
കൊച്ചി: കൊച്ചിയിൽ കൊതുകിനെ കൊല്ലാൻ 12 കോടി രൂപ, ഇപ്രാവശ്യം കൊതുകിനെ തുരത്താൻ കൊച്ചി കോർപ്പറേഷൻ കയ്യും കണക്കുമിട്ട് നീക്കിവച്ചത് 12 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് ബജറ്റുകളിൽ 20 കോടി വീതം മാറ്റിവച്ചെങ്കിലും കൊതുക് ശല്യം കുറഞ്ഞതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ഇത്തവണയും കൊതുകിന്റെ കാര്യത്തിൽ വലിയ പ്ലാനുകൾ ഒന്നും കോർപ്പറേഷൻ പറയുന്നില്ല, പക്ഷേ പണം നീക്കിവയ്ക്കാൻ മറന്നിട്ടുമില്ല.
നഗരത്തിൽ കൊതുകുകൾ പെറ്റുപെരുകാൻ പറ്റിയ സാഹചര്യങ്ങൾ ഒട്ടേറെയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളവും ഒഴുകാത്ത കനാലുകളും കൊതുകിന് കൂടുതൽ ‘സൗകര്യം’ ഒരുക്കുന്നുണ്ടെന്ന് ബജറ്റിൽ തന്നെ കോർപ്പറേഷൻ സമ്മതിക്കുന്നു. കൊതുകിനെ പിടിച്ചുകെട്ടാൻ ജിഐഎസ് സാങ്കേതികവിദ്യയും ലാബും പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ചിന്റെ സഹായവും ഒക്കെ ഉപയോഗിക്കുമെന്ന് പതിവ് വാഗ്ദാനങ്ങൾ ഇത്തവണത്തെ ബജറ്റിലും ആവർത്തിക്കുന്നുണ്ട്. 2025-26 സാമ്പത്തിക വർഷത്തേക്ക് 12 കോടി രൂപ കൊതുക് നിയന്ത്രണത്തിനായി മാറ്റിവച്ചെങ്കിലും, നഗരവാസികൾക്ക് കൊതുകിന്റെ കടിയിൽ നിന്ന് മോചനം കിട്ടിയിട്ടില്ല എന്നതാണ് സത്യം.
കൊതുക് പ്രജനനത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഇപ്പോഴും തുടരുന്നത് വലിയ വെല്ലുവിളിയാണെന്ന് തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റ് രേഖയിൽ പറയുന്നു. അതിനിടയിൽ, മയക്കുമരുന്ന് ഭീഷണി തടയാൻ 74 വാർഡുകളിലും വിജിലന്റ് കമ്മിറ്റികളും നിരീക്ഷണ-കൗൺസിലിംഗ് കേന്ദ്രങ്ങളും വരും. ഇതിനായി 50 ലക്ഷം രൂപ മാറ്റിവച്ചു. ഡ്രെയിനേജ് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ 10 കോടിയും വൈറ്റിലയെ ദാരിദ്ര്യമുക്തമാക്കാൻ മറ്റൊരു 10 കോടിയും അനുവദിച്ചു. വാടക വീടുകളിൽ കഴിയുന്ന ദരിദ്രർക്കായി വൈറ്റിലയിൽ ഫ്ലാറ്റ് സമുച്ചയവും പണിയും.
കൊതുക് നിർമാർജനത്തിന് ലാബ്, ജിഐഎസ് സാങ്കേതികവിദ്യ, പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തൽ, ഡ്രൈ ഡേ, ബോധവൽക്കരണം, ശുചിത്വ പരിപാടികൾ എന്നിങ്ങനെ പഴയ പ്രഖ്യാപനങ്ങൾ ഇത്തവണ കൂടുതൽ ‘കാര്യക്ഷമമായി’ നടപ്പാക്കുമെന്നാണ് ബജറ്റ് പറയുന്നത്. എന്നാൽ, കൊതുകിന്റെ കാര്യത്തിൽ കാര്യമായ മാറ്റം ഉണ്ടാകുമോ എന്ന് കണ്ടറിയണം!
Be the first to comment