ന്യൂഡല്‍ഹി: ബാഹ്യഘടങ്ങളില്‍ പഴിചാര്‍ത്തി, രൂപയുടെ മൂല്യമിടിയുന്ന കാര്യത്തില്‍ ഒരു നടപടിയും എടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് കൂടുതല്‍ തിരിച്ചടിയാവുന്നു. വിദേശ കടത്തിനു മേല്‍ ഇന്ത്യയ്ക്ക് അധികമായി അടയ്‌ക്കേണ്ടി വരിക 68,500 കോടി രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരമാണിത്.
യു.എസ് ഡോളറിനെതിരെ ഈ വര്‍ഷം മാത്രം 11 ശതമാനത്തിലേറെ ഇടിവുണ്ടായതിനെത്തുടര്‍ന്നാണ് ഈ അധിക ബാധ്യത. വ്യാഴാഴ്ച ഡോളറിനെതിരെ 72 ല്‍ വരെ ഇന്ത്യന്‍ രൂപ എത്തിയിരുന്നു. ഈമാസം മാത്രമുണ്ടായത് രണ്ടു ശതമാനം ഇടവ്.
വിദേശനിക്ഷേപം, വിദേശ കമ്പനികളുടെ നിക്ഷേപം എന്നീ ഇനത്തില്‍ ഇന്ത്യയ്ക്ക് 2017 ല്‍ 217.6 യു.എസ് ഡോളറാണ് ഹ്രസ്വകാല വായ്പയായി ഉള്ളത്. 2018 ആദ്യ പകുതിയില്‍ ഇതിന്റെ 50 ശതമാനം കൊടുത്തുവെന്ന് അനുമാനിച്ചാല്‍ തന്നെ വരും കാലയളവില്‍ 7.1 ട്രില്യണ്‍ രൂപ ഇന്ത്യ ഡോളറില്‍ കൊടുക്കേണ്ടി വരും. 2017 ല്‍ 65.1 രൂപയെന്ന നിരക്കില്‍ വാങ്ങിയ ഡോളറുകള്‍ ഇപ്പോള്‍ നല്‍കേണ്ടത് 72 രൂപയ്ക്കാണ്. ഇതാണ് ഭീമമായ അധികച്ചെലവ് വരുത്തുന്നത്.
കൂടാതെ, വിദേശത്തേക്കുള്ള യാത്രകള്‍, കാര്‍, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങി ഇറക്കുമതി ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്, വിദേശപഠനം എന്നിവയെല്ലാം ചെലവേറും.
എന്നാല്‍, യു.എസ് ഡോളര്‍ ശക്തിപ്പെട്ടതാണ് തിരിച്ചടിക്കു കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. മറ്റു രാജ്യങ്ങളുടെ കറന്‍സികളിലും ഇന്ത്യയ്ക്കു സമാനമായ ഇടിവുണ്ടെന്നും അതിനാല്‍ ഇടപെടുന്നില്ലെന്നുമാണ് ആര്‍.ബി.ഐയുടെയും നിലപാട്.
Be the first to comment