
ലക്നൗ: ഉത്തർപ്രദേശിലെ സംഭലിൽ പെരുന്നാൾ ദിനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലിസ്. പെരുന്നാൾ നിസ്കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രമായി ചുരുക്കണമെന്നാണ് നിർദേശം. റോഡുകളിലെയും, വീടുകൾക്കും, കെട്ടിടങ്ങൾക്ക് മുകളിലും നടക്കുന്ന നമസ്കാരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തരവിറക്കി. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ഹോളി ആഘോഷത്തിനിടെ നടന്ന പൊലിസ് നരനായാട്ടിന് പിന്നാലെയാണ് പെരുന്നാൾ ദിനത്തിലും നിയന്ത്രണങ്ങളേർപ്പെടുത്തിയത്. ഹോളി ദിനത്തിൽ 1015 പേരെ കരുതൽ തടങ്കലിലാക്കിയ പൊലിസ് നടപടി വിവാദമായിരുന്നു. ഇതിന് പുറമെ പള്ളികൾ ടാർപായ കൊണ്ട് പൊതിയുകയും ചെയ്തിരുന്നു. ഈദ് ദിനത്തിൽ സാധാരണയിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നതിനാൽ വീടുകൾക്കും, കെട്ടിടങ്ങൾക്കും മുകളിൽ നമസ്കാരം നടക്കാറുണ്ട്. ഇത്തവണ ഇത് പാടില്ലെന്നാണ് നിർദേശം.
ഇന്ന് രാവിലെ ജില്ല പൊലിസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ച് ചേർത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് തീരുമാനം. പൊലിസ് നിർദേശം കർശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം നടപടിയെടുക്കുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി. പെരുന്നാൾ ദിനത്തോടനുബന്ധിച്ച് സംഭലിലും പരിസര പ്രദേശങ്ങളിലും കൂടുതൽ സേനയെ വിന്യസിക്കാനാണ് പൊലിസ് തീരുമാനം. സംഘർഷ സാധ്യത പ്രദേശങ്ങളിൽ സിസിടിവി, ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തും. ഇതിന് പുറമെ രഹസ്യാന്വേഷണ സംഘത്തിന്റെ സഹായം തേടുമെന്നും പൊലിസ് വ്യക്തമാക്കി.
സംഭലിന് പുറമെ മീററ്റിലും സമാനമായ നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. റോഡിലെ നമസ്കാരത്തിന് അനുമതിയില്ല. റോഡിൽ നമസ്കരിച്ചാൽ പാസ്പോർട്ടും, ലെെസൻസും കണ്ടുകെട്ടുമെന്ന് മീററ്റ് പൊലിസ് അറിയിച്ചിട്ടുണ്ട്. ഉത്തരവുകൾ ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം 200 പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Be the first to comment