ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധം ചില കോണുകളിൽ നിന്നുയർന്ന തെറ്റായ പ്രചരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ എക്സിക്യുട്ടീവ് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
2025 മെയ് 27-ന് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ ചേർന്ന ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഏകകണ്ഠമായാണ് പ്രസിഡണ്ടായി വാക്കോട് മൊയ്തീൻകുട്ടി ഫൈസിയെ തെരഞ്ഞെടുത്തത്. എസ്.കെ.ജെ.എം.സി.സി. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൽ നിന്ന് 15 അംഗങ്ങളും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാരും കൂടാതെ അഞ്ച് റെയ്ഞ്ചുകൾക്ക് ഒരു പ്രതിനിധി എന്ന അനുപാതത്തിലുമുള്ള അംഗങ്ങൾ ഉൾപ്പെട്ടതാണ് കൗൺസിൽ. ചട്ടം അനുസരിച്ച് പ്രസിഡണ്ടിനെയാണ് കൗൺസിൽ തെരഞ്ഞെടുക്കുക. പിന്നീട് പ്രസിഡണ്ടാണ് പ്രവർത്തക സമിതി അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത്. പ്രസ്തുത പ്രവർത്തക സമിതിയിൽ വെച്ചാണ് മറ്റു ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ചട്ടങ്ങൾക്ക് വിധേയമായും കീഴ്വഴക്കമനുസരിച്ചുമാണ് ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നത്.
ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയുടെ അദ്ധ്യക്ഷതയിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടരി എം.ടി. അബ്ദുല്ല മുസ്ലിയാരുടെയും മറ്റു നേതാക്കളുടെയും സാന്നിദ്ധ്യത്തിലും നടന്ന യോഗം വളരെ ഭംഗിയായാണ് പര്യവസാനിച്ചത്. ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൽ നിലവിലുണ്ടായിരുന്ന പ്രസിഡണ്ടുമാർക്ക് പകരം പുതിയ പ്രസിഡണ്ടുമാരെ തെരഞ്ഞെടുക്കപ്പെട്ട കീഴ്വഴക്കം മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നിരിക്കെ കീഴ്വഴക്കങ്ങൾ ലംഘിച്ചതായുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംഘടനാ പ്രവർത്തകർക്കിടയിൽ അനൈക്യം സൃഷ്ടിക്കുന്നതും മാനേജ്മെന്റിനെയും മുഅല്ലിംകളെയും പരസ്പരം തെറ്റിക്കുന്നതുമായ ആസൂത്രിത പ്രവർത്തനങ്ങളിൽ നിന്നും തൽപര കക്ഷികൾ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.
ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് കൗൺസിലിൽ പ്രസിഡണ്ട് വാക്കോട് മൊയ്തീൻകുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. എം. അബ്ദുർറഹ്മാൻ മുസ്ലിയാർ കൊടക്, കെ.എം. അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, ഡോ. എൻ.എ.എം.അബ്ദുൽ ഖാദിർ തേഞ്ഞിപ്പലം, കെ.കെ. ഇബ്രാഹീം മുസ്]]ലിയാർ കോഴിക്കോട്, പി.കെ.അബ്ദുൽ ഖാദിർ അൽ ഖാസിമി, കെ.മോയിൻകുട്ടി മാസ്റ്റർ മുക്കം, എം. അബൂബക്ർ മൗലവി ചേളാരി, കെ.ടി. ഹുസൈൻ കുട്ടി മുസ്ലിയാർ മലപ്പുറം, സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, ശിഹാബുദ്ദീൻ മുസ്ലിയാർ ആലപ്പുഴ, സയ്യിദ് ഒ.എം.എസ് തങ്ങൾ മേലാറ്റൂർ, സി.മുഹമ്മദലി ഫൈസി മണ്ണാർക്കാട്, എം.യു. ഇസ്മാഈൽ ഫൈസി എറണാകുളം, വി.എം.ഇല്യാസ് ഫൈസി തൃശൂർ, ഹാരിസ് ബാഖവി കംബ്ലക്കാട്, സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി കണ്ണുർ, സിദ്ധീഖ് ഫൈസി വെൺമണൽ കണ്ണൂർ, സാലൂദ് നിസാമി കാസർഗോഡ്, ബശീർ ദാരിമി കോഴിക്കോട്, എ.എം ശരീഫ് ദാരിമി നീലഗിരി, ശാജഹാൻ അമാനി കൊല്ലം, മുഹമ്മദ് നവവി മുണ്ടോളി ദക്ഷിണ കന്നഡ, എ.അബ്ദുൽ ഖാദിർ മുസ്ലിയാർ കോട്ടയം, കെ.എഛ്.അബ്ദുൽ കരീം മുസ്ലിയാർ ഇടുക്കി, പി.എം. ആരിഫ് ഫൈസി കൊടക്, പീരു മുഹമ്മദ് ഹിഷാമി തിരുവനന്തപുരം, മുഹമ്മദ് ശാജഹാൻ ജലാലി കന്യാകുമാരി, ബദറുദ്ദീൻ ദാരിമി ചിക്മഗ്ളൂർ പ്രസംഗിച്ചു.

Be the first to comment