മുഖ്യധാരയെ ചേര്‍ത്തുപിടിച്ച മുസ്ലിം ലോകം

പി. മുഹമ്മദ് റഹ്മാനി മഞ്ചേരി

ഇസ്ലാമിക പാരമ്പര്യത്തോടും മുസ്ലിം മുഖ്യധാരയോടും പുലബന്ധപ്പോലുമില്ലാത്ത ചിലരുടെ ഭീകര, തീവ്ര പ്രവര്‍ത്തനങ്ങളുടെ പേരിലാണ് വര്‍ത്തമാന മുസ്ലിം ലോകം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍കുന്നത്. താലിബാന്‍, അല്‍ഖാഇദ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് സിറിയ(ഐ.എസ്.ഐ.എസ്) നൈജീരിയയിലെ ബോക്കോ ഹറാം, ഫിലിപ്പിന്‍സിലെ അബൂസയ്യാഫ്, സോമാലിയയിലെ അശ്ശബാബ്, പാകിസ്ഥാനിലെ ഹര്‍കത്തുല്‍ മുജാഹിദീന്‍, കശ്മീരിലെ ജയ്ശേ മുഹമ്മദ്, ലശ്കറേ ത്വൈയ്ബ, ഇറാഖിലെ തൗഹീദ് ആന്‍റ് ജിഹാദ്…..തുടങ്ങിയ പേരുകളില്‍ പ്രസിദ്ധമായ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെയ്തികളാണ് പുറംലോകത്ത് ഇസ്ലാമിനെ തെറ്റായി വായിക്കാന്‍ കാരണമായികൊണ്ടിരിക്കുന്നത്.

നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അഭിനയങ്ങളാണ് ഇത്തരം സംഘടനകളില്‍ നിന്ന് കണ്ട്കൊണ്ടിരിക്കുന്നതെന്ന് വിലയിരുത്തപ്പെട്ടിരിക്കുന്നു. ഇസ്ലാമിന്‍റെ വേഷവിധാനങ്ങള്‍ ഈ ആളുകള്‍ ഉപയോഗിക്കുന്നത് ആ മതത്തിനെ വികലമായി ചിത്രീകരിക്കാന്‍ കാരണമായിരിക്കയാണ്. പ്രാകൃത ഗോത്ര സമൂഹങ്ങള്‍ നടപ്പിലാക്കിയിരുന്നതിലേറെ അപരിഷ്കൃത ശിക്ഷാരീതികളാണ് ഇവര്‍ അവലംബിച്ച് കൊണ്ടിരിക്കുന്നത്.

പ്രസ്തുത പ്രസ്ഥാനങ്ങളുടെ ഉല്‍ഭവ കേന്ദ്രങ്ങള്‍ അന്വേഷിക്കുമ്പോഴാണ് ഇസ്ലാമിക വിരുദ്ധരുടെ സൃഷ്ടിയാണ് ഇതെല്ലാം എന്ന് മനസ്സിലാവുക. ഏറ്റവുമൊടുവില്‍, ഖിലാഫത്തിന്‍റെ പേരില്‍ ഭീകരതാണ്ഡവമാടി ആയിരങ്ങളെ കൊന്നൊടുക്കുകയും സകല ഇസ്ലാമിക ശേഷിപ്പുകളേയും തച്ചുതകര്‍ക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന ഐസിസി നെ കുറിച്ച്  മുസ്ലിം പൊതുസമൂഹത്തോടുളള സമീപനവും മുഖ്യധാരാ മുസ്ലിംകളൊടുമുളള ബന്ധവും വിലയിരുത്തിയാല്‍ മാത്രം മതി, ഖിലാഫത്തിന്‍റെ സംസ്ഥാപനത്തില്‍ അവരുടെ ആത്മാര്‍ത്ഥത മനസ്സിലാക്കാന്‍. 

