വ്യാപാര അവസരങ്ങള്‍ക്ക് വഴിതെളിയിച്ച് ഇന്ത്യ- ഖത്തര്‍ നിക്ഷേപ സമ്മേളനം

ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്‍- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്‍ സമാപിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍(ഐ.ബി.പി.സി)യാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങളിലെയും വ്യവസായ വാണിജ്യ പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്ത സമ്മേളനം രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി ബന്ധവും വ്യാപാര വാണിജ്യ സഹകരണവും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമായി. വിവിധ മേഖലകളില്‍ രണ്ടു രാജ്യങ്ങളിലെയും അവസരങ്ങളും സാധ്യതകളും പരസ്പരം ബോധ്യപ്പെടുത്തുന്നതിനും സമ്മേളനം സഹായകമായി. ഊര്‍ജം, പെട്രോ കെമിക്കല്‍, വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യവിഭവ ശേഷി, ഐടി തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

പുതിയ രണ്ടു കപ്പല്‍ പാതകള്‍ സജ്ജമായതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരത്തില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സമ്മേളനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 7.5 ശതമാനത്തിനും എട്ടിനും ഇടയിലാണെന്നും അടിസ്ഥാനവികസനരംഗത്ത് നിരവധി വന്‍പദ്ധതികള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നും സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.െജ. അക്ബര്‍ ചൂണ്ടിക്കാട്ടി. ലോകെത്ത വലിയ വാതക കയറ്റുമതി രാജ്യമായ ഖത്തര്‍ ഇന്ത്യയുടെ മൂല്യമേറിയ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തിലുള്ള നിക്ഷേപകര്‍ക്ക് ഇന്ത്യ മികച്ച സ്ഥലമാണ്. 2022ഓടെ 700 ബില്ല്യന്‍ വിദേശനിക്ഷേപം ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷി രാജ്യത്തിനുണ്ട്. 100 പുതിയ നഗരങ്ങളും 200 വിമാനത്താവളങ്ങളും യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു. നിലവില്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിവരുന്നതുമായ പദ്ധതികള്‍ക്ക് പുറമേയാണിത്.

റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, ഭക്ഷ്യോല്‍പാദനം, ചെറുകിടമേഖല എന്നിവയില്‍ വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ മികച്ച അവസരങ്ങളുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 400 മില്ല്യനും 500 മില്ല്യനും ഇടയിലുള്ള പുതിയ ഉപഭോക്താക്കള്‍ ഉണ്ടാകും. വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ആശുപത്രികള്‍ ഇന്ത്യയില്‍ പുതുതായി ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.
ഇതിനാല്‍ ഇന്ത്യന്‍ ആരോഗ്യരംഗം വിേദശനിക്ഷേപകര്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കാവുന്ന മേഖലയാണ്. ചരിത്രപരമായി തന്നെ ഇന്ത്യയും ഖത്തറും നല്ല വ്യാപാര പങ്കാളികളാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊര്‍ജപങ്കാളിത്തം ഏറെ വിലപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും താഴെക്കിടയിലുള്ളവരുടെ ജീവിതം മെച്ചെപ്പടുത്താന്‍ ഊര്‍ജമേഖലയിലെ പദ്ധതികള്‍ അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഖത്തര്‍ വിദേശകാര്യസഹമന്ത്രി സുല്‍താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. നയ തന്ത്രവ്യാപാരമേഖലയില്‍ ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണ് ഖത്തറിനുള്ളത്. ഊര്‍ജം, അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമം, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും.ഹമദ് രാജ്യാന്തര തുറമുഖം വഴി പുതിയ വ്യാപാര പാതക്ക് ഖത്തര്‍ തുടക്കമിട്ടിട്ടുണ്ടെന്നും അല്‍ മുറൈഖി പറഞ്ഞു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള പങ്കാളിത്തം പുതിയ തലങ്ങളിലേക്കു ഉയരേണ്ടതുണ്ട്. ഇവിടത്തെ ഇന്ത്യന്‍ ബിസിനസ് സമൂഹം ഇതിന് ചാലക ശക്തിയായി പ്രവര്‍ത്തിക്കും. ഖത്തറിലെ ബിസിനസ് അന്തരീക്ഷത്തെ കുറിച്ചു വ്യക്തമായ ധാരണ ഇവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഖത്തരി ഇന്ത്യന്‍ സംയുക്ത ബിസിനസ് കൗണ്‍സിലിനു രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കൗണ്‍സിലിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇന്ത്യ ഖത്തര്‍ വ്യാപാരത്തിലെ വളര്‍്ച്ച തുടരുമെന്നും അല്‍മുറൈഖി ചൂണ്ടിക്കാട്ടി.
ഖത്തറിനും ഇന്ത്യക്കും ഇടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംരംഭങ്ങളെ പോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ക്യുഎന്‍ ബി ചീഫ് ബിസിസ് ഓഫീസറും എക്‌സിക്യൂട്ടിവ് ജനറല്‍ മാനേജറുമായ അബ്ദുല്ല മുബാറക് അല്‍ ഖലീഫ, ഐ പി ബി സി പ്രസിഡന്റ് കെ.എം വര്‍ഗീസ്, ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍, ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് റാഷിദ് അല്‍ കഅ്ബി തുടങ്ങിയവരും പങ്കെടുത്തു.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*