കേംബ്രിഡ്ജ്: വിധി ജീവിതം ചക്രക്കസേരയിലാക്കിയിട്ടും അതിനെ അതിജീവിച്ച് ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന മഹാപ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംങ്. കൈകാലുകള്‍ തളര്‍ന്നുപോകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന് ശരീരം തളര്‍ന്നപ്പോഴും മനസ് തളരാതെ ഹോക്കിങ് തന്റെ ചക്രക്കസേരയിലിരുന്ന് പ്രപഞ്ചരഹസ്യങ്ങള്‍ അന്വേഷിച്ചു.
1942 ജനുവരി എട്ടിന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിംങ്‌സും ഇസബെല്‍ ഹോക്കിങ്‌സുമായിരുന്നു മാതാപിതാക്കള്‍. 17ാം വയസില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. 1963ല്‍ കേംബ്രിഡ്ജില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കൈകാലുകള്‍ തളര്‍ന്നു പോകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ പിടിയിലാവുന്നത്. ശരീരത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ട അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ പരമാവധി ഒന്നോ രണ്ടോ വര്‍ഷത്തെ ജീവിതമാണ് വിധിച്ചിരുന്നത്. എന്നാല്‍ വൈദ്യശാസ്ത്രത്തിന്റെ കണക്കുകള്‍ അപ്രസക്തമാക്കി 76ാം വയസിലാണ് ഹോക്കിങ് വിടപറഞ്ഞിരിക്കുന്നത്.
ചക്രക്കസേരയില്‍ അനക്കമറ്റിരിക്കുമ്പോഴും ഹോക്കിങ് മനസുകൊണ്ട് അതിരുകളില്ലാത്ത ആകാശത്തിന്റെ രഹസ്യങ്ങള്‍ തേടി. ഇന്നും നിഗൂഢത പൂര്‍ണമായി മാറിയിട്ടില്ലാത്ത തമോഗര്‍ത്തങ്ങളെ കുറിച്ച് ശാസ്ത്രത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായത് ഹോക്കിങിന്റെ ഗവേഷണങ്ങളിലൂടെയായിരുന്നു.
ഹോക്കിംങിന്റെ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകമാണ് അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. ഈ പുസ്തകത്തിന്റെ ഒരുകോടി കോപ്പികളാണ് ലോകവ്യാപകമായി വിറ്റഴിഞ്ഞത്. ദ യൂണിവേഴ്‌സല്‍ ഇന്‍ എ നട്ടഷെല്‍, ദ ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്‌സ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
ചന്ദ്രിക
Be the first to comment