ദാവോസ്: ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ വലിയ അവകാശവാദവുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഊദി അറേബ്യയോടും പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെകിനോടും എണ്ണ വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. എണ്ണവില കുറയുകയാണെങ്കില്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. തന്റെ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് സംഭവിക്കാത്തതില്‍ അത്ഭുതമുണ്ടെന്ന ട്രംപ് കൂട്ടിച്ചേര്‍ത്തു.
‘സഊദി അറേബ്യയോടും ഒപെക്കിനോടും എണ്ണ വില കുറയ്ക്കാന്‍ ഞാന്‍ ആവശ്യപ്പെടാന്‍ പോകുകയാണ്. നിങ്ങള്‍ അത് കുറയ്ക്കണം. ഇത് തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ചെയ്യാത്തതില്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. അവര്‍ ഇക്കാര്യം ചെയ്യാത്തതില്‍ എനിക്ക് അല്‍പ്പം ആശ്ചര്യവുമുണ്ട്. എണ്ണവില കുറയുകയാണെങ്കില്‍, റഷ്യ-ഉക്രൈന്‍ യുദ്ധം ഉടന്‍ അവസാനിക്കും.’ ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
എണ്ണ വിലയ്ക്ക് പുറമേ, പലിശ നിരക്ക് കുറയ്്ക്കാനും റിപ്പബ്ലിക്കന്‍ നേതാവായ ട്രംപ് ആഗ്രഹിക്കുന്നുണ്ട്. ഉക്രൈനില്‍ സംഭവിക്കുന്നതിന് ഒപെക് രാജ്യങ്ങള്‍ ഒരു പരിധിവരെ ഉത്തരവാദികളാണെന്നാണ് ട്രംപിന്റെ അഭിപ്രായം.
‘നിങ്ങള്‍ എണ്ണവില കുറയ്ക്കണം, നിങ്ങള്‍ ആ യുദ്ധം അവസാനിപ്പിക്കണം. അവര്‍ അത് വളരെ മുമ്പേ ചെയ്യണമായിരുന്നു. ഒരുപരിധി വരെ അവര്‍ക്ക് വളരെയധികം ഉത്തരവാദിത്തമുണ്ട്. എന്താണ് സംഭവിക്കുന്നത്, ദശലക്ഷക്കണക്കിന് ജീവന്‍ നഷ്ടപ്പെടുന്നു. അതിനാല്‍ എണ്ണവില കുറയ്ക്കണം.’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
റഷ്യ ഉക്രൈന്‍ യുദ്ധം ഉടന്‍ പരിഹരിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ദാവോസിലെ തന്റെ പ്രസംഗത്തിന് മുമ്പ്, ഡൊണാള്‍ഡ് ട്രംപ് വീണ്ടും റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷത്തിന് ഉടനടി പരിഹാരം കാണാനും ‘നികുതി, താരിഫുകള്‍, ഉപരോധങ്ങള്‍’ എന്നിവയുള്‍പ്പെടെ റഷ്യയ്ക്കു മേല്‍ ചുമത്തിയേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
റഷ്യന്‍ ജനതയോടുള്ള തന്റെ ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായുള്ള തന്റെ മുന്‍കാല ബന്ധത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു.
‘ഞാന്‍ റഷ്യയെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ റഷ്യന്‍ ജനതയെ സ്‌നേഹിക്കുന്നു, പ്രസിഡന്റ് പുടിനുമായി എല്ലായ്‌പ്പോഴും വളരെ നല്ല ബന്ധം പുലര്‍ത്തുന്നു. റഷ്യ ഞങ്ങളെ വിജയിപ്പിക്കാന്‍ സഹായിച്ചത് നാം ഒരിക്കലും മറക്കരുത്.’ ട്രംപ് പറഞ്ഞു.
നാറ്റോയില്‍ ചേരാനുള്ള മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെ തീരുമാനത്തിന് ശേഷം 2022 ജനുവരിയില്‍ റഷ്യ ഉക്രൈന്‍ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. കിഴക്കന്‍ യൂറോപ്പിലും ഉക്രൈനിലും നാറ്റോ ഒരു സൈനിക പ്രവര്‍ത്തനവും നടത്തില്ലെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ നിയമപരമായ ഉറപ്പ് നല്‍കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഉക്രൈന്‍ പാശ്ചാത്യരുടെ കളിപ്പാവയാണെന്ന് വ്‌ലാഡിമിര്‍ പുടിന്‍ നിരന്തരം അവകാശപ്പെടുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം, 14,000ത്തിലധികം പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
Be the first to comment