വഖ്ഫ് നിയമഭേദഗതിയിലെ വിവാദവ്യവസ്ഥകളിൽ ചിലത് അടുത്ത ഏഴുദിവസത്തേക്ക് നടപ്പാക്കില്ലെന്ന കേന്ദ്രത്തിന്റെ ഉറപ്പിൽ, ഭേദഗതിയുടെ അടിസ്ഥാനത്തിലുള്ള നടപടികളൊന്നും പാടില്ലെന്ന പൊതു ഉത്തരവോടെ നിയമഭേദഗതി താൽക്കാലികമായി മരവിപ്പിച്ച് നിർത്തിയിരിക്കുകയാണ് സുപ്രിംകോടതി. ഈ സമയത്തിനുള്ളിൽ ഉറപ്പു ലംഘിച്ചുള്ള ഏതൊരു നടപടിയും അസാധുവാകുമെന്നും നിലവിലെ വഖ്ഫ് സ്വത്തുക്കളിൽ ഒരുമാറ്റവും പാടില്ലെന്നും കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. നിയമഭേദഗതി പൂർണമായും സ്റ്റേ ചെയ്യണമെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അടക്കമുള്ളവരുടെ ആവശ്യത്തിൽ കോടതി തുടർന്ന് വിശദവാദം കേൾക്കും. ഈ സമയത്തിനുള്ളിൽ കേന്ദ്രത്തിന് തങ്ങളുടെ നിലപാടും അറിയിക്കാം. കേസ് കോടതി വീണ്ടും പരിഗണിക്കുന്നതുവരെ അമുസ് ലിംകളെ വഖ്ഫ് ബോർഡുകളിലേക്കോ വഖ്ഫ് കൗൺസിലിലേക്കോ നിയമിക്കില്ലെന്നും ഉപയോഗത്തിലൂടെ വഖ്ഫായി മാറിയതും അല്ലാത്തതുമായ സ്വത്തുക്കൾ വഖ്ഫ് സ്വത്തല്ലെന്ന് പ്രഖ്യാപിക്കില്ലെന്നുമാണ് കേന്ദ്രം സുപ്രിംകോടതിയിൽ നൽകിയ ഉറപ്പിൽ പ്രധാനപ്പെട്ടത്.
നിയമഭേദഗതി ഇപ്പോൾ കോടതിയുടെ മുന്നിലാണ്. രാജ്യത്തെ നീതിന്യായവ്യവസ്ഥയിൽ പ്രതീക്ഷയർപ്പിച്ച് സുദീർഘമായൊരു പോരാട്ടത്തിന് തയാറെടുക്കുകയാണ് മതേതരസമൂഹം. ഒരുസമൂഹമെന്ന നിലയിലുള്ള മുസ് ലിംകളുടെ സാമ്പത്തികശേഷി തകർത്ത് അവരെ രണ്ടാംതരം പൗരരാക്കുന്നതിലേക്കുള്ള വഴികൾ എളുപ്പമാക്കുക എന്നതാണ് ഈ നിയമഭേദഗതികൊണ്ട് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. സാമ്പത്തിക അന്യവൽക്കരണം എന്നത് സമ്പത്തിന്റെ അഭാവം മാത്രമല്ല, ഒരിക്കൽ അന്തസിലേക്ക് നയിച്ച വാതിലുകൾ വ്യവസ്ഥാപിതമായി അടയ്ക്കൽകൂടിയാണ്.
