റിയാദ്: സഊദി അറേബ്യയിൽ താമസരേഖ (ഇഖാമ) പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടിച്ച് നാടുകടത്തി. സഊദി അറേബ്യയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ് താമസരേഖ പുതുക്കുന്നതിൽ മൂന്ന് തവണ കാലതാമസം വരുത്തിയാൽ നാടുകടത്തുന്ന നിയമം.ഈ നിയമനടപടിക്ക് വിധേയനായിരിക്കുകയാണ് മലപ്പുറം ഇടക്കര സ്വദേശി.
ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ഇഖാമ പുതുക്കാൻ വൈകിയ ഇദ്ദേഹം രണ്ട് തവണയും ഫൈൻ അടച്ച് പുതുക്കി ശിഷ നടപടികളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. മൂന്നാം വട്ടവും ഇഖാമ കാലാവധി കഴിഞ്ഞാലും മുമ്പത്തെ പോലെ ഫൈൻ അടച്ച് പുതുക്കാൻ കഴിയും എന്ന വിശ്വാസത്തിലായിരുന്നു യുവാവ്. പർച്ചേസിങ്ങിനായി ഖമീസ് മുശൈത്ത് ടൗണിലേക്ക് പോയ യുവാവിനോട് പോലിസ് പതിവ് പരിശോധനയുടെ ഭാഗമായി ഇഖാമ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥർ മുമ്പ് രണ്ട് തവണ കാലാവധി കഴിഞ്ഞിട്ടാണ് പുതുക്കിയതെന്ന് മനസിലാക്കിയ പോലിസ് മൂന്നാം തവണയും കാലാവധി തെറ്റിച്ചതിന് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ എത്തിച്ചു. ഇത് അറിഞ്ഞ് തർഹീലിൽ എത്തിയപ്പോൾ നാടുകടത്താനാണ് തീരുമാനം എന്ന് സഹോദരനോട് അധികൃതർ അറിയിച്ചു. തുടർന്ന് സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമ സമിതിയംഗവുമായ ബിജു കെ. നായരുടെ സഹായം തേടി. അദ്ദേഹത്തിെൻറ നിർദേശാനുസരണം വിമാനടിക്കറ്റുമായി എത്തി തർഹീലിൽ നിന്ന് പുറത്തിറക്കി അബഹ എയർപോർട്ട് വഴി നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു യുവാവിനെ.
Be the first to comment