ദോഹ: പുതുവത്സര ക്രിസ്തുമസ് അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് നിർദേശവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്ക് വിമാന സമയത്തിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. സെൽഫ് ചെക്ക് ഇൻ സർവീസ് പരമാവധി ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. ശൈത്യകാലമായതിനാൽ രാജ്യത്തേക്ക് വരുന്നവരും പോകുന്നവരും വളരെയധികം വർധിക്കുമെന്നാണ് കണക്ക് കൂട്ടൽ.
ജനുവരി മൂന്ന് വരെ ഖത്തർ എയർവേസ് യാത്രക്കാർക്ക് യാത്രക്ക് മുമ്പ് 12 മണിക്കൂർ മുതൽ നാല് മണിക്കൂർവരെ സമയത്തിനുള്ളിൽ ഓൺലൈൻ ചെക് ഇൻ ചെയ്യാവുന്നതാണ്. എന്നാൽ അമേരിക്ക, കാനഡ ഒഴികെ രാജ്യങ്ങളിലേക്കുള്ളവർക്ക് എല്ലാം ഈ സൗകര്യം ഉപയോഗപ്പെടുത്താം. വിമാനത്താവളത്തിൽ സെൽഫ് സർവിസ് ചെക് ഇനും ബാഗ് ഡ്രോപ് സൗകര്യവും ലഭ്യമാവും.
ഖത്തർ റെസിഡൻറ്സിന് യാത്രക്ക് ഇ-ഗേറ്റ് ഉപയോഗിച്ച് ഇമിഗ്രേഷൻ എളുപ്പത്തിൽ പൂർത്തിയാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ളവർക്കാണ് ഇ-ഗേറ്റ് സൗകര്യം ലഭിക്കുക. യാത്രചെയ്യുന്ന എയർലൈൻ കമ്പനികൾ നിർദേശിക്കുന്ന പരിധിക്കുള്ളിൽ മാത്രമേ ലഗേജുകൾ അനുവദിക്കൂ. നേരത്തെ തന്നെ തൂക്കം പരിശോധിച്ചാൽ വിമാനത്താവളത്തിൽ വെച്ചുള്ള ടെൻഷൻ ഒഴിവാക്കാം. ഇനി തൂക്കാൻ കൂടിയാൽ തന്നെ പേടിക്കേണ്ടതില്ല. പുറപ്പെടൽ ടെർമിനലിന് അരികിലായി ലഗേജ് റീപാക്ക് ചെയ്യാനുള്ള സൗകര്യവും തൂക്ക മെഷീനും ഉണ്ടാകും.
ലോകത്തിലെ തന്നെ ഏറ്റവും വിശാലമായ വിമാനത്താവളങ്ങളിൽ ഒന്നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളം സംബന്ധിച്ച യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ കിയോസ്കുകൾ ഒരുക്കിയിട്ടുണ്ട്. വഴി അറിയാനും മറ്റു വിവരങ്ങൾക്കുമായി ടച്ച് സ്ക്രീൻ സൗകര്യമുള്ള കിയോസ്കുകൾ ഉപയോഗിക്കാവുന്നതാണ്. 20 ഭാഷകളിൽ കിയോസ്കുകളിൽ സേവനം ലഭിക്കുമെന്നതിൽ ഭാഷാ പേടിയും വേണ്ട.
Be the first to comment