തിരുവനന്തപുരം: കനത്ത മഴ നിര്‍ത്താതെ പെയ്യുന്നതുകാരണം കേരളം കഴിഞ്ഞയാഴ്ചയിലും വലിയ ദുരിതത്തിലേക്കു നീങ്ങുന്നു. 39 ഡാമുകളില്‍ 33 എണ്ണവും തുറന്നുവിട്ടിരിക്കുകയാണ്. ഇന്നു മാത്രം മരിച്ചവരുടെ എണ്ണം 12 ആയി. പത്തോളം പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ പുഴകളും കരകവിഞ്ഞൊഴുകുകയാണ്.
12 ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട്. തിരുവനന്തപുരം കൊല്ലം ജില്കളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.
മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് മൂന്നു പേര്‍ മരിച്ചത്. കൈതക്കുണ്ട് സ്വദേശി സുനീറയും ഭര്‍ത്താവ് അസീസും ഇവരുടെ ആറ് വയസ്സുള്ള മകന്‍ ഉബൈദുമാണ് മരിച്ചത്. മൂന്നാറില്‍ മണ്ണിടിഞ്ഞു വീണ് ഒരു ഹോട്ടല്‍ തൊഴിലാളി മരിച്ചു. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറ ബൈപ്പാസില്‍ മുങ്ങിയ വീടിനുള്ളില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഇടുക്കി കുഞ്ചിതണ്ണിയില്‍ ഉരുള്‍ പൊട്ടി കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ഏലിക്കുട്ടി (70)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് ചുമരിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
കോഴിക്കോട്
- ദേശീയപാതയില്‍ കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ ഗതാഗതം തടസപ്പെട്ടു. പൂനൂര്‍ പുഴ കരകവിഞ്ഞൊഴുകിയതോടെ റോഡ് മുങ്ങി.
- ചാലിയാര്‍ പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ മാവൂര്‍ , പരിസര പ്രദേശങ്ങളിലും നിരവധി വീടുകളില്‍ വെള്ളം കയറി 150 ഓളം വീടുകള്‍ ഒഴിപ്പിച്ചു.
- കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരങ്ങള്‍ വന്നു മൂടിയ പാലത്തിലെ മരങ്ങള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നു.
- താമരശ്ശേരിയില്‍ തോട്ടില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയ്ക്കായി ഇന്നും തെരച്ചില്‍ തുടരുന്നു.
- കോഴിക്കോട് നഗരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയില്‍
- മാവൂര്‍ കോഴിക്കോട് റോഡില്‍ വെള്ളം കയറിയതിനാല്‍ മാവൂര്‍, കൂളിമാട് ,അരീക്കോട് ഭാഗത്തേക്കുള്ള ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെച്ചു.
- മാവൂരില്‍ 300 ഓളം വീടുകള്‍ ഒഴിപ്പിച്ചു
- മാവൂര്‍ കൊടിയത്തൂര്‍ ചാത്തമംഗലം പഞ്ചായത്തുക്കളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
- കണ്ണപ്പന്‍കുണ്ടില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും
വയനാട്
- ഇന്ന് മഴയക്ക് നേരിയ ശമനം.
- ബാണാസുര സാഗറിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തില്ല.
- മൈസൂര്‍ കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
- ദേശീയപാതയിലെ തകരപ്പാടി പൊന്‍കുഴി പ്രദേശം വെള്ളത്തിലായി. വനത്തിലൂടെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്
- ഏതാണ്ട് 17,000 ത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍
മലപ്പുറം
- മലപ്പുറത്തും മൂന്നാറിലും മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം.
- മലപ്പുറം കണ്ണമംഗലം തോട്ടശ്ശേരിയില്‍ ഉരുള്‍പൊട്ടല്‍
- പെരിന്തല്‍മണ്ണ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കൂട്ടിലങ്ങാടിയിലാണ് വെള്ളം കയറിയത്.
- പെരിങ്ങാമില്‍ മണ്ണിടിഞ്ഞു വീണ് ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു. നാലുപേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.
കണ്ണൂര്‍
- മലയോര മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
- എടക്കാനത്ത് ഒരുവീട് ഇന്നലെ പൂര്‍ണമായും തകര്‍ന്നു ജില്ലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ 15 കുടുംബങ്ങളെ മാറ്റി
തൃശ്ശൂര്‍
- കാലടി ചെങ്ങല്‍, വട്ടത്തറ മേഖല പൂര്‍ണമായും വെള്ളത്തിനടിയിലായി
- തുറവുംകര നിന്നും ആളുകളെ മാറ്റി.
- പെരിയാറിലെ ജലനിരപ്പ് ആശങ്ക ഉണ്ടാക്കും വിധം ഉയര്‍ന്നു.
- ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ 40 സെന്റീ മീറ്റര്‍ വീതവും പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ 19 ഇഞ്ച് വീതവും വാഴാനി ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റീമീറ്ററും വീണ്ടും ഉയര്‍ത്തി.
- പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസുകളും ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ അതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
- അതിരപ്പള്ളി. വാല്‍പ്പാറ റൂട്ടില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
- പെരിയാറിന്റെ തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകളിലും വെള്ളം കയറി.
- ആലുവ മണപ്പുറം പൂര്‍ണ്ണമായും മുങ്ങി.
എറണാകുളം
- റണ്‍വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ
- നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാലു ദിവസത്തേക്ക് വിമാന സര്‍വ്വീസ് നിര്‍ത്തി.
- നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.
- പെരുമ്പാവൂര്‍ പാലക്കാട്ടുതാഴം മേഖല വെള്ളത്തിനടിയിലായി. ലേബര്‍ ക്യാമ്പുകള്‍ മുങ്ങി.
- കോടനാട് അഭയാരണ്യത്തിലേക്കുള്ള ഏക സഞ്ചാരമാര്‍ഗമായ പാലം വെള്ളത്തില്‍ മുങ്ങി.
- കോതമംഗലം തങ്കളം ജവഹര്‍ കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു.
- കോതമംഗലം ടൗണ്‍ യുപി സ്‌കൂളിലേക്കാണ് 33 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത്.
- ഇടമലയാര്‍ ഡാം സംഭരണ പരിധിക്കപ്പുറം തുടരുന്നു. ഡാമിലെ ജലനിരപ്പ് 169.15 മീറ്ററിലെത്തി.
- പരമാവധി സംഭരണശേഷി 169 മീറ്ററാണ്.
- മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാം തുറന്നതിനെ തുടര്‍ന്ന് പള്ളിവാസലില്‍ ആറ്റുകാട് പാലത്തില്‍ വെള്ളം കയറി.
പത്തനംതിട്ട
- പെരുനാട് മടത്തുംമൂഴിയില്‍ ഉരുള്‍ പൊട്ടി മണ്ണാറകളഞ്ഞി ചാലക്കയം പാതയില്‍ വെള്ളം കയറി.
- പെരുന്തേനരുവിക്ക് മുകളില്‍ അറയാഞ്ഞലി മണ്ണില്‍ പമ്പാനദിക്ക് കുറുകെയുള്ള തൂക്ക് പാലീ ഒലിച്ചുപോയി.
- അറയാഞ്ഞലി മണ്ണ് ആദിവാസി മേഖല ഒറ്റപ്പെട്ടു. വയ്യാറ്റുപുഴ സ്‌കൂളിന് മുകളില്‍ ട്രാന്‍സ്‌ഫോര്‍മ റിനു സമീപത്ത് വനത്തിലാണ് ഉരുള്‍ പൊട്ടിയത്.
- മീന്‍കുഴി റോഡില്‍ ഗതാഗതം തടസപ്പെട്ടു. റാന്നി, വടശ്ശേരിക്കര മേഖലകള്‍ ഒറ്റപ്പെട്ടു.
- വനമേഖലയില്‍ ഉരുള്‍ പൊട്ടി. ശബരിമലയും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടു.
- ത്രിവേണിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
- പമ്പ നദി കരകവിഞ്ഞ് ഒഴുകുകയാണ്. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായി.
- ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
- പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പലയിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്.
- ആറന്മുളയടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളത്തനടിയിലായി.
ഇടുക്കി
- മൂന്നാറില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ചത്.
- ഇടുക്കിയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേര്‍ അഭയം തേടി. കുടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നു.
- ഇടുക്കി നേര്യമംഗലം പാത യില്‍ പാബ്ല മുതല്‍ ചെറുതോണി വരെ പത്ത് സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
- അടിമാലി ഇടുക്കി റോഡും കരിമ്പന്‍ മുരിക്കാശ്ശേരി റോഡും നിരവധി സ്ഥലങ്ങളില്‍ തടസ്സപ്പെട്ടു.
- ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
- മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
ആലപ്പുഴ
- ആലപ്പുഴ പുറങ്കടലില്‍ മല്‍സ്യബന്ധന ബോട്ടില്‍ വെള്ളം കയറി മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാനില്ല.
- നാലു പേരെ നാവിക സേന രക്ഷിച്ചു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു.
- അപ്പര്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങി.
- പമ്പയാറ്റില്‍ നിന്ന് വീടുകളില്‍ വെള്ളം കയറിയതോടെ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.
കൊല്ലം
- കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ കുളത്തുപ്പുഴ വെള്ളപ്പൊക്ക ഭീഷണിയില്‍.
- തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ മുപ്പതടി പാലത്തില്‍ വെള്ളം കയറി.
- ആദിവാസി മേഖലയായ 50 ഏക്കര്‍ പ്രദേശത്തെക്ക് എത്തിച്ചരാനുള്ള ഏക പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.
- ശംഖിലി വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്.
തിരുവനന്തപുരം
- തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ്.
- ജഗതിയില്‍ കിള്ളിയാര്‍ തീരത്തുള്ള വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു.
Be the first to comment