സർക്കാരോ കോടതി?

യു.പി, അസം അടക്കമുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജിന് അന്ത്യംകുറിക്കുന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. ബുൾഡോസർരാജ് നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്. കുറ്റാരോപിതരുടെയോ കുറ്റം തെളിഞ്ഞവരുടെയോ വീടുകൾ തകർക്കരുത്. നിങ്ങൾ കോടതിയും ജഡ്ജിയും ആകേണ്ടെന്നാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാരുകളോടും ഉദ്യോഗസ്ഥരോടും പറഞ്ഞിരിക്കുന്നത്. നിയമവും നടപടിക്രമവും പാലിക്കാതെ വീടോ വസ്തുവകകളോ ഇടിച്ചുനിരത്തിയാൽ നഷ്ടപരിഹാരത്തിന് കുടുംബത്തിന് അർഹതയുണ്ടായിരിക്കുമെന്നും നിയമവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരേയും നിയമനടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു.

ഒരു മനുഷ്യന് വീടും അത് നൽകുന്ന സുരക്ഷിതത്വവും എത്ര പ്രധാനമാണെന്ന് സർക്കാരിനെ ഓർമിപ്പിക്കുകയാണ് കോടതി വിധിയിലൂടെ. വിധി തുടങ്ങുന്നത് തന്നെ പ്രശസ്ത ഹിന്ദി കവി പ്രദീപ് എഴുതിയ കവിതയിലെ ‘സ്വന്തം വീടുണ്ട്, സ്വന്തം മുറ്റമുണ്ട്, ഈ സ്വപ്‌നത്തിലാണ് എല്ലാവരും ജീവിക്കുന്നത്, ഇതാണ് മനുഷ്യന്റെ ഹൃദയത്തിന്റെ ആഗ്രഹം, ഒരു വീടെന്ന സ്വപ്‌നം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ’ എന്ന കവിതാഭാഗം ഉദ്ധരിച്ചാണ്. കുട്ടികളും സ്ത്രീകളും തെരുവിലാകുന്നത് സന്തോഷ കാഴ്ചയല്ലെന്നും ബെഞ്ച് പറഞ്ഞു. വീട് ഓരോ മനുഷ്യന്റെയും സ്വപ്‌നമാണ്. വ്യക്തിയുടെയും കുടുംബത്തിന്റെയും സ്ഥിരതയും സുരക്ഷയും അതിലാണ് കുടികൊള്ളുന്നത്. ഒരാൾ കുറ്റം ചെയ്യുകയോ ആരോപണവിധേയനാവുകയോ ചെയ്യട്ടെ, ഒരു കുടുംബത്തിന്റെ ഈ അഭയം ഇല്ലാതാക്കാൻ എക്‌സിക്യൂട്ടീവിനെ അനുവദിക്കണോ എന്നതാണ് തങ്ങളുടെ മുന്നിലുള്ള പ്രശ്‌നമെന്നും അറിയിച്ചുകൊണ്ടാണ് കോടതി വിധിയിലേക്ക് കടക്കുന്നത്.

ബുൾഡോസർ നടപടികളുടെ കാര്യത്തിൽ കർശന മാർഗരേഖ പുറപ്പെടുവിച്ച ബെഞ്ച് ഈ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്നു പിഴ ഇൗടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബുൾഡോസർ വാഴ്ചയെത്തുടർന്ന് തെരുവിലാക്കപ്പെട്ടവരുടെ ഏകീകരിച്ച കണക്കുകൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഗുജറാത്തിലും യു.പിയിലും അസമിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഡൽഹിയിലുമെല്ലാമായി നിരവധി കുടുംബങ്ങളാണ് തെരുവിലാക്കപ്പെട്ടത്. ഇതിൽ കുടുംബത്തിലൊരാൾ കുറ്റാരോപിതനായെന്ന പേരിൽ വീട് തകർപ്പെട്ടവരുണ്ട്. സർക്കാരിനെതിരേ സമരം ചെയ്തതിന്റെ പേരിൽ വീടും സ്ഥാപനങ്ങളും തകർക്കപ്പെട്ടവരുണ്ട്. കൈയേറ്റമെന്നാരോപിച്ച് ഒരു നോട്ടിസുപോലും നൽകാതെ തകർത്തതുണ്ട്. സർക്കാരിന് താൽപര്യമുള്ള പദ്ധതികളുടെ പേരിൽ കിടപ്പാടം നഷ്ടപ്പെട്ടവരുണ്ട്. കടകൾ പോലുള്ള ജീവിതോപാധികൾ നഷ്ടപ്പെട്ടവരുണ്ട്.