ഇസ്ലാമിക പൈതൃകങ്ങളും സ്മാരകങ്ങളും തച്ച് തകര്‍ത്തും മുസ്ലിം പൊതു സമൂഹത്തെ കൊന്നൊടുക്കിയും അക്രമിച്ചും ഇക്കണ്ട കാലമത്രയും, ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെപ്പോലെ ഹാലിളകി നടന്നിരുന്ന, പരിഷ്കരണത്തിന്‍റെ പേരില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള മുസ്ലിംകളിലെ നവസംഘടനകളുടെ പാരമ്പര്യം തന്നെയാണ് ഇപ്പോഴുളള ഭീകര, തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കുമുളളതെന്ന് മനസ്സിലാക്കാന്‍ സാധിക്കും  ഐസിസ് ഖിലാഫത്ത് പുന:സ്ഥാപനത്തിന് തിരഞ്ഞെടുത്തിരിക്കുന്ന ഭൂമിക ഇറാഖും സിറിയയും യമനുമടങ്ങുന്ന ഇസ്ലാമിന്‍റെ സംസ്കാരം നിറഞ്ഞ് നില്‍കുന്ന പ്രദേശങ്ങളെയാണ്. അവിടെ പൊളിച്ചടക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും ഇസ്ലാമിന്‍റെ പൈതൃകങ്ങളും ചരിത്രസ്മാരകങ്ങളുമാകുന്നത് സ്വാഭാവികമാണ്. കൊന്നൊടുക്കപ്പെടുന്നത് മഹാഭൂരിപക്ഷം മുസ്ലിംകളുമാണ്. അതും സുന്നികള്‍. കൃസ്ത്യാനികളും യസീദികളും ശിയാക്കളുമെല്ലാമുണ്ടെങ്കിലും സുന്നികളായ നിരവധി പണ്ഡിതന്മാരും സധാരണക്കാരുമായി കൊല്ലപ്പെട്ടവരുടെ എണ്ണത്തോളം ഒരു പക്ഷേ, അവരെല്ലാവരേയും കൂട്ടിയാലും എത്തുകയില്ല.

ബാബിലോണിയയുടെയും മെസപ്പൊട്ടോമിയയുടെയും സുമേരിയയുടെയും മഹാസംസ്കരങ്ങള്‍ കൊണ്ട് സമ്പന്നമായ ഇറാഖില്‍ കൃത്രിമ ഖിലാഫത്തിന്‍റെ കാട്ടാളക്കൂട്ടമായ ഐസിസ്  നടത്തിയ കര്‍സേവയാല്‍ പ്രദേശമാകെ വികൃതമാക്കപ്പെട്ടിരിക്കയാണ്.  ഇസ്ലാമിന്‍റെ സാംസ്കാരിക സിമ്പലുകളെ തച്ചുതകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ആ ഭീകര സംഘടനക്ക് പറയാനുളളത്, ശിര്‍ക്കിനെതിരെയുളള തൗഹീദിന്‍റെ മുന്നേറ്റമെന്നാണെത്രെ!. ഇറാഖിലെ ചരിത്രപ്രാധാന്യമുളള സ്മാരകമായ മൊസൂളിലെ മ്യൂസിയവും, ബി.സി പതിനാലാം നൂറ്റാണ്ടില്‍ സ്ഥാപിതമായ നംറൂദ് നഗരവും തല്ലിത്തകര്‍ക്കാന്‍ പറഞ്ഞ കാരണം അവിടെ ശിര്‍ക്കിന്‍റെ ബിംബങ്ങളും പാഗനിസത്തിന്‍റെ സിമ്പലുകളുമുണ്ടെന്നായിരുന്നു.

