റിയാദ്: കൊവിഡ് പ്രതിസന്ധി മൂലം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാവുകയും കോണ്‍സുലേറ്റുകളും എംബസികളും നിശ്ചലമാകുകയും ചെയ്തതോടെ സഊദിയിലേക്ക് വരാന്‍ കഴിയാതെ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഇത്തരക്കാര്‍ക്ക് നിബന്ധനകളോടെ വിസകള്‍ പുതുക്കി നല്‍കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിസയുടെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പോണ്‍സര്‍ നല്‍കുന്ന അപേക്ഷ പരിഗണിച്ച് ഇത്തരക്കാര്‍ക്ക് വിദേശ രാജ്യങ്ങളിലെ സഊദി കോണ്‍സുലേറ്റുകളും എംബസികളും വഴി കാലാവധി നീട്ടി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ സഊദി വിദേശ കാര്യ മന്ത്രാലയമോ ബന്ധപ്പെട്ട വകുപ്പുകളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സ്റ്റാമ്പ് ചെയ്ത ശേഷം കാലാവധി കഴിഞ്ഞ വിസകളാണ് ചില നിബന്ധനകളോടെ വീണ്ടും നീട്ടിക്കൊടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വിസ സ്റ്റാമ്പ് ചെയ്ത് നിശ്ചിത തിയ്യതിക്കകം സഊദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതിരിക്കുകയോ അല്ലെങ്കില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ സാധിക്കാതെ കാലാവധി തീരുകയോ ചെയ്തവര്‍ വിസ അയച്ച തൊഴിലുടമയുടെ അപേക്ഷ കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ചാണ് തിയ്യതി പുതുക്കേണ്ടത്. വിസ പുതുക്കാനുള്ള അപേക്ഷ തയ്യാറാക്കിസഊദി ചേംബര്‍ ഓഫ് കൊമേഴ്സും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ ശേഷമാണ് കോണ്‍സുലേറ്റിലേക്ക് അയക്കേണ്ടത്. നാട്ടില്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ മെഡിക്കല്‍ ഫിറ്റ്നസ് രേഖയും ഇതോടൊപ്പം സമര്‍പ്പിച്ചാല്‍ വിസ വീണ്ടും അടിച്ച് കിട്ടുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, നിലവില്‍ ഇന്ത്യയില്‍ നിന്നും സഊദിയിലേക്കുള്ള തൊഴില്‍ വിസകളുടെ സ്റ്റാമ്പിങ് പുനഃരാരംഭിച്ചിട്ടില്ല. വിസ സ്റ്റാമ്പിങ് പുനഃരാരംഭിക്കുന്നതോടെ ഇത്തരക്കാര്‍ക്കും ഇതേ രൂപത്തില്‍ വിസ പുതുക്കാന്‍ സാധിക്കും. വിമാന സര്‍വീസ് ആരംഭിച്ച ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. പലരും ഇത്തരം വിസകള്‍ രണ്ടാമത് സ്റ്റാമ്പ് ചെയ്ത് സഊദിയിലെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Be the first to comment