48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍

ദമസ്‌കസ്: അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സിറിയയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍.കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ വീണ്ടും സിറിയയില്‍ ബോംബ് വര്‍ഷിച്ചു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈല്‍. സിറിയയുടെ ഒരുകൂട്ടം യുദ്ധകപ്പലുകള്‍ ഇസ്‌റാഈല്‍ തകര്‍ത്തു. 15 നാവികക്കപ്പലുകള്‍, ആന്റി എയര്‍ക്രാഫ്റ്റ് ബാറ്ററികള്‍, ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവക്കു നേരെയെല്ലാം ആക്രമണമുണ്ടായി.
തിങ്കളാഴ്ച രാത്രി അല്‍ ബയ്ദ, ലതാകിയ തുറമുഖങ്ങളിലായിരുന്നു ആക്രമണം. ഇവിടെ നങ്കൂരമിട്ടിരുന്ന 15 ഓളം കപ്പലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. തുറമുഖങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 480 ഓളം ആക്രമണങ്ങളാണ് സിറിയയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഗോലന്‍ കുന്നുകളും ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയിരുന്നു. ഇവിടുത്തെ ബഫര്‍ സോണിലേക്കും അതിനപ്പുറത്തേക്കും ഇസ്‌റാഈല്‍ കരസേനയെ വിന്യസിച്ചതായാണ് വിവരം. ശത്രുതയുടെ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഗോലന്‍ കുന്നുകള്‍ കൈവശപ്പെടുത്തിയ ശേഷം നെതന്യാഹു പ്രതികരിച്ചത്.
സിറിയയുടെ അതിപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റഡാറുകള്‍, സൈനിക സിഗ്‌നല്‍ സംവിധാനങ്ങള്‍, ആയുധശേഖരങ്ങള്‍ തുടങ്ങിയവ ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തിരുന്നു. വിമതര്‍ കൈയടക്കാതിരിക്കാനാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്നാണ് ഇസ്‌റാഈലിന്റെ ന്യായീകരണം. ആത്മരക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്‌റാഈല്‍ യു.എന്‍. രക്ഷാസമിതിയില്‍ പറഞ്ഞത്.
ഇതിനിടെ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതര്‍, മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. 2025 മാര്‍ച്ച് ഒന്നുവരെയാണ് കാലാവധി.
ബഫര്‍സോണ്‍ മറികടന്ന് സിറിയയില്‍ പ്രവേശിച്ച ഇസ്‌റാഈലിനെതിരേ തുര്‍ക്കി രംഗത്തെത്തി. സിറിയയെ വീണ്ടും വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയുടെ അഖണ്ഡതയ്ക്ക് എതിരേയുള്ള ഏതൊരു ആക്രമണത്തെയും തുര്‍ക്കി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയയില്‍ അധികാരം പിടിച്ച സിറിയന്‍ വിമതര്‍ക്ക് തുര്‍ക്കിയുടെ പിന്തുണയുണ്ട്. ഇപ്പോഴെന്നല്ല ഒരിക്കലും സിറിയയെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു. സിറിയന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണത്തെ ചെറുക്കും. പുതിയ സര്‍ക്കാര്‍ രൂപീകരണത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കവും തടയും.
ഉര്‍ദുഗാന്റെ പ്രസ്താവനയ്ക്കു മുമ്പ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയവും ഇസ്‌റാഈല്‍ സൈന്യം ബഫര്‍സോണ്‍ മറികടന്നതിനെ വിമര്‍ശിച്ചിരുന്നു. ഇസ്‌റാഈല്‍ അധീനതയിലാക്കിയ ഗൊലാന്‍ കുന്നുകളും സിറിയയും വേര്‍തിരിക്കുന്ന ബഫര്‍ സോണാണ് ഇസ്‌റാഈല്‍ സൈന്യം മറികടന്നത്.
ഗൊലാന്‍ കുന്നുകളിലെ ബഫര്‍സോണ്‍ മറികടന്ന് സിറിയയില്‍ അധിനിവേശം നടത്താനുള്ള ഇസ്‌റാഈല്‍ നീക്കത്തെ വിമര്‍ശിച്ച് സഊദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും രംഗത്തെത്തി. സഊദി, ഈജിപ്ത്, ഖത്തര്‍ വിദേശകാര്യ മന്ത്രിമാരാണ് ഇസ്‌റാഈലിനെതിരേ സംയുക്ത പ്രസ്താവന ഇറക്കിയത്.
ഇസ്‌റാഈല്‍ സിറിയയുടെ പരമാധികാരവും അന്താരാഷ്ട്ര നിയമവും ലംഘിക്കുകയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 1974 ലെ കരാര്‍ പ്രകാരമാണ് ബഫര്‍സോണ്‍ നിലവില്‍ വന്നത്. ഇസ്‌റാഈല്‍ കരാര്‍ ലംഘിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും ഈ രാജ്യങ്ങള്‍ ഇസ്‌റാഈലിനു മുന്നറിയിപ്പ് നല്‍കി.

About Ahlussunna Online 1316 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*