ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് സുഖമില്ലാതിരുന്നതു കൊണ്ടാണ് ഹിജാബ് കേസ് ലിസ്റ്റ് ചെയ്യാന്‍ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കേസില്‍ ഉടന്‍ ഭരണഘടനാ ബഞ്ചിന് രൂപം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു കേസ് പരിഗണിക്കുന്നതിനിടെ മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറയോടാണ് കോടതി ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ചിലാണ് ഹരജികള്‍ ഫയല്‍ ചെയ്തതെന്നും ചുരുങ്ങിയത് ഒരു തിയ്യതിയെങ്കിലും നല്‍കണം എന്നായിരുന്നു അറോറയുടെ ആവശ്യം.കാത്തിരിക്കൂ. ജഡ്ജിമാര്‍ക്ക് സുഖമുണ്ടായിരുന്നെങ്കില്‍ വിഷയം നേരത്തെ പരിഗണിക്കുമായിരുന്നു. ഞാന്‍ ഭരണഘടനാ ബഞ്ചിന് രൂപം നല്‍കും. ഒരു ജഡ്ജിക്ക് സുഖമുണ്ടായിരുന്നില്ല. ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.
ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതിയുടെ പ്രത്യേക ബെഞ്ച് ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. മാര്‍ച്ച് 15നായിരുന്നു ഫുള്‍ബഞ്ചിന്റെ വിധി.
ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചിന്റേതായിരുന്നു ഉത്തരവ്. ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രീ യൂണിവേഴ്‌സിറ്റി കോളജുകളിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിയായിരുന്നു കോടതി വിധി.
ജൂലൈ 13ന് ഹിജാബ് കേസുകള്‍ സംബന്ധിച്ച് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസിനെ ഉണര്‍ത്തിയിരുന്നു. അടുത്ത ആഴ്ച കേസ് പരിഗണിക്കുമെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് നല്‍കിയ മറുപടി. പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഹരജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല.
Be the first to comment