രാജ്യത്തെ സമുദ്ര വ്യാപാരമേഖലയിൽ വിഴിഞ്ഞത്തിലൂടെ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് കേരളം. 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുള്ള സാൻ ഫെർണാണ്ടോ എന്ന കൂറ്റൻ കപ്പൽ 1930 കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം നങ്കൂരമിട്ടു. ഇന്നലെ കേരളം ഈ പ്രതീക്ഷാനൗകയെ ഹൃദയാരവം നൽകി സ്വീകരിച്ചു. ഇത്രയും വലിയ കപ്പൽ (മദർഷിപ്പ്) ആദ്യമായാണ് ഇന്ത്യയിലെ ഒരു തുറമുഖതീരം തൊടുന്നതെന്ന് അറിയുമ്പോൾ അത് നൽകുന്ന ആഹ്ലാദവും പ്രതീക്ഷയും കടലോളം വരും. കേരളം പുതുയുഗപ്പിറവിയിലാണ്. രാജ്യത്തിലെ മാത്രമല്ല, ലോകത്തിന്റെ തന്നെ കടൽവ്യാപാര മാപ്പിൽ ഒരു ചെമ്പൊട്ടായി വിഴിഞ്ഞവും മാറുന്നു. ചരക്കുകളുമായി കടൽതാണ്ടി കൂറ്റൻ കപ്പലുകൾ ഇനി ഇവിടെയെത്തും. വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കും ചെറുകപ്പലുകളിലൂടെ (ഫീഡർ ഷിപ്പ്) ഈ ചരക്കുകൾ നീങ്ങും.
മദർഷിപ്പിൽനിന്ന് ചരക്കുകൾ ഇറക്കി ഫീഡർ ഷിപ്പുകൾ വഴി മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്ന ട്രാൻസ്ഷിപ്പ്‌മെന്റ് പ്രവർത്തനങ്ങൾക്കാണ് വിഴിഞ്ഞത്ത് തുടക്കംകുറിച്ചിരിക്കുന്നത്. മൂന്നു മാസം ഈ ട്രയൽ റൺ തുടരും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചപ്പോൾ കേരളത്തിൽ തിരയടിക്കുന്നത് വികസനത്തിന്റെ വൻ കുതിപ്പാണ്. സെപ്റ്റംബറോടെ പൂർണസജ്ജമാകുന്ന വിഴിഞ്ഞത്ത് വാണിജ്യാടിസ്ഥാനത്തിൽ ചരക്കുനീക്കം നടക്കും.
വാണിജ്യപ്രവർത്തനങ്ങൾ തുടങ്ങുംമുമ്പുതന്നെ ലോകത്തെ പ്രമുഖ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്കെത്താൻ താൽപര്യം പ്രകടിപ്പിച്ചു എന്ന വാർത്ത പ്രതീക്ഷയുടേതാണ്. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും വിഴിഞ്ഞത്ത് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ സ്വീകരണം നൽകിയ സാൻ ഫെർണാണ്ടോ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയായ മെസ്‌ക് ചാർട്ട് ചെയ്തതാണ്. 20 മീറ്റർ ആഴവും തുറമുഖത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്രാ കപ്പൽ ചാൽ കടന്നുപോകുന്നതുമാണ് വിഴിഞ്ഞത്തെ സമുദ്രവ്യാപാരത്തിന്റെ കേന്ദ്രമാക്കാനിടയാക്കുക.
സമുദ്രവ്യാപാരത്തിനൊപ്പം വാതിൽ തുറക്കുന്ന തൊഴിൽമേഖലകളെ പൂർണമായും ഉപയോഗപ്പെടുത്താൻ സർക്കാരിന് കഴിയേണ്ടതുണ്ട്. യുവാക്കൾക്ക് ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ വിഴിഞ്ഞം തുറന്നിടും. മാരിടൈം കോഴ്‌സുകൾക്കുള്ള കൂടുതൽ സാധ്യത തിരിച്ചറിഞ്ഞ് ഈ വഴിക്കും ഇടപെടലുകൾ ഉണ്ടാകണം. വിഴിഞ്ഞത്തിലൂടെ കേരളത്തിന്റെ സാമ്പത്തിക വികസനം യാഥാർഥ്യമാകണമെങ്കിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാകണം.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വിഴിഞ്ഞം പദ്ധതിക്ക് പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടത്. ഇന്ന് പദ്ധതി യാഥാർഥ്യമാക്കിയ സർക്കാരിനെ നയിക്കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ എതിർപ്പിന്റെ മൂർച്ച കുറഞ്ഞിരുന്നുവെങ്കിൽ ഏറെ മുമ്പെ വിഴിഞ്ഞത്ത് കപ്പൽ അടുക്കുമായിരുന്നു. ഇപ്പോൾ ചെലവ് പ്രതീക്ഷിക്കുന്നത് 7700 കോടിയാണ്. ലക്ഷ്യമിട്ട കാലത്തിനുള്ളിൽ പൂർത്തീകരിച്ചിരുന്നുവെങ്കിൽ ഇതിന്റെ പാതി മതിയാകുമായിരുന്നു.
