റിയാദ്: രാജ്യാന്തര വിപണിയില്‍ എണ്ണവില കൂപ്പുകുത്തിയതോടെ സഊദി സാമ്പത്തികരംഗത്ത് പിടികൂടിയ ഞെരുക്കം ഒഴിവാക്കാനായി. കണ്ടെത്തിയ പരിഷ്‌കാര മാര്‍ഗ്ഗങ്ങള്‍ ഫലം കാണുന്നതായി റിപ്പോര്‍ട്ടുകള്‍. എണ്ണവില കുറഞ്ഞതോടെ എണ്ണയെ മാത്രം ആശ്രയിച്ചു നിന്നാല്‍ രക്ഷയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭരണകൂടം എണ്ണയിതര വരുമാനത്തിലേക്ക് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ആദ്യഘട്ടത്തില്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഇപ്പോള്‍ ഇത് വിജയമായിക്കാണുന്നതായാണ് പുറത്തുവന്ന കണക്കുകള്‍.
ഈ വര്‍ഷം ആദ്യ പാദത്തില്‍ സഊദി പൊതുവരുമാനത്തില്‍ പതിനഞ്ച് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി സഊദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ ആണ് വെളിപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ രണ്ടു മൂന്നു മാസങ്ങളില്‍ 16,626 കോടി റിയാല്‍ പൊതു വരുമാനം നേടിയെന്നും എണ്ണയിതര മേഖലയില്‍ നിന്നും 5231 കോടി റിയാല്‍ വരുമാനം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 63 ശതമാനം കൂടുതലാണിത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം എണ്ണ വരുമാനത്തില്‍ രണ്ടു ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട വിപണിയില്‍ എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ആദ്യ പാദത്തില്‍ എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനം 11,394 കോടി റിയാലാണ്. അതേസമയം, പൊതുകടം 48,365 ആയി ഉയര്‍ന്നിട്ടുണ്ട്. ആദ്യ പാദത്തിന്റെ തുടക്കത്തില്‍ ഇത് 44,325 കോടി റിയാലായിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സഊദി പൊതുകടത്തില്‍ 27,740 കോടി റിയാല്‍ ആഭ്യന്തരകടവും 20,625 കോടി റിയാല്‍ വിദേശ കടവുമാണ്. ധനസന്തുലന പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വലിയ പുരോഗതിയാണ് സഊദി കൈവരിച്ചതെന്നാന്ന് ആദ്യപാദത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Be the first to comment