കൊച്ചി: ഏറെ വിവാദമായ സിനിമാ മേഖലയിലെ പ്രശ്നനങ്ങൾ പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തെളിവുകളടക്കമുള്ള പൂർണരൂപം സർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. പൊതുതാൽപര്യ ഹരജി ഉൾപ്പെടെ ആറ് ഹരജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
ക്രിമിനൽ കുറ്റം സംബന്ധിച്ച റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നതടക്കം ആവശ്യപ്പെടുന്ന ഹരജികളാണ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്കെത്തുക.
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരേ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹരജിയടക്കമാണ് കോടതി പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരാവർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സമ്പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്.റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കാത്തതിനെതിരേ മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി ഫയൽ ചെയ്ത ഹരജിയും ഈ ബെഞ്ചിന്റെ പരിഗണനയിൽ വരും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമനൽ നടപടികൾ വേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഹൈക്കോടതിയി സ്പെഷൽ ബെഞ്ചിന്റെ തീരുമാനം നിർണായകമായിരിക്കും.
Be the first to comment