എന്നാല്‍, മൊസൂളില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ യൂനുസ് നബി(അ)യുടെയും ദാനിയല്‍ പ്രവാചകരുടെയും ഖബറുകള്‍ക്ക് മുകളിലൂടെ 2014 ജൂലൈ 24 ന് ഐസിസ് താണ്ഡവം നടന്നതും വിശ്വവിഖ്യാത പണ്ഡിതന്‍ ഇമാം നവവി(റ) യുടെയും ആത്മീയ ചക്രവര്‍ത്തി അഹ്മദുല്‍ കബീര്‍രിഫാഈ(റ)യുടെയും മസാറുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ച് നിരത്തിയതും ശിര്‍ക്കിന്‍റെ എന്ത് സിമ്പലുകളുളളത് കൊണ്ടാണാവോ!.  എ.ഡി 636 ല്‍ സഅദ് ബിന്‍ അബീ ബഖാസ്(റ) നടത്തിയ വിപ്ലവത്തിലൂടെ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിതമായ ഖാദിസിയ്യയുടെ മണ്ണാണ് ഇറാഖെന്നുളളത് ഇപ്പോഴത്തെ ഖിലാഫത്ത് വക്താക്കള്‍ ഓര്‍ക്കേണ്ടതായിരുന്നു. അന്ന് പേര്‍ഷ്യന്‍ സാസാനിദ് സാമ്രാജ്യത്തിന്‍റെ കഴുത്തറുത്തിട്ട ആ മഹത്തുക്കള്‍ പക്ഷേ, അവിടുത്തെ സാംസ്കാരിക ചിഹ്നങ്ങളില്‍ കൈ വെച്ചില്ല. ഖലീഫാ ഉമര്‍(റ)ന്‍റെ പ്രതിനിധികളായി ഇറാഖിലെത്തിയ മഹാന്മാരായ സ്വഹാബത്ത് നംറൂദിയന്‍ നഗരവും യൂനൂസ് പ്രവാചകരുടെ ഖബറിടവും അതേപടി ശേഷിപ്പിക്കുന്നതിലൂടെ സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ സാംസ്കാരിക വിളംബരങ്ങളെ നിലനിറുത്തുകയായിരുന്നു  ചെയ്തത്. അവര്‍ക്കൊന്നും തിരിഞ്ഞിട്ടില്ലാത്ത തൗഹീദും ശിര്‍ക്കും ഇപ്പോഴുളളവര്‍ക്കു മനസ്സിലാകുന്നതിലാണ് വലിയ അല്‍ഭുതം.

ഈജിപ്തിന്‍റെ ചരിത്ര പ്രധാന്യം ഭീമാകരമായ പിരമിഡുകളാണ് പറഞ്ഞു തരുന്നതെന്ന് അറിയാത്തവരില്ല. എന്നാല്‍, അവിടെയും ഇസ്ലാമിക ഖിലാഫത്തിന്‍റെ വെന്നിക്കൊടി പാറിക്കളിച്ച ദിനങ്ങള്‍ കഴിഞ്ഞ് പോയത് ഇന്നത്തെ ഖിലാഫത്ത് കര്‍സേവകര്‍ അറിയുമാവോ. എ.ഡി 640 ല്‍ പ്രവാചക ശിഷ്യന്‍ മഹാനായ അംറ് ബിന്‍ ആസ്(റ) വിന്‍റെ പ്രബോധനത്തിലൂടെയാണ് അവിടെ ഇസ്ലാമെത്തുന്നത്. അവരാരെങ്കിലും ഇസ്ലാമിക ഖിലാഫത്തിന്‍റെ പേരില്‍ അതെല്ലാം തച്ച് തകര്‍ത്തിരുന്നുവെങ്കില്‍ ഈജിപ്തിന്‍റെ സാംസ്കാരിക പ്രതാപങ്ങള്‍ എന്നോ അസ്തമിക്കേണ്ടതായിരുന്നില്ലേ. ‘എ.ഡി 634 ല്‍ സ്വഹാബീ പ്രമുഖന്‍ ഖാലിദ് ബിന്‍ വലീദിന്‍റെ നേതൃത്വത്തില്‍ സിറിയയും ഡമാസ്കസും കീഴടക്കിയ മുസ്ലിംകള്‍, പിന്നീട് (എ.ഡി 706) വിശ്വവിഖ്യാതമായ ഡമാസ്കസ്പള്ളി പണിതത് ബൈസന്‍റിയന്‍ കത്തീഡ്രല്‍ സ്ഥിതിചെയ്തിരുന്ന ഇടത്താണ്.  ആ കത്തീഡ്രലിനകത്തായിരുന്നു ക്രൈസ്തവ സമൂഹം യോഹന്നാ പ്രവാചകന്‍ എന്നു വിളിക്കുന്ന യഹ്യാ നബി(അ) യുടെ ഖബറിടം. ഒരു ഒത്തുത്തീര്‍പ്പു ചര്‍ച്ചയുടെ ഫലമായി അവിടെ മുസ്ലിംകള്‍ ജാമിഉ ദിമിശ്ഖ് പണിതപ്പോള്‍ അത് പളളിയുടെ അകത്തായി. പിന്നീട് മുസ്ലിംകള്‍ അതിനെ പരിപാലിച്ചു പോരുകയും, സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയെ പോലുളള ചരിത്രപുരുഷന്മാര്‍ അതിന്‍റെ അരികത്ത് അന്ത്യവിശ്രമസ്ഥാനം തെരഞ്ഞെടുക്കുകയും ചെയ്തു.

