div dir=”auto”>റിയാദ്: സഊദി അറേബ്യാ മന്ത്രി സഭയിൽ വീണ്ടും അഴിച്ചു പണി. ചില വകുപ്പ് മന്ത്രിമാരെ സ്ഥാനം മാറ്റി സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് പുതിയ രാജ കൽപ്പന ബുധനാഴ്ച രാത്രി പുറപ്പെടുവിച്ചത്. വിദേശ കാര്യ മന്ത്രിയെ മാറ്റി പകരം പുതിയൊരാളെ പ്രഖ്യാപിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം. പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള ബിൻ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് ആണ് പുതിയ വിദേശ കാര്യ മന്ത്രി. നിലവിലെ വിദേശ കാര്യ മന്തി ഡോ: ഇബ്‌റാഹീം ബിൻ അബ്ദുൽ അസീസ് അൽ അസ്സാഫിനെ ഒഴിവാക്കിയാണ് പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള ബിൻ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദിനെ പുതിയ വിദേശ കാര്യ മന്ത്രിയായി നിയമിച്ചത്. അൽ അസ്സാഫിനെ ക്യാബിനറ്റ് പദവിയോടെ സ്റ്റേറ്റ് മന്ത്രിയായി നിയമിച്ചിട്ടുണ്ട്.
ഒരു വർഷം കഴിയും മുൻപാണ് വിദേശ കാര്യ മന്ത്രി സ്ഥാനം പുതിയൊരാളിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അൽ അസ്സാഫ് വിദേശ കാര്യ മന്ത്രിയായി ചുമതലയേറ്റത്.
പുതിയ വിദേശ കാര്യ മന്ത്രിയായ ഫൈസൽ ബിൻ ഫർഹാൻ നിലവിൽ ജർമനിയിലെ സഊദി അംബാസിഡറായി പ്രവർത്തിച്ചു വരികയായിരുന്നു. കൂടാതെ, സഊദി അറേബ്യാൻ മിലിറ്ററി ഇൻഡസ്ട്രീസ് കമ്പനി ഡയരക്ടർ ബോർഡ് അംഗവും അൽ സലാം എയ്‌റോ സ്‌പേസ് ഇൻഡസ്ട്രീസ് ചെയർമാൻ സ്ഥാനവും വഹിക്കുന്നുണ്ട്. അമേരിക്കയിലെ സഊദി അംബാസിഡർ ചീഫ് ഉപദേശകനായും സഊദി റോയൽ കോർട്ട് ഉപദേശകനായും പ്രവർത്തിച്ചു പരിചയമുള്ളയാളുമാണ്.
സഊദി അറേബ്യാൻ എയർ ഡയരക്ടർ ജനറൽ ആയ എൻജിനീയർ സാലിഹ് ബിൻ നാസർ ബിൻ അലി അൽ ജാസറിനെ ട്രാൻസ്‌പോർട്ട് മന്ത്രിയായും നിയമിച്ചു. ഡോ: നബീൽ ബിൻ മുഹമ്മദ് അൽ അമൂദിയെ ഒഴിവാക്കിയാണ് സാലിഹിനെ ട്രാൻസ്‌പോർട്ട് മന്ത്രിയായി നിയമിച്ചത്. കൂടാതെ, സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ഉപ തലവനായി സാലിഹ് മുഹമ്മദ് അൽ ഉതൈമിനെയും ഏതാനും വകുപ്പുകളിലും തലവന്മാരെ നിയമിച്ചിട്ടുണ്ട്.
Be the first to comment