വഖ്ഫ് കേസിൽ രണ്ടു ദിവസത്തെ വാദങ്ങളിലും കേന്ദ്രസർക്കാർ പ്രതിരോധത്തിലായിരുന്നു. എണ്ണബലമുണ്ടെങ്കിൽ പാർലമെന്റിൽ ബില്ലുകൾ പാസാക്കാൻ പ്രയാസമില്ല. വാചാലതകൊണ്ട് എതിരാളികളെ നിഷ്പ്രഭമാക്കുകയും ചെയ്യാം. എന്നാൽ, കോടതിയിലെത്തുമ്പോൾ ഭരണഘടനയും നിയമവും യുക്തിയുമാണ് സംസാരിക്കുക. കേസിലെ ആദ്യദിവസം ഭേദഗതിയിൽ ഉറച്ചുനിന്ന കേന്ദ്രം സുപ്രിംകോടതി ശക്തമായ നിലപാടെടുത്തതോടെ ചില വ്യവസ്ഥകളിൽ സ്വയം മരവിപ്പിക്കലിന് തയാറാകുകയായിരുന്നു. നിയമം സുപ്രിംകോടതി സ്‌റ്റേ ചെയ്യുന്നതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം ലഘൂകരിക്കുകയെന്നതായിരിക്കും കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തിന്റെ ലക്ഷ്യം. മൂന്ന് കാര്യങ്ങളിൽ തങ്ങൾ ഉത്തരവിടാൻ പോകുകയാണെന്നായിരുന്നു സുപ്രിംകോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കേസിൽ തീർപ്പുണ്ടാക്കുന്നതുവരെ കോടതി വഖ്ഫ് സ്വത്തുക്കളാക്കി പ്രഖ്യാപിച്ച സ്വത്തുക്കൾ, അത് ഉപയോഗത്തിലൂടെ വഖ്ഫ് സ്വത്തുക്കളായതായാലും അല്ലാത്തതായാലും വഖ്ഫ് സ്വത്തുക്കളല്ലെന്ന് പ്രഖ്യാപിക്കരുത്. രണ്ടാമതായി, വഖ്ഫ് സ്വത്തിൻമേലുള്ള അവകാശവാദത്തിൽ സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുന്ന ഘട്ടത്തിൽ പ്രസ്തുത സ്വത്തുക്കൾ വഖ്ഫ് സ്വത്തുക്കളായി കണക്കാക്കില്ലെന്ന വ്യവസ്ഥ നടപ്പാക്കരുത്. മൂന്നാമത്, എക്സ് ഒഫീഷ്യോ അംഗങ്ങളൊഴിച്ച്, വഖ്ഫ് കൗൺസിലിലും വഖ്ഫ് ബോർഡുകളിലും മുസ് ലിംകൾ അല്ലാത്തവരെ അംഗങ്ങളാക്കരുത്. ഈ നിലപാടിനുള്ള ന്യായങ്ങളും കോടതി വ്യക്തമായി പറഞ്ഞു. വഖ്ഫ് ചെയ്യണമെങ്കിൽ അഞ്ചുവർഷം ഇസ് ലാം ആചരിച്ചിരിക്കണമെന്ന വ്യവസ്ഥയും മരവിപ്പിക്കേണ്ടതാണെന്നും പെട്ടെന്ന് പ്രത്യാഘാതമുണ്ടാക്കാത്തതായതിനാൽ അത് തൽക്കാലം വിടുന്നുവെന്നും കോടതി പറഞ്ഞു.
അപകടം നിറഞ്ഞ വ്യവസ്ഥകളാണ് വഖ്ഫ് ഭേദഗതിയിലുള്ളത്. അതിലേറ്റവും പ്രധാനം ഉപയോഗത്തിലൂടെയുള്ള വഖ്ഫുകൾ ഇല്ലാതാക്കുന്നു എന്നതാണ്. രാജ്യത്തെ പഴയകാല മുസ് ലിം രാജാക്കൻമാർ ബാക്കിവച്ചുപോയ ചരിത്രസ്മാരകങ്ങൾ വഖ്ഫായത് ഉപയോഗ വഖ്ഫിലൂടെയാണ്. ആകെയുള്ള എട്ടു ലക്ഷം വഖ്ഫ് സ്വത്തുക്കളിൽ നാലു ലക്ഷവും ഉപയോഗത്തിലൂടെ വഖ്ഫ് സ്വത്തുക്കളായി മാറിയവയാണെന്ന് സമസ്തയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ് വി സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാരിന് ഒറ്റയടിക്ക് ഈ സ്വത്തുക്കൾ വഖ്ഫ് സ്വത്തല്ലാതായി പ്രഖ്യാപിക്കുകയും സർക്കാർ സ്വത്താക്കി മാറ്റുകയും ചെയ്യാം. വഖ്ഫ് സ്വത്തുക്കളിൽ പാതിയും ഒരു ഉത്തരവിലൂടെ സർക്കാർ സ്വത്തായി മാറുന്നത് സങ്കൽപ്പിക്കാൻതന്നെ സാധിക്കുന്നതാണോ! ഇതിനെയാണ് പ്രധാനമായും കോടതി നേരിട്ട് ചോദ്യം ചെയ്തത്.