2013 ല്‍ സിറിയന്‍ പ്രസിഡണ്ട് അസദിനെതിരെ നടന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി സലഫീ-ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ നടത്തിയ അക്രമങ്ങളില്‍ ചില കേടുപാടുകള്‍ സംഭവിക്കുന്നതുവരെ ഇതായിരുന്നു അവസ്ഥ, യഹ്യാ നബി(അ)യുടെ ഖബ്റിടത്തില്‍ തന്നെ പള്ളിയുണ്ടാക്കിയ, ഉത്തമ നൂറ്റാണ്ടിലെ സത്യവിശ്വാസികള്‍ക്കു പോലും തൗഹീദില്‍ പിഴവു സംഭവിച്ചെന്നു പറഞ്ഞാണ് അവര്‍ ഇയ്യിടെ ജാമിഉ ദിമിശ്ഖില്‍ പോലും സ്ഫോടനം നടത്തിയത്!(മുസ്ലിംകളെ കൊന്നുതിന്നുന്ന ഇസ്ലാമിക ഖിലാഫത്ത്, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍) ഐസിസ് അടക്കമുളള തീവ്രവാദ, ഭീകരവാദ സംഘക്കാരില്‍ കാണുന്ന അക്രമാസക്തതയും, സംഹാരാത്മകതയും എവിടെനിന്ന് ഉടലെടുത്തുവെന്നന്വേഷിച്ചവര്‍ക്ക്, പതിനെട്ടാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ഉടലെടുത്ത വഹാബീ പ്രസ്ഥാനത്തിലേക്ക് എത്തിച്ചേരേണ്ടിവന്ന പുതിയ പഠനങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

വഹാബിസത്തിന്‍റെ നേര്‍പകര്‍പ്പുകളായ, ഇതര രാജ്യങ്ങളില്‍ വ്യത്യസ്ഥ പേരുകളിലറിയപ്പെടുന്ന പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഇന്ന് നിരീക്ഷണത്തിലാണെന്നതും മുഖ്യധാരാമുസ്ലിംകളായ സുന്നികള്‍ക്ക് ഇവരുമായി പങ്കില്ലെന്ന വാര്‍ത്തകളും മുഖവിലക്കെടുക്കേണ്ടതാണ്.  സലഫിസ്റ്റുകളാണ് തങ്ങളെന്ന് സ്വയം പരിചയപ്പെടുത്തുന്ന പരിഷ്കരണത്തിന്‍റെ പുറംചട്ടയണിഞ്ഞ ഇവര്‍ സുന്നികളെ യാഥാസ്ഥികരും പഴഞ്ചന്‍മാരുമായി മുദ്രകുത്തിയിരുന്നുവെങ്കില്‍ ഐസിസ് പോലോത്ത പ്രസ്ഥാനങ്ങളുടെ ബന്ധം സലഫിസ്റ്റുകളോടാണെന്ന് വന്നതോടെ ന്യായീകരണത്തിനും സംഘടനക്കുള്ളില്‍ പരസ്പരറം കുറ്റപ്പെടുത്തലിനുമാണ് കാരണമായിട്ടുളളത്.