പ്രധാനമന്ത്രി ആവാസ് യോജനപോലുള്ള പാർപ്പിട പദ്ധതികളെക്കുറിച്ച് വാചാലരാവുന്ന സർക്കാർ തന്നെയാണ് ഈ ജനങ്ങളെ തെരുവിലാക്കിയതുമെന്നതാണ് വൈപരീത്യം. തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന സർക്കാർതന്നെയാണ് സ്വയം തൊഴിൽ കണ്ടെത്തിയവരുടെ തൊഴിലിടങ്ങൾ ഇടിച്ചുനിരത്തിയതും. ഒരു നടപടിക്രമവും പാലിക്കാതെ അധികൃതർ വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്നത് മരവിപ്പിക്കുന്ന കാഴ്ചയാണെന്നും. അത് നിയമവാഴ്ചയില്ലാത്ത രാജ്യത്തെ ഓർമപ്പെടുത്തേണ്ടതാണെന്നുമാണ് സുപ്രിംകോടതി പറയുന്നത്. ഇത്തരത്തിലുള്ള ഏകപക്ഷീയ നടപടികൾക്കൊന്നും ഭരണഘടനയും നിയമവ്യവസ്ഥയുമുള്ള രാജ്യത്ത് സ്ഥാനമില്ല. എക്സിക്യുട്ടീവിന്റെ ഇത്തരം അതിക്രമങ്ങളെ നിയമത്തിന്റെ കനത്ത പ്രയോഗംകൊണ്ട് നേരിടേണ്ടിവരും. നമ്മുടെ ഭരണഘടനാപരമായ ധാർമികതയും മൂല്യങ്ങളും അത്തരം അധികാര ദുർവിനിയോഗം അനുവദിക്കില്ലെന്നും അവ കോടതിക്ക് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിധിയിൽ വ്യക്തമായിത്തന്നെ കോടതി പറഞ്ഞു.

