ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ പെരുകുന്നതില്‍ ആശങ്കയറിയിച്ച് സുപ്രിംകോടതി. വരുംദിവസങ്ങളില്‍ സാഹചര്യം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കൊവിഡ് കേസുകള്‍ നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സജ്ജമായിരിക്കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേസുകള്‍ കൂടുന്നത് തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ രണ്ടുദിവസത്തിനകം അറിയിക്കാന്‍ കേന്ദ്രത്തിനും ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി.

കൊവിഡിനെ നേരിടാന്‍ എല്ലാ സംസ്ഥാനങ്ങളും കൂടുതല്‍ സജ്ജരാകേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ഡല്‍ഹിയില്‍ കാര്യങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി വഷളായിക്കൊണ്ടിരിക്കുകയാണെന്നും എന്തെല്ലാമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചു. ഇക്കാര്യം കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതാണെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ പറഞ്ഞു. തുടര്‍ന്ന് പുതിയ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൊവിഡിനെ നേരിടാന്‍ കേന്ദ്രം ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

ഡല്‍ഹിയില്‍ ഗൗരവമുള്ള സ്ഥിതിയുണ്ട്. കേസുകള്‍ കൂടുകയാണ്.

അത് നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം. കേന്ദ്രം ഡല്‍ഹിയില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റക്കെട്ടായി നിന്ന് കൊവിഡിനെ നേരിടേണ്ട സമയമാണിതെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഗുജറാത്ത് കൊവിഡിനെ നേരിടുന്ന കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ഗുജറാത്തുകാരന്‍ കൂടിയായ ജസ്റ്റിസ് എം.ആര്‍ ഷാ ചൂണ്ടിക്കാട്ടി.

ഗുജറാത്തില്‍ എന്താണ് നടക്കുന്നത്. എന്താണ് അവരുടെ നയം. അവിടെ രാഷ്ട്രീയ യോഗങ്ങളും മറ്റും നിയന്ത്രിക്കുന്നതിന് എന്ത് നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചതെന്നും എം.ആര്‍ ഷാ ഗുജറാത്ത് സര്‍ക്കാരിനോട് ചോദിച്ചു. അവിടെ വലിയ വിവാഹ സല്‍ക്കാരങ്ങള്‍ക്കും മറ്റും അനുമതി കൊടുത്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Be the first to comment