ഐപിഎച്ച് ഈയിടെ പ്രസിദ്ധീകരിച്ച സ’എന്ത്കൊണ്ട് ഐ.എസ് ഇസ്ലാമികമല്ല’ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക: ‘മുന്‍ഗാമികളുടെ വിശുദ്ധ ജീവിതത്തിലേക്ക് തിരിച്ച് പോവുക എന്ന അര്‍ഥത്തില്‍ സലഫി ആശയങ്ങള്‍ ആധുനിക യുഗത്തിലെ ഏതാണ്ടെല്ലാ നവോത്ഥാന സംരംഭങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ഇതാണ് സലഫിസത്തിന്‍റെ മുഖ്യധാര. ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്‍റെയും റശീദ് രിദായുടെയും പിന്തുടര്‍ച്ചയാണ് ഇഖ്വാനുല്‍ മുസ്ലിമീന്‍ എന്നത് ഈയര്‍ഥത്തില്‍ ശരിയുമാണ്. എന്നാല്‍, അക്കാദമിക വ്യവഹാരങ്ങളില്‍ ഇന്ന് സലഫിസം എന്ന വാക്ക് അതിന്‍റെ പഴയ അര്‍ഥത്തില്‍ ഉപയോഗിക്കുന്നേയില്ല. അക്ഷരവാദ(ഹര്‍ഫിയ്യ)ത്തില്‍ കടിച്ചു തൂങ്ങി ഒടുവില്‍ വിയോജിക്കുന്നവരെയെല്ലാം കാഫിറും മുര്‍തദ്ദു(അവിശ്വസിയും മതഭ്രഷ്ടനും)മാക്കുന്ന വഴി പിഴച്ച ഒരു ധാരയുണ്ട്. സലഫി ചിന്തയില്‍ കാലക്രമത്തില്‍ വന്നുചേര്‍ന്ന കടുംപിടിത്തമാണ് അതിന് നിദാനമായത് എന്നതിനാല്‍ സലഫിസമെന്ന് കേള്‍ക്കുമ്പോഴേക്ക് ഈ കടുംപിടിത്തക്കാരെയും തീവ്രവാദികളെയുമാണ് ഓര്‍മ വരിക. സലഫിസത്തെക്കുറിച്ച് അക്കാദമിക പഠനങ്ങളും ആ രൂപത്തിലേക്ക് വഴിമാറി’. ( എന്തുകൊണ്ട് ഐ.എസ് ഇസ്ലാമികമല്ല, പേ:15, അശ്റഫ് കീഴുപറമ്പ്)

ഉദ്ധൃത വരികള്‍ വായിക്കുന്ന ഏതൊരാള്‍ക്കും എഴുത്തുകാരന്‍റെ ഉള്ളിരിപ്പ് മനസ്സിലാകും. മാത്രമല്ല, ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം, പൂര്‍ണ്ണമായി വായിച്ച് തീരുമ്പോള്‍, ഇഖ്വാനുല്‍ മുസ്ലിമൂനയേയും അവരെ പ്രതിനിധീകരിക്കുന്ന കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയേയും രക്ഷപ്പെടുത്താനുളള വ്യഗ്രതയാണെന്നുള്ളത് വ്യക്തമാണ്. ഇത്തരമൊരു ഉദ്ധ്യമത്തിന് മുതിരേണ്ടി വരുന്നതിന്‍റെ നിദാനം ആഗോളതലത്തില്‍ സലഫിസം നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളി ഒന്നുകൊണ്ട് മാത്രമാണ്. നിലവിലെ ഭീകരപ്രസ്ഥാനങ്ങളുടെ ആശയസ്രോതസ്സ് വഹാബിസമെന്നും സലഫിസമെന്നുമൊക്കെ പറയുന്ന പ്രസ്ഥാനത്തിലാണെന്ന് ന്യൂ യോര്‍ക്ക് ടൈംസ് എഴുതുന്നത് കാണുക: “For their guiding principles, the leaders of the islamic state….. are open and clear about their almost exclusive commetment to the wahhabi movement. the group circulates images of wahhabi religious textbooks from saudi arabia in the schools it controls. videos from the groups territory have shown wahhabi texts plastered on the sides of an official missionary van (The New York Times.Retrieved 26 September 2014)”

