വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; കനത്ത സുരക്ഷയില്‍ നഗരം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി ഇന്നലെ രാത്രി കേരളത്തില്‍ എത്തിയിരുന്നു. തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും കൂടി സ്വീകരിച്ചു. രാജ്ഭവനിലാണ് പ്രധാനമന്ത്രി ഇന്നലെ തങ്ങിയത്.
പ്രധാനമന്ത്രിയുടെ സരക്ഷ കണക്കിലെടുത്ത് തലസ്ഥാന നഗരിയിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സമീപദിവസങ്ങളില്‍ തലസ്ഥാനത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ ബോംബു ഭീഷണി ഉയര്‍ന്നത് ഇന്റലിജന്‍സിനടക്കം തലവേധന സൃഷ്ടിച്ചിരുന്നു.
സ്വപ്‌ന പദ്ധതിയുടെ സമര്‍പ്പണത്തിനു സാക്ഷിയാകാന്‍ നിരവധി പേര്‍ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. രാവിലെ ഒമ്പതര മണി മുതല്‍ പൊതുജനങ്ങളെ പരിപാടിയിലേക്ക് പ്രവേശിപ്പിക്കും.
രാവിലെ പത്തുമണിക്ക് ശേഷമാകും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്തേക്ക് എത്തുക. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം പതിനൊന്നു മണിക്ക് മോദി വിഴിഞ്ഞം പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കും. തുടര്‍ന്ന് പന്ത്രണ്ടോടെ മടങ്ങും.
ചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ സര്‍ബാനന്ദ സോനവാള്‍, ജോര്‍ജ് കൂര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, എംപിമാരായ അടൂര്‍ പ്രകാശ്, ശശി തരൂര്‍, എ.എ റഹീം, എം വിന്‍സന്റ് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ടാകും.
മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചക്ക് രണ്ടുമണി വരെയാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*