റിയാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ലെബനോനിലുള്ള പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാകുന്നതിനു മുമ്പ് തന്നെ രാജ്യം വിടണമെന്നും സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിചേരണമെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. സാധ്യമായത്ര വേഗത്തില്‍ ലെബനോന്‍ വിടുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ലെബനോനിലുള്ള തങ്ങളുടെ പൗരന്മാര്‍ എത്രയും വേഗം എംബസിയുമായി ബന്ധപ്പെട്ട് പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ലെബനോനിലുള്ള സഊദി പൗരന്മാര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ബെയ്‌റൂത്ത് സഊദി എംബസി ആവശ്യപ്പെട്ടു.
അതേസമയം, സഊദി പൗരന്മാരായ മുന്നൂറു പേരെ രക്ഷപ്പെടുത്തിയതായി സഊദി എംബസി അറിയിച്ചു. ലബനോന്‍ ആര്‍മിയുടെ അകമ്പടിയോടെ ഇവരെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചതായും ശനിയാഴ്ച്ച ഉച്ചയോടെ സഊദി വിമാന കമ്പനി ഒരുക്കിയ മൂന്നു വിമാനങ്ങളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയതായും എംബസി അറിയിച്ചു. എന്നാല്‍, ഇനി എത്ര പേരാണ്ഇവിസ കുടുങ്ങി കിടക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയിലെന്നും എംബസി വ്യക്തമാക്കി. ബൈറൂത്തിലെ തങ്ങളുടെ പൗരന്മാരോട് അടിയന്തിരമായി എമ്പസിയുമായി ബന്ധപ്പെടാന്‍ സഊദി അടിയന്തിര സന്ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ, ലെബനോനിലേക്ക് പോകുന്നതിനെതിരെ തങ്ങളുടെ പൗരന്മാര്‍ക്ക് കുവൈത്തും ഈജിപ്തും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പുതിയ നികുതികളും ഫീസുകളും ബാധകമാക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിലും പ്രതിഷേധിച്ച് സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമെങ്ങും പ്രതിഷേധക്കാര്‍ തെരുവുകളിലിറങ്ങുകയും റോഡുകള്‍ അടക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാന നഗരിയായ ബെയ്‌റൂത്ത് ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ തിളച്ചുമറിയുകയാണ്. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് വാട്‌സ്ആപ്പ് കോളിങിന് ഏര്‍പെടുത്തിയ നികുതി സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ഇന്നലെ നടത്താന്‍ നിശ്ചയിച്ച മന്ത്രിസഭാ യോഗം റദ്ദാക്കുകയും ചെയ്തിരുന്നു.
Be the first to comment