞ്ഞത് പോലെയും തോന്നി.ബലില്ലയും മറ്റു ഫാഷിസ്റ്റ് സംഘടനകളും എന്നില്‍ ഏറെ മതിപ്പുളവാക്കി.ഇറ്റലിയുടെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും ഇവ അനിവാര്യമാണ്.
അങ്ങയെക്കുറിച്ചും ഫാഷിസ്റ്റ് സംഘടനകളെക്കുറിച്ചും പത്രങ്ങളില്‍ നിരന്തര വിമര്‍ശനങ്ങള്‍ കാണാറുണ്ടെങ്കിലും എതിര്‍ക്കത്തക്കതായി ഒന്നും കണ്ടിട്ടില്ലെന്നും ഞാന്‍ അറിയിച്ചു.അഭിപ്രായം ഒന്നുകൂടി വ്യക്തമാക്കാന്‍ എനിക്ക് ഏറെ മതിപ്പുണ്ടെന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് ഇത്തരം ഫാഷിസ്റ്റ് സംഘടനകള്‍ അനിവാര്യമാണെന്നും ഞാന്‍ പറഞ്ഞു.എന്‍റെ അഭിപ്രായ പ്രകടനത്തില്‍ അദ്ദേഹം ഏറെ സന്തുഷ്ടനായതുപോലെ തോന്നി..അദ്ദേഹം പറഞ്ഞു;നന്ദി,താങ്കള്‍ ദുഷ്കരമായ ഒരു വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെങ്കിലും ഞാന്‍ അതിന് എല്ലാ വിജയങ്ങളും നേരുന്നു.(ഉദ്ദരണം,സംഘ്പരിവാര്‍ വര്‍ഗീയ ഫാഷിസവും വിദേശ ഫണ്ടിംഗും)
ഇന്ത്യയില്‍ ഹൈന്ദവ ദേശീയത നടപ്പിലാക്കപ്പെടാന്‍ സാധ്യതയുണ്ടോ എന്നതിന് മറുപടിയായി മൂന്‍ജെ അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്;ഇന്ത്യയിലുടനീളം ഹിന്ദുക്കളെ ചിട്ടപ്പെടുത്തുന്നത് വരെ ഇത് പ്രയോഗത്തില്‍ വരുത്താന്‍ കഴിയില്ല.സ്വരാജിന് പഴയകാലത്തെ ശിവജിക്ക് സമാനമായ ഒരു ഏകാധിപതിയോ വര്‍ത്തമാനകാലത്തെ ഹിറ്റ്ലര്‍ മുസ്സോളിനിമാര്‍ക്ക് സദൃശനായ വ്യക്തിയോ ഉണ്ടായിരിക്കണം.എന്നാല്‍ ഇത്തരമൊരു ഏകാധിപതി രംഗത്ത് വരുന്നത് വരെ നമുക്ക് നിഷ്ക്രിയരായിരിക്കാന്‍ കഴിയുകയില്ല.ഒരു ശാസ്ത്രീയ പദ്ധതിക്ക് രൂപം നല്‍കി അതിന്‍റെ പ്രചാരണം തുടങ്ങേണ്ടിയിരിക്കുന്നു.(സംഘ്പരിവാറിന്‍റെ വിശ്വരൂപം;സദ്റുദ്ദീന്‍ വാഴക്കാട്)
ചുരുക്കത്തില്‍ ഇന്ത്യന്‍ ദേശീയത ബഹുസ്വരയുടെ സൃഷ്ടിയാണ്.വിവിധ ഘടകങ്ങള്‍ സമജ്ഞസമായി സമ്മേളിച്ചതിന്‍റെ ഫലമായാണ് അത് രൂപപ്പെട്ടത്.അതിനെ അവഗണിക്കുകയല്ല വേണ്ടത്.അതിന്‍റെ നിലനില്‍പ്പിന് വേണ്ട ശ്രമങ്ങള്‍ നടത്തുകയാണ് വേണ്ടത്.ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ ഫാഷിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനെതിരെ ഒന്നിക്കുമ്പോള്‍ മാത്രമേ ഫലം പ്രതീക്ഷിക്കാന്‍ വകയുള്ളൂ.പൊതു ശത്രുവിനെതിരെ തിരിയുമ്പോഴും ചേരിതിരിവ് രാഷ്ട്രീയം കളിക്കുന്നത് ജനാധിപത്യത്തിന്‍റെ ഭാവിക്ക് അപകടം ചെയ്യുമെന്നത് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ നാം കണ്ടറിഞ്ഞതാണല്ലോ.
Be the first to comment