ഗുജറാത്തിലെ ഗിർ സോമനാഥിൽ കൈയേറ്റമെന്നാരോപിച്ച് ഇടിച്ചുനിരത്തിയത് നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളിയും ദർഗയുമാണ്. പൊളിച്ച പള്ളിക്കടുത്ത് കൈയേറ്റമെന്ന് സർക്കാർ ആരോപിക്കുന്ന അമ്പലങ്ങളും മറ്റു കെട്ടിടങ്ങളുമുണ്ട്. അതിലേക്ക് ബുൾഡോസർ കൈ നീണ്ടില്ല. ഡൽഹിയിലെ മെഹ്‌റോളിയിൽ ഇടിച്ചു നിരത്തിയത് മുഗൾ കാലത്തിനു മുമ്പുള്ള പള്ളിയും അനുബന്ധ കെട്ടിടങ്ങളുമാണ്. ഇന്നത്തെ ഇന്ത്യയെന്ന രാജ്യം പോലും അക്കാലത്ത് നിലവിലില്ല. പിന്നെങ്ങനെയാണ് ഇതെല്ലാം അനധികൃത കൈയേറ്റമാകുന്നത്. ഡൽഹിയിലെ ജഹാംഗീർ പുരിയിൽ വീടുകൾ തകർത്തത് ഹനുമാൻ ജയന്തി ഘോഷയാത്രക്കാർ പള്ളിക്കുള്ളിൽ ഇടിച്ചുകയറി മുദ്രാവാക്യം വിളിക്കുന്നത് തടഞ്ഞതിനാണ്. മധ്യപ്രദേശിലും യു.പിയിലും അസമിലും ഇടിച്ചു പൊളിക്കുന്നത് ഒാരോ അസ്വീകാര്യ കാരണം പറഞ്ഞാണ്.
2011ലെ സെൻസസ് പ്രകാരം 18 ലക്ഷത്തോളം പേരാണ് ഇന്ത്യയിൽ വീടില്ലാത്തവർ. പുതിയ സെൻസസ് വന്നാൽ ഈ കണക്കുകൾ ഇരട്ടിയോളം വരാനിടയുണ്ട്. സന്നദ്ധ സംഘടനകൾ പറയുന്നത് നിലവിലെ കണക്കുതന്നെ 30 ലക്ഷത്തിലധികം വരുമെന്നാണ്. ഡൽഹിയിലും മറ്റു ഉത്തരേന്ത്യൻ നഗരങ്ങളിലും മേൽപ്പാലങ്ങൾക്ക് താഴെ ഷീറ്റ് വലിച്ചുകെട്ടി ഉറങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങളെ കാണാം. സർക്കാർ വീടു പൊളിച്ചു കളഞ്ഞവരും അവരിലുണ്ട്.

ഒരു കൂരയ്ക്കുവേണ്ടി മനുഷ്യർ തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ ചെലവഴിക്കുന്ന രാജ്യത്താണ് വീടുകൾ പൊളിച്ച് തെരുവിലേക്ക് തള്ളിവിടുന്നതെന്നത് ഭരണകൂടം മറന്നുപോകരുത്. 7.8 ശതമാനമാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. അതു പരിഹരിക്കേണ്ടത് സർക്കാരിന്റെ തൊഴിലാണ്. എന്നാൽ കടകൾ തകർത്ത് അവരെ തൊഴിൽരഹിതനും ജീവിതോപാധിയില്ലാത്തവനും തെരുവിൽ പിച്ചയെടുക്കുന്നവനുമാക്കുകയാണ് ബുൾഡോസർ രാജിലൂടെ സർക്കാർ. വീടും സുരക്ഷയുമെല്ലാം മനുഷ്യന്റെ ജന്മാവകാശമാണ്. അതൊന്നും ആരുടെയും ഔദാര്യമല്ല. ഈ ക്രിമിനൽ കുറ്റത്തിന് സുപ്രിംകോടതി വിധിയോടെ അറുതിയുണ്ടാകുമെന്ന് കരുതാം. രാജ്യത്തെ ഓരോ മനുഷ്യനും ബുൾഡോസറിനെ പേടിക്കാതെ തന്റെ മേൽക്കൂരയ്ക്ക് കീഴെ ഉറങ്ങാനാവണം. ഒപ്പം ഇതുവരെ പൊളിക്കപ്പെട്ട കേസുകളിലെ ഇരകൾക്ക് നീതി ലഭ്യമാക്കലും അനിവാര്യമാണ്. പൊളിക്കലിന് ഉത്തരവാദികളായവർ ഉദ്യോഗസ്ഥരായാലും രാഷ്ട്രീയ നേതൃത്വമായാലും ശിക്ഷിക്കപ്പെടണം. തെരുവിലാക്കപ്പെട്ടവർക്ക് പകരം വീടും നഷ്ടപരിഹാരവും ലഭിക്കണം. എങ്കിൽ മാത്രമേ സുപ്രിംകോടതി പറഞ്ഞ നിയമവാഴ്ച രാജ്യത്ത് പുലർന്നുവെന്ന് ഉറപ്പാക്കാനാവൂ.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*