കൊച്ചി: കോടനാട് ആന പരിപാലനകേന്ദ്രത്തില് ചരിഞ്ഞ കാട്ടുകൊമ്പന്റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. അതേസമയം മറ്റ് ആന്തരികാവയവങ്ങള്‍ക്ക് അണുബാധയില്ല. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടര്‍ന്നുണ്ടായ മുറിവാണെന്നുമാണ് നിഗമനം. മൂവാറ്റുപുഴ ആര്.ഡി.ഒയുടെ സാന്നിധ്യത്തില്‍ വനം വകുപ്പ് വെറ്ററിനറി സര്ജന്മാരായ ആനന്ദ് രാജ്, ഡേവിഡ്, നിധിന് സി എല്‍ദോ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. സാംപിളുകള്വിശദമായ പരിശോധനക്കായി അയച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെ പതിനൊന്നിന് ആന കുഴഞ്ഞുവീഴുകയായിരുന്നു. മാരകമായി പരുക്കേറ്റ് രണ്ടുമാസത്തിലേറെയായി കാട്ടില്‍ അലഞ്ഞുനടന്ന 35 ഓളം വയസുള്ള കൊമ്പനാനയെയാണ് 19 ന് അഭയാരണ്യത്തില്‍ എത്തിച്ചത്. വനംവകുപ്പ് വെറ്റിനറി ചീഫ് സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അന്ന് തന്നെ ചികിത്സകള്‍ ആരംഭിച്ചിരുന്നു. ആനയെ രക്ഷിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ മുപ്പതു ശതമാനത്തോളമായിരുന്നു ഡോക്ടര്‍മാരുടെ പ്രതീക്ഷ.
അഭയാരണ്യത്തിലെത്തിയ കൊമ്പന് തീറ്റയെടുക്കാനും വെള്ളം കുടിക്കാനും തുടങ്ങിയതോടെ പ്രതീക്ഷയും വധിച്ചു. അതിനിടെ അപ്രതീക്ഷിതമായാണ് ആനയുടെ അന്ത്യം.
ചെരിഞ്ഞ ആനയെ അഭയാരണ്യത്തില്‍ തന്നെ സംസ്കരിച്ചു. സാധാരണ ചെരിയുന്ന ആനകളെ പനങ്കുരുത്തോട്ടത്തിലെ കാട്ടില്‍ കൊണ്ടുപോയി കത്തിച്ചുകളയുകയാണ് പതിവ്. എന്നാല്‍, പുരന്വേഷണത്തിനും മറ്റുമായി വീണ്ടും പോസ്റ്റ് മോര്‍ട്ടം വേണ്ടിവന്നാല്‍ ജഡം പിന്നെും ലഭിക്കുന്നതിന് വേണ്ടിയാണ് കുഴിച്ചിട്ടത്.
മസ്തകത്തില്‍ 30 സെ.മി ലേറെ ആഴമുള്ള മുറിവായിരുന്നു ആനയ്ക്കുണ്ടായിരുന്നത്. ജനുവരി അവസാനം ജനവാസമേഖലയോടടുത്ത് മുറിവേറ്റ നിലയില്‍ കൊമ്പനെ നാട്ടുകാര്‍ കാണുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ വനംവകുപ്പ് ഇടപെട്ടു. മുറിവേറ്റ കൊമ്പന് കാട്ടില്‍ വച്ചുതന്നെ ചികിത്സ നല്കാന് ആദ്യം തീരുമാനിച്ചു. അതനുസരിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഒരുമാസത്തിനുശേഷം കൂടുതല്അവശനിലയില് കൊമ്പനെ വീണ്ടും കാണുകയായിരുന്നു. അപ്പോഴേക്കും മുറിവില്‍ പുഴുവരിച്ച നിലയിലായി. തുടര്‍ന്നാണ് മയക്കുവെടി വച്ച് അഭയാരണ്യത്തിലെത്തിച്ചത്.

Be the first to comment