
“തിരുവനന്തപുരം: തിരുവനന്തപുരം കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. അഫാന്റെ പെണ്‍സുഹൃത്തായ ഫര്‍സാനയുടെ മൃതശരീരം പുതൂരിലെ വീട്ടില്‍ എത്തിച്ച ശേഷം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ സംസ്‌കാരം നടത്തി.മുത്തശ്ശി സല്‍മാ ബീവി, സഹോദരന്‍ അഫ്‌സാന്‍ എന്നിവരുടെ മൃതശരീരം പാങ്ങോട് ജുമാ മസ്ജിദിൽ സംസ്‌കരിച്ചു.പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ ഷാഹിദാ ബീവിയുടെയും മൃതദേഹം പുല്ലമ്പാറ എസ്എന്‍പുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം പാങ്ങോട് ജുമാ മസ്ജിദിൽ സംസ്‌കരിച്ചു.
ലത്തീഫിന്റെയും സജിതാ ബീവിയുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിച്ചേർന്നത്. സിആര്‍പിഎഫില്‍ നിന്നു വിരമിച്ച ശേഷം എട്ടുവര്‍ഷമായി ഇവിടെ വിശ്രമജീവിതം നയിക്കുകയായിരുന്നു ലത്തീഫും ഭാര്യയും. പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ലത്തീഫും കുടുംബവും.
ആറ് മണിക്കൂറിനുള്ളില്‍ അഞ്ച് കൊലപാതകങ്ങള്‍. ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ സംഭവം. ഉമ്മയോട് അഫാന്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനാല്‍ ആക്രമിച്ചു. കഴുത്തില്‍ ഷാള്‍ കുരുക്കി നിലത്തടിച്ചു. പിന്നീട് മരിച്ചെന്ന് കരുതി മുറിയില്‍ പൂട്ടിയിട്ട് അവിടെ നിന്ന് മുത്തശ്ശിയുടെ അടുത്തേക്കാണ് പോയത്. 1.15ന് മുത്തശ്ശി സല്‍മ ബീവിയെ ആക്രമിച്ചു. പേരുമലയിലെ അഫാന്റെ വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. പോകുംവഴി ചുറ്റിക വാങ്ങിയാണ് പ്രതി സല്‍മാബീവിയുടെ വീട്ടിലേക്ക് പോയത്. എന്നാല്‍ സല്‍മാബീവിയെ മരിച്ചനിലയില്‍ കണ്ടത് വൈകീട്ട് 4.30ന് ആണ്.
മുത്തശ്ശിയുടെ അടുത്തുനിന്നെടുത്ത സ്വര്‍ണവുമായി വെഞ്ഞാറമൂട് എത്തിയപ്പോള്‍ ലത്തീഫ് ഫോണില്‍ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചു. പുല്ലമ്പാറ എസ്എന്‍ പുരത്തെ വീട്ടില്‍ വച്ചായിരുന്നു ആക്രമിച്ചത്. ലത്തീഫിന്റെ ഭാര്യ സജിതാബീവിയെ അടുക്കയില്‍ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ പേരുമലയിലെ വീട്ടില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് ലത്തീഫ് താമസിക്കുന്നത്.
വൈകീട്ട് നാലുമണിക്ക് തിരിച്ചു വീട്ടില്‍ എത്തിയാണ് സഹോദരന്‍ അഫ്‌സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വൈകീട്ട് ആറുമണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.
അഫാന്‍ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പ്രതി സഹോദരനെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ തന്നെ ഉപേക്ഷിച്ചിരുന്നു.”
Be the first to comment