ഇതിനോട് കൂട്ടിവായിക്കേണ്ടതാണ് ശബാബ് വാരികയുടെ വരികള്‍: ‘ബോക്കോ ഹറാം, അല്‍ ശബാബ്, അല്‍ ഖാഇദ, ത്വാലിബാന്‍ മുതല്‍ ഒടുവിലത്തെ ഐഎസും വഹാബീ മൂവ്മെന്‍റിന്‍റെ വ്യത്യസ്ത പതിപ്പുകളാണ്’ (ശബാബ് 26 ഡിസംബര്‍ 2014) ബ്രിട്ടീഷ് സൃഷ്ടിയായ വഹാബിസത്തിലൂടെ ഇസ്ലാമിന്‍റെ ശത്രുക്കള്‍ പടച്ച് വിട്ട് കൊണ്ടിരിക്കുന്ന ആശയങ്ങളുടെ  കൈമാറ്റങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നതിന്  ഭൂതകാലചരിത്രം സാക്ഷിയാണ്. പരിശുദ്ധ മക്കയിലും മദീനയിലും മറ്റും വഹാബിസം സ്വീകരിക്കാത്തതിന്‍റെ പേരില്‍ ആയിരക്കണക്കിന് പാരമ്പര്യമുസ്ലിംകളെ കൊന്നൊടുക്കിയ ചരിത്രമാണ് വഹാബിസത്തിന്‍റേത്.

അവിടങ്ങളിലുണ്ടായിരുന്ന സാംസ്കാരിക സിമ്പലുകളും ചരിത്രസ്മാരകങ്ങളും തച്ചുതകര്‍ത്തതിന് കണക്കില്ല. ‘ജനത്തുല്‍ ബഖീഅ്, ജന്നത്തുല്‍ മുഅല്ല, തിരുനബിയുടെ മാതാപിതാക്കളുടെ ഖബറിടം, പ്രവാചക പിതൃവ്യന്‍ ഹംസ(റ)യുടെ ഉഹ്ദിലെ ഖബറിടം, തിരുനബി(സ്വ)യുടെ ജډവീട്, ഫാത്വിമ(റ), ഖാസിം(റ), എന്നിവരുടെ ജന്മങ്ങള്‍ക്കും വഹ്യിന്‍റെ പ്രഥമകാലത്തിനും സാക്ഷ്യം വഹിച്ച ഖദീജ(റ)യുടെ വീട്, ഇസ്ലാമിന്‍റെ ആദ്യകാല കേന്ദ്രമായിരുന്ന മക്കയിലെ ദാറുല്‍ അര്‍ഖം, പ്രഥമ ഖലീഫ അബൂബക്കര്‍(റ)ന്‍റെ ഭവനം, പ്രവാചക പൗത്രന്മാര്‍ ജന്മംകൊണ്ട അലി(റ)യുടെ വീട്, ഹംസ(റ), ഫാത്വിമ(റ), ജഅ്ഫര്‍ സ്വദിഖ്(റ) തുടങ്ങിയ പുണ്യപുരുഷന്മാരുടെ നാമധേയത്തില്‍ സ്ഥാപിതമായ നിരവധി മസ്ജിദുകള്‍…….  എല്ലാം ഹിജാസിലെ വഹാബീ കര്‍സേവയില്‍ നാമാവശേഷമായി.

