“കൊച്ചി: വയനാട് പുനരധിവാസത്തിനുള്ള വായ്പ വിനിയോഗത്തിലെ സമയപരിധിയില്‍ വ്യക്തത വരുത്തണമെന്നു കേന്ദ്രത്തോടു ഹൈക്കോടതി. മാര്‍ച്ച് 31നകം ഫണ്ട് വിനിയോഗിക്കണം എന്ന കേന്ദ്ര നിര്‍ദേശത്തിലാണ് വ്യക്തത വേണമെന്ന് കോടതി വ്യക്തമാക്കിയത്. പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കകം വ്യക്തത വരുത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കേന്ദ്രം മൂന്നാഴ്ച്ചത്തെ സമയം തേടി.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്രം വ്യക്തമാക്കി.
2026 ഫെബ്രുവരിയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കി. വിഷയം മാര്‍ച്ച് 17ന് കോടതി വീണ്ടും പരിഗണിക്കും.
വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരില്‍ 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചിരുന്നു. ഇത് മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ വായ്പ അനുവദിച്ചത്.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷന്, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളുടെ പുനര്‍നിര്‍മാണം, വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം എന്നിങ്ങനെ 16 പദ്ധതികള്‍ക്കായാണ് കേന്ദ്രം വായ്പ അനുവദിച്ചത്. ഈ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.”

Be the first to comment