<p> റിയാദ്: കൊറോണ പുതിയ രൂപത്തില്‍ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഊദി അറേബ്യ കര, വ്യോമ, കടല്‍ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചു. സഊദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചുള്ള മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായാണു പുതിയ തീരുമാനമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.</p>
<p> അതിര്‍ത്തികള്‍ അടക്കുന്നതോടനുബന്ധിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനങ്ങള്‍ ഇപ്രകാരമാണ്: എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും താത്ക്കാലികമായി ഒരാഴ്ചത്തേക്ക് റദ്ദാക്കി. പ്രത്യേക സാഹചര്യത്തിലുള്ള സര്‍വീസുകള്‍ അനുവദിക്കും. നിലവില്‍ സഊദിയില്‍ നിന്ന് പുറത്തേക്ക് സര്‍വീസ് നടത്തുന്ന വിദേശ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമാകില്ല. കര, കടല്‍ മാര്‍ഗം സൗദിയിലേക്ക് പ്രവേശിക്കുന്നതിനു ഒരാഴ്ചത്തേക്ക് വിലക്ക്. ഒരു പക്ഷേ മറ്റൊരു ആഴ്ചത്തേക്ക് കൂടി വിലക്ക് നീട്ടിയേക്കാം.</p>
<p> യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഡിസംബര്‍ 8ന് ശേഷം സഊദിയില്‍ എത്തിയവര്‍ രണ്ടാഴ്ച ക്വാറന്റൈനിന്‍ കഴിയണമെന്നും ക്വാറന്റൈന്‍ സമയം ഓരോ അഞ്ചുദിവസം കൊവിഡ് ടെസ്റ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. യൂറോപ്പില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദര്‍ശനം നടത്തിയവരും കൊവിഡ് ടെസ്റ്റിന് വിധേയരാവണം. ചരക്ക് നീക്കവും വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള സഹായ വിതരണവും തടസ്സമില്ലാതെ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.</p>
Be the first to comment