ആയിരത്താണ്ടിലധികം മുസ്ലിം ലോകം ആദരവോടെ പരിപാലിച്ചുകൊണ്ട് നടന്ന വിശുദ്ധ അടയാളങ്ങളാണ് വഹാബിസത്തിന്‍റെ ശ്മശാന വിപ്ലവത്തില്‍ എരിഞ്ഞൊടുങ്ങിയത്.'(മുസ്ലിംകളെ കൊന്നുതിന്നുന്ന ഇസ്ലാമിക ഖിലാഫത്ത്, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍) വഹാബി, സലഫി, ഇസ്വ്ലാഹി, അഹ്ലേഹദീസ്, അന്‍സ്വാറുസുന്ന തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന നവോത്ഥാനവും പരിഷ്കരണവും പറഞ്ഞ് വന്ന എല്ലാവരുടെയും യഥാര്‍ത്ഥ ഐഡിയോളജി ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ട. എന്നാല്‍ പാരമ്പര്യമായി നിലനിന്നു വരുന്ന മുഖ്യധാരാമുസ്ലിംകളെ വിലയിരുത്തുമ്പോള്‍ അവരാണ് യഥാര്‍ത്ഥ ഇസ്ലാമിന്‍റെ അനുയായികളെന്ന് കണ്ടെത്താന്‍ സാധിക്കും.  മൊത്തം മുസ്ലിംകളില്‍ 85 ശതമാനത്തിലധികം പേരും പാരമ്പര്യമുസ്ലിംകളായ സുന്നികളാണ്. അഥവാ, വിശ്വസപരമായി അശ്അരീ, മാതുരീതി ധാരകളില്‍ ഒന്നിനേയും കര്‍മപരമായ കാര്യങ്ങളില്‍ ഹനഫീ, ശാഫിഈ, ഹമ്പലീ, മാലിക്കീ എന്നീ നാലാലൊരു മദ്ഹബും സ്വീകരിക്കുന്നവരുമാണ്. ലോകത്തൊട്ടുക്കും പരിശോധിച്ചാല്‍ സുന്നികള്‍ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതായാണ് കാണുക. പാരമ്പര്യമുസ്ലിംകളാണ് സൂഫികള്‍ എന്നത് കൊണ്ടും സുന്നികളെല്ലാം അവരെ അംഗീകരിക്കുന്നവരാണെന്നത് കൊണ്ടും സംഹാരത്തേയും നിരാകരണത്തേയും പരിഗണിക്കാത്തവരാണ് മുഖ്യധാരാ മുസ്ലിംകള്‍.

മുസ്ലിംകളിലെ ഈ മഹാഭൂരിപക്ഷത്തെ നബി(സ്വ) നേരത്തേ തന്നെ പരിചയപ്പെടുത്തി തന്നിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: തീര്‍ച്ചയായും എന്‍റെ സമുദായം പിഴച്ച മാര്‍ഗത്തിന്‍റെ മേല്‍ ഏകോപിക്കുകയില്ല. ഭിന്നതകള്‍ കണ്ടാല്‍ നിങ്ങള്‍ ബഹുഭൂരിപക്ഷത്തെ പിന്തുടരുക(ഇബ്നു മാജ 3940) ആശയാദര്‍ശങ്ങളില്‍ ആ ബഹുഭൂരിപക്ഷം സുന്നികളാണെന്നും അവര്‍ തുടര്‍ന്ന് വരുന്ന നിലപാടുകള്‍ക്കാണ് അംഗീകാരവും സ്വീകാര്യതയും പ്രാമാണിക പിന്തുണയുമെന്നും വ്യക്തമാകും. വഹാബിസം ഇത്തറയും കാലം പറഞ്ഞു നടന്ന തൗഹീദിന്‍റെ ചലനങ്ങളാണ്, ഇന്ന് നടന്ന്കൊണ്ടിരിക്കുന്ന അക്രമാസക്തതയും സംഹാരാത്മകതയുമെന്ന്  വന്നതോടെ ഭാവിലോകം പാരമ്പര്യ സുന്നി മുസ്ലിംകളുടെ വിജയ ലോകമാണെന്ന് പ്രതീക്ഷിക്കാം. അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ. ആമീന്‍
റഫറന്‍സ്
1. സമസ്ത 85-ാം വാര്‍ഷികോപഹാരം -2012

2. മുസ്ലിംകളെ കൊന്നുതിന്നുന്ന ഇസ്ലാമിക ഖിലാഫത്ത്, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍

3. എന്ത്കൊണ്ട് ഐ.എസ് ഇസ്ലാമികമല്ല, അശ്റഫ് കീഴുപറമ്പ്

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*