ന്യൂഡല്‍ഹി: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച മുതല്‍ വലിയ വിമാനങ്ങള്‍ക്കുള്ള സുരക്ഷാ പരിശോധന നടത്തുമെന്ന് എയര്‍ ഇന്ത്യ. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഉപദേശകസമിതി ചെയര്‍മാന്‍ കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് എത്രയുംവേഗം സുരക്ഷാ നിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എംപിമാരുടെ സംഘം എയര്‍ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖരോലയെ കണ്ട് നിവേദനം നല്‍കിയിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ്, എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കരിപ്പുരില്‍ നിന്ന് മദീനയിലേക്കും ദുബായിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കണമെന്നും എം.പിമാരുടെ സംഘം ആവശ്യമുന്നയിച്ചിരുന്നു.
വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ശുപാര്‍ശ നല്‍കിയതായി നേരത്തെ കുഞ്ഞാലിക്കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിരുന്നെങ്കിലും സുരക്ഷാ പരിശോധന നടന്നിരുന്നില്ല. വരുമാനത്തില്‍ ഏറെ മുന്നില്‍ നിന്നിട്ടും പലകാരണങ്ങളാല്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധിക്കുന്നത് കനത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് അറ്റകുറ്റപ്പണിയുടെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയത്.
Be the first to comment