ലോകത്തിന്‍റെ നെറുകയില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ ഖ്യാതിക്ക് ഇന്ന് മങ്ങലേറ്റിരിക്കുന്നു.ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഏതൊരു മത വിശ്വാസിക്കും മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും സ്വാതന്ത്ര്യമുള്ള ഭാരത ദേശത്ത് ഇന്നതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.വിദ്യാഭ്യാസം പോലും വര്‍ഗ്ഗീയ കോലുകൊണ്ടളക്കുന്ന വലിയൊരു വിഭാഗം സ്വാതന്ത്ര്യ വിരുദ്ധര്‍ ഉയര്‍ന്നു വരുമ്പോള്‍ അവര്‍ക്കുമുന്നില്‍ ഇരകളാകുന്നത് ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകളാണെന്ന് ഖേദകരം തന്നെ.സ്ത്രീകള്‍ക്ക് ഇസ്ലാം കവചമായി നിര്‍ദേശിച്ച ഹിജാബ് അവര്‍ ധരിക്കുന്നത് അവരുടെ മത വിശ്വാസങ്ങളെ പുണര്‍ന്നു കൊണ്ടാണെന്നിരിക്കെ,അവരുടെ തല്‍പര വസ്ത്രവും അതു തന്നെയെന്നിരിക്കെ അത് ധരിക്കരുതെന്ന് വിലക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ നിയമാനുശാസത്തിന് എതിരാണെന്നത് ഏതൊരു പൗരനും നിശേധിക്കാനാവാത്തതാണ്.യൂണിഫോം എന്ന പേരില്‍ സ്കൂളുകളും കോളേജുകളും തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുമ്പോഴും മത മൂല്യങ്ങളെ ഉപേക്ഷിക്കണമെന്ന് പറയാനോ കല്‍പിക്കാനോ അവര്‍ക്കധികാരമില്ല.അങ്ങനെയിരിക്കെ ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കാനും വിദ്യാഭ്യാസം നല്‍കില്ല എന്ന് പറയാനും കര്‍ണ്ണാടകയിലെ അധ്യാപകര്‍ക്ക് തന്‍റേടം നല്‍കിയത് ആരാണെന്ന് പരിശോധിക്കേണ്ടതുണ്ട്.വസ്ത്ര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ആധുനിക ഫെമിനിസ്റ്റുകള്‍ ഹിജാബ് വിഷയത്തില്‍ നിശബ്ദത പാലിക്കുന്നത് അതിശയകരം തന്നെ.എന്ത് തന്നെ ആയാലും ജനാധിപത്യത്തിന്‍റെ നെടും തൂണുകളെ തച്ചുടക്കുന്ന ഇത്തരം നീതി നിഷേധങ്ങള്‍ നിര്‍ത്തലാക്കേണ്ടതിന്‍റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നു.

Be the first to comment