റമദാനിൽ തീർഥാടകരുടെ തിരക്ക് വർധിക്കും; മക്ക ഹറമിലെ സുരക്ഷാപദ്ധതികളുടെ ഒരുക്കങ്ങൾ പൂർത്തിയായി.

“മക്ക: റമദാനിൽ തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനാൽ മക്ക ഹറമിലെ സുരക്ഷാപദ്ധതികളുടെ ഒരുക്കങ്ങൾ പൂർത്തിയായി. പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പൊതുസുരക്ഷാ, ട്രാഫിക് വകുപ്പുകളുടെ സജീകരണങ്ങൾ തുടങ്ങിയവയെല്ലാം പരിശോധിച്ചു.

തീർഥാടകർക്കും സന്ദർശകർക്കും സമാധാനപരമായ അന്തരീക്ഷത്തിൽ അവരുടെ ആരാധനകൾ നിർവഹിക്കുന്നതിനുള്ള സൗകര്യവും സംരക്ഷണവും ഒരുക്കാൻ വിവിധ സുരക്ഷാവകുപ്പുകൾക്ക് കീഴിലായി വിപുലമായ പദ്ധതികളാണ് പൂർത്തിയാക്കിയിരിക്കുന്നത്.
 
ഹറമിനുള്ളിലെയും, വഴികളിലെയും, പുറത്തെ മുറ്റങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുകയും സുരക്ഷാപദ്ധതികൾ നടപ്പാ ക്കുന്നതിനുള്ള സംവിധാനങ്ങൾ വിലയിരുത്തുകയും ചെയ്തു. തീർഥാടകർക്ക് അവരുടെ ആരാധനകൾ ആശ്വാസത്തോടെയും സമാധാനത്തോടെയും നിർവഹിക്കുന്നതിനുള്ള സുരക്ഷ, ട്രാഫിക് പദ്ധതികൾ തുടങ്ങിയവയും ഉംറ സുരക്ഷാസേനാ മേധാവികളുടെ സാന്നിധ്യത്തിൽ പൊതുസുരക്ഷ മേധാവി അവലോകനം ചെയ്തു.

മക്കയിലെ ക്രൗഡ് മാനേജ്മെന്റ് സിസ്‌റ്റം പ്രവർത്തിക്കുന്നത് സഊദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദിയ) യുമായി ഏകോപിപ്പിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ജനത്തിരക്കും ആളുകളുടെ പെരുമാറ്റവും സൂക്ഷ്‌മമായി പിടിച്ചെടുത്ത് വിശകലനം ചെയ്യാൻ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന കാമറകൾക്ക് സാധിക്കും. ക്രൗഡ് മൂവ്‌മെന്റ് മാനേജ്മെൻ്റ് മെച്ചപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകമാകും.

വെള്ളി, ശനി ദിവസങ്ങളിൽ അൽനൂരിയ, ശറായ എന്നിവിടങ്ങളിലും വാഹനങ്ങൾ പിടിച്ചിടുന്ന മറ്റു സ്‌ഥലങ്ങളിലും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് പതിവ് സംഭവമാണ്. അതേസമയം, അത്തരം സാഹചര്യങ്ങളിലും ആളുകളുടെ സുഗമമായ പ്രവേശനവും പുറത്തുകടക്കലും സഞ്ചാരവും ഉറപ്പാക്കുന്നതിന് കൃത്യമായ സുരക്ഷയും ട്രാഫിക് പ്ലാനുകളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.”

About Ahlussunna Online 1431 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*