
പാലക്കാട്: വൈദ്യുതി ലൈനുകളില്‍ നിന്നുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഈ അപകടങ്ങള്‍ തടയാനുള്ള ഇന്‍സുലേറ്റഡ് രീതിയായ ‘എബിസി’ ലൈന്‍ നടപ്പാക്കല്‍ ഇതുവരെയും എങ്ങുമെത്തിയില്ല. മുഴുവന്‍ ലൈനും ‘എബിസി’യിലേക്ക് മാറ്റുമെന്നായിരുന്നു 2023ല്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഇത് പകുതി പോലും നടപ്പാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
കൊല്ലത്ത് എട്ടാം ക്ലാസുകാരന്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ ദൃശ്യം കണ്ട് നമ്മളൊന്നാകെ നടുങ്ങിയിരുന്നു. വൈദ്യുതി ലൈനില്‍ കുട്ടി തൊട്ടതാണ് ഷോക്കേല്‍ക്കാന്‍ കാരണം. എന്നാല്‍ തൊട്ടാല്‍ ഷോക്കേല്‍ക്കുന്ന വൈദ്യുതി ലൈന്‍ വലിക്കുന്ന രീതി മാറി ഇന്‍സുലേറ്റഡ് രീതിയായ എബിസി ലൈന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. ആദ്യ ഘട്ട ചിലവ് മാറ്റി നിര്‍ത്തിയാല്‍ ഈ രീതിക്ക് തുടര്‍ചിലവുകള്‍ കുറവാണ്. വൈദ്യുതി പ്രസരണ നഷ്ടവും കുറയും.
ചിലവ് കൂടിയ പദ്ധതിയായതിനാലാണ് ‘എബിസി’ രീതി പൂര്‍ണമായും നടപ്പാക്കാന്‍ കാലതാമസം നേരിടുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കെട്ടിടങ്ങള്‍ക്ക് സമീപമുള്ള പഴയ വൈദ്യുതി ലൈനുകളൊക്കെ എബിസി കേബിളുകളാക്കി മാറ്റാന്‍ കെട്ടിട ഉടമകള്‍ പണം നല്‍കണമെന്ന കെഎസ്ഇബി നയവും പദ്ധതി നടത്തിപ്പ് വൈകിപ്പിക്കുന്നുണ്ട്. എബിസി വയറിങ് നടപ്പാക്കിയിരുന്നെങ്കില്‍ കൊല്ലത്തെ മിഥുന്റെ മരണവും ഒഴിവാക്കാമായിരുന്നു. മറ്റൊരു ജീവനെടുക്കാന്‍ കാത്തുനില്‍ക്കാതെ എബിസി ലൈനിങ് രീതിയിലേക്ക് കെഎസ്ഇബി മാറുമോ എന്നതാണ് ഇനിയുള്ള ചോദ്യം.

Be the first to comment