2015ലാണ് വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖത്തിന്റെ വികസനത്തിന് അദാനിയുമായി 40 വർഷത്തെ കരാറിന് ഒപ്പുവയ്ക്കുന്നത്. ഉമ്മൻ ചാണ്ടി, വി.എസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നീ മുഖ്യമന്ത്രിമരുടെയും തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എം.വി രാഘവൻ മുതൽ വി.എൻ വാസവൻ വരെയുള്ള മന്ത്രിമാരുടെയും ശശി തരൂർ എം.പിയുടെയുമെല്ലാം ഇടപെടലിനെ ആർക്കും വിസ്മരിക്കാനോ കുറച്ചുകാണാനോ ആവില്ല. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ ഇടപെടലും പരാമർശിക്കപ്പെടേണ്ടതു തന്നെയാണ്.
എന്നാൽ വിഴിഞ്ഞം ഉദ്ഘാടനവേദിയിൽ കേട്ടത് ആരെയും അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് പറയാതെ വയ്യ. ചടങ്ങിൽനിന്ന് പ്രതിപക്ഷ നേതാവിനെ മാറ്റിനിർത്തിയത് വിലകുറഞ്ഞ രാഷ്ട്രീയം തന്നെയാണ്. ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം പൂർത്തീകരിച്ചു എന്നത് ഏത് രാഷ്ട്രീയധാർമികതയുടെ മൂശയിലും ന്യായീകരിക്കാൻ കഴിയില്ല. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യവും ഇടതിന്റെ ഇടപെടലുമാണ് ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിട്ട കപ്പൽ. 2006ലെ വി.എസ് സർക്കാരാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുന്നിട്ടിറങ്ങിയതെങ്കിലും അതും വിസ്മരിക്കപ്പെട്ടു. 2011ൽ അധികാരത്തിൽ എത്തിയ ഉമ്മൻ ചാണ്ടി നയിച്ച യു.ഡി.എഫ് സർക്കാർ ഏറെ രാഷ്ട്രീയ ആരോപണങ്ങൾ നേരിട്ടെങ്കിലും പദ്ധതി നടപ്പാക്കാൻ വലിയ പങ്കുവഹിച്ചിരുന്നു. അദാനി തുറമുഖ നിർമാണം തുടങ്ങിയ ശേഷമാണ് 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തുന്നത്.
ചരിത്രത്തെ തിരസ്‌കരിക്കുകയും പ്രതിപക്ഷ പാർട്ടി നേതാക്കളെ പടിക്കുപുറത്ത് നിർത്തുകയും ചെയ്യുന്ന രാഷ്ട്രീയമാണ് 10 വർഷമായി കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ തുടർന്നുപോന്നിരുന്നത്. മോദിയുടെ ഈ ഏകാധിപത്യ രാഷ്ട്രീയത്തിന്റെ പകർപ്പിന് കേരള ജനതയും കൈയടിക്കുമെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണുള്ളത്. ഓരോ സർക്കാരും ഭരണത്തുടർച്ചയാണ്. വൻകിട പദ്ധതികൾ, ആരംഭിച്ച സർക്കാരുകൾക്കുതന്നെ പൂർത്തിയാക്കാനാവണമെന്നില്ല. എൽ.ഡി.എഫ് സർക്കാർ തുടക്കമിട്ട പല പദ്ധതികളും തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. തിരിച്ചുമുണ്ട് നിരവധി ഉദാഹരണങ്ങൾ. പദ്ധതികളുടെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സ്വാഭാവികമാണ്. എങ്കിലും തറക്കല്ലിട്ടവരെ തഴയുന്ന രാഷ്ട്രീയം ജനാധിപത്യത്തിന്റേതല്ല, ജനവിരുദ്ധതയുടേതാണ്.
വൻ വികസന പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ ഉയരുന്ന ജീവൽ പ്രശ്‌നങ്ങളെയും കണാതിരിക്കരുത്. വിഴിഞ്ഞത്ത് തീരം വിട്ടൊഴിയേണ്ടി വന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. ഒപ്പം യാഥാർഥ്യമാക്കിയ സ്വപ്‌നപദ്ധതികൾക്ക് പിന്നെന്ത് എന്ന അന്വേഷണവും വേണം. സർക്കാർ ഉടമസ്ഥതയിലോ സ്വകാര്യ പങ്കാളിത്വത്തിലോ ആയിക്കോട്ടെ, ഓരോ പദ്ധതിയും ഒട്ടനവധി പേരുടെ ജീവിതംകൂടിയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൂർണമായും യാഥാർഥ്യമായ ഒരു വൻ പദ്ധതിയായിരുന്നു കണ്ണൂർ അന്താരാഷ്ട്രാ വിമാനത്താവളം. മലബാറിന്റെ തലവര മാറ്റുമെന്ന് സ്വപ്‌നം കണ്ട പദ്ധതി. ഇന്ന് കണ്ണൂർ വിമാനത്താവളം ചിറക് തളർന്ന് കിടപ്പിലാണ്. നഷ്ടങ്ങളുടെ കണക്ക് കൂടി വരുന്നു. വിഴിഞ്ഞത്തിന് ആ ഗതിയുണ്ടാകരുത്. പദ്ധതികൾ മാത്രംപോരാ, എങ്ങനെ അവയെ ഉപയോഗപ്പെടുത്തുന്നുവെന്നതും പ്രാധാനമാണ്.
Be the first to comment