ബ്രിട്ടിഷുകാർ ഇന്ത്യയിലെത്തുംമുമ്പ്, നിലവിലുള്ളത് പോലുള്ള രജിസ്‌ട്രേഷൻ സംവിധാനം രാജ്യത്തുണ്ടായിരുന്നില്ല. അപ്പോൾ, വഖ്ഫായി രജിസ്റ്റർ ചെയ്തവ മാത്രമേ വഖ്ഫ് സ്വത്തുക്കളായി കണക്കാക്കാനാവുകയുള്ളൂ എന്ന് പറയുന്നതിൽ എന്തു യുക്തി എന്നാണ് കോടതി ചോദിച്ചത്.
സ്വത്തിൻമേലുള്ള തർക്കം ഉദ്യോഗസ്ഥൻ തീർപ്പാക്കുന്നതുവരെ ഒരു സ്വത്ത് വഖ്ഫായി കണക്കാക്കാൻ കഴിയില്ലെന്ന കാര്യം എങ്ങനെ നീതീകരിക്കാനാവുമെന്നാണ് സുപ്രിംകോടതി കേന്ദ്രത്തോട് ചോദിച്ച മറ്റൊരു ചോദ്യം. സിവിൽ കോടതി തീരുമാനിക്കേണ്ട കാര്യം എങ്ങനെ ഉദ്യോഗസ്ഥന് തീരുമാനിക്കാനാവുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. വഖ്ഫ് ബോർഡിൽ അമുസ് ലിംകളെ ഉൾപ്പെടുത്തുന്നതിനെയും എതിർത്ത സുപ്രിംകോടതി ഹിന്ദു എൻഡോവ്‌മെന്റുകളിൽ മുസ് ലിംകളെ ഉൾപ്പെടുത്തുമോയെന്ന ചോദ്യമാണ് മറ്റൊന്ന്. സുപ്രിംകോടതി ഇടപെടലോടെ മതേതര സമൂഹത്തിന് കൂടുതൽ പ്രതീക്ഷ കൈവന്നിരിക്കുന്നു.
വഖ്ഫ് എന്ന വാക്ക് വിശ്വാസത്തിന്റെ ഗൗരവമേറിയ ഭാരം വഹിക്കുന്നതാണ്. അത് നൂറ്റാണ്ടുകളായി നിർമിക്കപ്പെട്ട ദാനധർമത്തിന്റെയും പൈതൃകത്തിന്റെയും സംവിധാനമാണ്. വഖ്ഫ് നിയമഭേദഗതി മനുഷ്യബന്ധങ്ങൾ ചുറ്റിക കൊണ്ടടിച്ച് തകർക്കുന്ന പോലെയാണ്. സമത്വം, നീതി, മതസ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളിൽ വേരൂന്നിയതാണോ ഏത് നിയമനിർമാണവും എന്ന് വിലയിരുത്തണം. വഖ്ഫ് നിയമഭേദഗതി അങ്ങനെയല്ല. ഒരു ബഹുമത രാജ്യത്ത്, ഭൂരിപക്ഷ മതവിഭാഗത്തിന്റെയോ സാംസ്‌കാരിക വിഭാഗത്തിന്റെയോ വിശ്വാസങ്ങളെയോ താൽപര്യങ്ങളെയോ പ്രതിഫലിപ്പിക്കുന്നതിനായി പാസാക്കുന്ന നിയമങ്ങൾ സാമൂഹിക ഐക്യത്തെ തകർക്കുകയും ബഹുസ്വരതയുടെയും ഉൾക്കൊള്ളലിന്റെയും തത്വങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും. ഈ ബോധ്യത്തോടെ രാജ്യത്തെ ജുഡിഷ്യൽ സംവിധാനം വഖ്ഫ് കേസിനെ സമീപിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
Be the first to comment