മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയസംഘർഷം കനക്കുന്നു. പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി. സതീശൻ രാജിവെയ്ക്കുമെന്ന ഭീഷണി മുഴക്കിയത് കൊണ്ടാണ് കെ.സി. വേണുഗോപാലുമായുള്ള ചർച്ച പാളിയതെന്ന് പിവി അൻവർ ആരോപിച്ചു. തനിക്ക് നേരെയുള്ള ഗൂഢാലോചനയാണിതെന്നും, അദ്ദേഹം ആരോപിച്ചു.
“നിലമ്പൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുഖാന്തിരം പിണറായിസത്തെ തകർക്കാനാണ് ശ്രമം. പക്ഷേ അതിനിടയിൽ എന്നെ ഒതുക്കാൻ ശ്രമിക്കുകയാണ് യു.ഡി.എഫ് ചെയർമാൻ. എനിക്ക് പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്,” എന്നും പിവി അൻവർ പറഞ്ഞു.
കോഴിക്കോട് കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ചക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ താൻ എത്തുകയായിരുന്നു. വൈകിട്ട് 5 മുതൽ രാത്രി 7.45 വരെ കോഴിക്കോട് ടൗണിൽ കാത്തിരുന്നെന്നും, അവസാനം “തിരക്കുണ്ട്” എന്ന പറഞ്ഞ് വേണുഗോപാൽ പിന്മാറിയെന്നും അൻവർ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് മുമ്പേ തന്നെ പിവി അൻവറുമായി സംസാരിക്കേണ്ടി വന്നാൽ രാജിവെയ്ക്കുമെന്നും പറവൂരിലേക്ക് മടങ്ങുമെന്നും വി.ഡി. സതീശൻ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് പ്രവേശനം തടസ്സത്തിലേക്ക്
ഈ സംഭവങ്ങളോടെ പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനം വഴിമുട്ടി. അതിനിടെ തൃണമൂൽ കോൺഗ്രസ് ജില്ലാ സെക്രട്ടറി അബ്ദുറഹ്മാനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിന്റെ സാധ്യത ശക്തമാവുകയാണ്. യുഡിഎഫ് നേതാക്കളെയും സ്ഥാനാർത്ഥികൾക്കെതിരെ കർശനമായ വിമർശനങ്ങൾ ഉന്നയിച്ച പിവി അൻവർ, എല്ലാ പ്രസ്താവനകളും പിൻവലിച്ചാൽ മാത്രമേ മുന്നണിയിൽ പ്രവേശിക്കാൻ കഴിയൂവെന്ന നിലപാടാണ് വി.ഡി. സതീശൻ വ്യക്തമാക്കിയിരിക്കുന്നത്.
മത്സരസാധ്യത കുറവ്
എൽ.ഡി.എഫ് വിട്ട് തൃണമൂൽ ഘടകം രൂപീകരിച്ച പിവി അൻവർ, യുഡിഎഫ് അസോസിയേറ്റ് അംഗമായിത്തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർത്ഥിയായി വരാനാണ് ശ്രമിച്ചിരുന്നത്. എന്നാൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉൾപ്പെടെ ചില കാര്യങ്ങൾ അടുത്ത അനുയായികൾക്കോട് അൻവർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതിനാൽതന്നെ അദ്ദേഹം നേരിട്ട് മത്സരിക്കാൻ സാധ്യത കുറവാണ്.
അതേസമയം, മണ്ഡലത്തിൽ നിരവധി ഇടങ്ങളിൽ “നിലമ്പൂർ സുൽത്താൻ പിവി അൻവർ തുടരും” എന്നുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Be the first to comment