ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ സ്വകാര്യ കോളജ് അധ്യാപകനെതിരെ കര്‍ണാടകയില്‍ കേസ്. മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ ഹിന്ദുക്കളെ അയക്കരുതെന്നും അവരുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങള്‍ വാടകയ്ക്ക് എടുക്കരുതെന്നുമായിരുന്നു അധ്യാപകന്റെ പരാമര്‍ശം. മംഗളുരു സര്‍വകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുണ്‍ ഉള്ളാളിനെതിരെയാണ് മംഗളൂരു പൊലിസ് കേസെടുത്തത്.
മംഗളൂരുവിനടുത്ത് കിന്നിയില്‍ നടന്ന ഒരു പരിപാടിയില്‍ നവദമ്പതികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ന്യൂനപക്ഷ സ്‌കൂളുകളില്‍ നിന്നും വിവാഹ മണ്ഡപങ്ങളില്‍ നിന്നുമുള്ള വരുമാനത്തിന്റെ ഒരു ഭാഗം വിദേശ രാജ്യങ്ങളിലേക്കാണ് പോകുന്നതെന്ന് ഇയാള്‍ പറഞ്ഞിരുന്നു.
മാത്രമല്ല തന്റെ മുന്‍ തൊഴിലുടമയുടെ മണ്ഡപത്തില്‍ വെച്ച് സ്വന്തം കല്ല്യാണം നടത്തിയിരുന്നെങ്കില്‍ തനിക്ക് ഡിസ്‌കൗണ്ട് ലഭിക്കുമായിരുന്നെന്നും, എന്നാല്‍ അതിന് പകരം ഹിന്ദു ഉടമസ്ഥതയിലുള്ള വേദിയാണ് താന്‍ തെരഞ്ഞെടുത്തതെന്നും അധ്യാപകന്‍ പറഞ്ഞു. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് നടപടി.
Be the first to comment