തിരുവനന്തപുരം: മദ്റസ സംവിധാനങ്ങളെ തകിടം മറിക്കുന്ന നിലവിലെ സ്കൂൾ പ്രവൃത്തി സമയത്തിൽ കടുംപിടുത്തം കാണിക്കുന്ന വിദ്യാഭ്യാസ വകുപ്പ്, സാധ്യമായ ദിനങ്ങൾ തികയ്ക്കാൻ വേനലവധി വെട്ടിക്കുറയ്ക്കണമെന്ന മറ്റൊരു ശുപാർശ കണ്ടില്ലെന്ന് നടിക്കുന്നു. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഏറ്റവും കുറഞ്ഞത് 200 പ്രവൃത്തി ദിനങ്ങളും 800 ബോധന മണിക്കൂറുകളും വേണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നത്.
ആറാം ക്ലാസ് മുതൽ എട്ടു വരെ ഏറ്റവും കുറഞ്ഞത് 220 പ്രവൃത്തി ദിനങ്ങളും ആയിരം ബോധന മണിക്കൂറുകളും വേണം. ഒമ്പത്, പത്ത് ക്ലാസുകൾക്ക് പരീക്ഷാ ദിനങ്ങൾ ഒഴികെ 220 പ്രവൃത്തിദിനങ്ങളും വേണമെന്നാണ്. എന്നാൽ 2011ലെ ആർ.ടി.ഇ. ചട്ടങ്ങൾ പ്രകാരം നിശ്ചിത അധ്യയന ദിനങ്ങൾ തികയ്ക്കുന്നതിനായി മധ്യവേനൽ അവധിക്കാലം 15 ദിവസം വെട്ടിക്കുറയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.
എന്നാൽ ഈ നിർദേശം നടപ്പിലാക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളിൽ അരമണിക്കൂർ ക്ളാസ് സമയം നീട്ടിയതും ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയിരിക്കുന്നതും. മധ്യവേനൽ അവധിയിൽ കൈവച്ചാൽ അധ്യാപകരും വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന ഭയമാണ് മദ്റസ സംവിധാനങ്ങളെ ബാധിക്കുന്ന നിലയിൽ അരമണിക്കൂർ ക്ളാസ് സമയം നീട്ടിയതിന് പിന്നിലെന്നും ആരോപണമുണ്ട്. കൂടാതെ വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളിൽ അരമണിക്കൂർ ക്ളാസ് സമയം വർധിപ്പിച്ചത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് ആവർത്തിക്കുന്ന വിദ്യാഭ്യാസ വകുപ്പ്, ശനിയാഴ്ചകളിൽ ക്ളാസ് നടത്തേണ്ടെന്ന് കോടതി പറഞ്ഞിട്ടും ഇത്തവണയും ആറ് ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയിട്ടുമുണ്ട്.

Be the first to comment