
മണ്ടാലെ (മ്യാന്മര്‍): രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുടെ അഭാവം മൂലം മ്യാന്മറില്‍ ഭൂചലനത്തെ തുടര്‍ന്നുള്ള രക്ഷാദൗത്യം മന്ദഗതിയില്‍. മരണസംഖ്യ കൂടാന്‍ കാരണവും ഇതാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണ് മണ്ടാലെ. ഇവിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്താന്‍ പോലും രക്ഷാസേന പാടുപെടുകയാണ്.
വെള്ളിയാഴ്ചയാണ് ഉച്ചയോടെ 7.7 തീവ്രതയുള്ള ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പാലങ്ങളും റോഡുകളും തകര്‍ന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനും പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാനും തടസമായി.
വീടുകളും ബിസിനസ് സ്ഥാപനങ്ങളും എങ്ങും വിള്ളല്‍ വീണും ഭാഗികമായി തകര്‍ന്ന നിലയിലാണ്. ഇവിടെയൊന്നും രക്ഷാസേനയോ സര്‍ക്കാര്‍ ഏജന്‍സികളോ റവന്യൂ വകുപ്പോ ഇതുവരെ എത്തിയിട്ടില്ല. മ്യാന്മറിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മ എവിടെയും ദൃശ്യമാണ്.
മണ്ടാലെ സ്വദേശി സന്‍ദാര്‍ വിന്‍ (45) ഉം ആറു വയസുള്ള മകനും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ട് അവരെ ജനങ്ങളാണ് ഏറെ പണിപ്പെട്ട് പുറത്തെടുത്തത്. 15 ലക്ഷം പേര്‍ താമസിക്കുന്ന പട്ടണത്തിലാണ് ഭൂചലനം ഏറെ നാശനഷ്ടമുണ്ടാക്കിയത്.
മ്യാന്‍മാറിലും തായ്ലാന്‍ഡിലും കനത്ത നാശത്തിനിടയായ ഭൂകമ്പത്തില്‍ മരണസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മ്യാന്‍മാറിലെ സൈനിക ഭരണകൂടത്തിന്റെ പ്രസ്താവന പ്രകാരം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 1,600-ല്‍ കവിഞ്ഞു. ഇതിനുപുറമെ, അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, മരണസംഖ്യ 1,644 ആയി ഉയര്‍ന്നിട്ടുണ്ടെന്നും 3,408 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ്. കൂടാതെ, 139 പേരെ കാണാതായെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. അയല്‍രാജ്യമായ തായ്ലന്‍ഡില്‍ ഭൂകമ്പത്തെ തുടര്‍ന്ന് 10 പേര്‍ മരണമടഞ്ഞു.
മരണസംഖ്യ പതിനായിരം കവിയാമെന്ന് മുന്നറിയിപ്പ്
ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വലിയതോതില്‍ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (USGS) മുന്നറിയിപ്പ് നല്‍കി. ഇതില്‍ 10,000-ത്തിലധികം പേരുടെ മരണം സംഭവിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ തന്നെ ആയിരത്തിലധികം ആളുകള്‍ മരിച്ചിരിക്കാമെന്ന വിലയിരുത്തലാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ നല്‍കിയത്.
തലസ്ഥാനമായ നയ്പിഡോ ഉള്‍പ്പെടെ മ്യാന്‍മറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അക്രമാസക്തമായ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജനജീവിതം വീണ്ടും പഴയപടി വീണ്ടെടുക്കാന്‍ കഠിനപ്രയത്‌നത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Be the first to comment