സമാവർത്തി പട്ടികയിലുള്ള (കൺകറന്റ് ലിസ്റ്റ്) വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് ഭരണഘടനയുടെ ഏഴാം പട്ടിക വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം രാജ്യത്തെ പരമോന്നത നീതിപീഠം പലകുറി ഓർമിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ദുർബലപ്പെടുത്താൻ അനുദിനം ശ്രമിക്കുന്ന കേന്ദ്രഭരണകൂടം, ഉന്നതവിദ്യാഭ്യാസമേഖലയെ തങ്ങളുടെ സങ്കുചിത ആശയധാരയിൽ ഉറപ്പിച്ചുനിർത്താൻ ഒരുമ്പെടുന്നു എന്നതാണ് യുനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷൻ പുറത്തിറക്കിയ പുതിയ കരട് മാർഗനിർദേശം വെളിവാക്കുന്നത്.
ഉന്നതവിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരം ഉറപ്പാക്കാനെന്ന് അവകാശപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശം ഫലത്തിൽ പ്രതിലോമകരവും സങ്കുചിത താൽപര്യം മുന്തിനിൽക്കുന്നതുമാണെന്ന് അതിലെ വ്യവസ്ഥകൾ വായിച്ചുനോക്കുന്ന ആർക്കും മനസിലാകും. അക്കാദമികനിലവാരം, അധ്യാപക-വി.സി നിയമനം തുടങ്ങി ഉന്നതവിദ്യാഭ്യാസമേഖലയുടെ കാതലായ പലതിലും തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണം ഉറപ്പുവരുത്തുകയാണ് പുതിയ മാർഗരേഖയിലൂടെ കേന്ദ്രസർക്കാർ ചെയ്യുന്നത്.
ദേശീയ വിദ്യാഭ്യാസ നിയമത്തിന്റെ ചുവടുപിടിച്ചാണ് യു.ജി.സി പുതിയ മാർഗരേഖ പുറത്തിറക്കിയിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസ നയംതന്നെ പരക്കെ വിമർശിക്കപ്പെട്ടതും വിവിധ സംസ്ഥാനങ്ങൾ പരിഗണിക്കാത്തതുമാണ്. എന്നാൽ അത്തരം വിമർശനങ്ങളോട് മുഖം തിരിഞ്ഞുനിന്ന കേന്ദ്രസർക്കാർ, ഉന്നതവിദ്യാഭ്യാസത്തിലും തങ്ങളുടെ രഹസ്യ അജൻഡ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്.
പുതിയ മാർഗനിർദേശപ്രകാരം ഉന്നതവിദ്യാഭ്യാസ രംഗത്തെത്തുന്ന അധ്യാപകർക്കുള്ള യോഗ്യതയാണ് ഏറെ അമ്പരപ്പിക്കുന്നത്.ബിരുദാനന്തര ബിരുദതലത്തിൽ ഐച്ഛിക വിഷയത്തിലുള്ള ആഴത്തിലെ അറിവ് ഇനിമുതൽ അധ്യാപക നിയമനത്തിന്റെ അളവുകോലല്ലെന്നാണ് യു.ജി.സി പറയുന്നത്. നേരത്തെ ഐച്ഛിക വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കും നെറ്റോ ഗവേഷണ ബിരുദമോ ആണ് അധ്യാപക യോഗ്യതക്ക് മാനദണ്ഡം. എന്നാൽ, ബിരുദാനന്തര ബിരുദമില്ലെങ്കിലും നാലുവർഷ ബിരുദത്തിൽ 75 ശതമാനം മാർക്കുള്ള ആർക്കും ഇനി മുതൽ ഗവേഷണ ബിരുദം നേടാനും നെറ്റ് യോഗ്യത നേടാനും കഴിയും. ഇതോടെ ഐച്ഛിക വിഷയത്തിൽ ഒരാൾക്ക് ബിരുദാനന്തര ബിരുദതലത്തിൽ ലഭിക്കേണ്ട അറിവും അനുഭവവും ഇല്ലാതാകും. ബിരുദ, ബിരുദാനന്തരതലത്തിൽ തങ്ങൾ പഠിച്ച വിഷയമാണ് അധ്യാപകരായി എത്തുന്നവർ പിന്നീട് കോളജുകളിലും സർവകലാശാലകളിലും പഠിപ്പിച്ചിരുന്നത്. എന്നാൽ പുതിയ മാർഗനിർദേശ പ്രകാരം ഏതെങ്കിലും വിഷയത്തിൽ നെറ്റോ പിഎച്ച്.ഡിയോ ഉണ്ടെങ്കിൽ അവർക്ക് തങ്ങളുടേതല്ലാത്ത വിഷയവും പഠിപ്പിക്കാനാകും. ഇത് അക്കാദമിക നിലവാരത്തെ വലിയതോതിൽ ബാധിക്കുമെന്നുറപ്പാണ്. അധ്യാപകനിയമന രീതിയിൽ അക്കാദമിക യോഗ്യതയെക്കാൾ അഭിമുഖ കർത്താക്കളുടെ വിലയിരുത്തലുകൾക്കാണ് പുതിയ മാർഗരേഖ പ്രാധാന്യം നൽകുന്നത്. നിലവിൽ അധ്യാപക യോഗ്യതയുടെ അടിസ്ഥാന ഘടകം ഉയർന്ന അക്കാദമിക യോഗ്യതയും ഒപ്പം ഗവേഷണമേഖലയിലെ പ്രാവീണ്യവുമാണ്. ഗവേഷണ മികവോ പ്രസിദ്ധീകരണങ്ങളുടെ മൂല്യമോ ഇല്ലെങ്കിലും ഇഷ്ടക്കാരിലൊരാളെ കോളജ്-സർവകലാശാലകളിൽ അധ്യാപകരാക്കാൻ മാർഗരേഖയനുസരിച്ച് ഇന്റർവ്യൂ ബോർഡിന് സാധിക്കും.
അധ്യാപക നിയമനത്തോടൊപ്പം വൈസ് ചാൻസലർമാരെ നിയമിക്കുന്ന രീതിയിലും സമൂല മാറ്റമാണ് മാർഗരേഖ മുന്നോട്ടുവെക്കുന്നത്. ഇനിമുതൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നത് ഗവർണറുടെ പൂർണ അധികാരത്തിലേക്ക് കൊണ്ടുവരും. വി.സിമാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളിലും അവരുടെ യോഗ്യതയിലും പ്രകടമായ മാറ്റമാണ് യു.ജി.സി രേഖ മുന്നോട്ടുവയ്ക്കുന്നത്. അക്കാദമിക പരിചയമില്ലാത്തവരെപ്പോലും വി.സിയായി വാഴിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കും. പുതിയ വ്യവസ്ഥകൾ പ്രകാരം തങ്ങൾക്ക് താൽപര്യമുള്ള ആരെയും വി.സിയാക്കാൻ കേന്ദ്രത്തിന് കഴിയും. വി.സിമാരെ തെരഞ്ഞെടുക്കാനുള്ള പാനലിൽ ഗവർണറുടെ ആധിപത്യം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഫലത്തിൽ, സർവകലാശാലകളുടെ തലപ്പത്തേക്ക് സംഘ്പരിവാർ അനുകൂലികളെ പ്രതിഷ്ഠിക്കാനുള്ള രഹസ്യ അജൻഡ നിയമംമൂലം പ്രാബല്യത്തിലാക്കുകയാണ്. വി.സി നിയമന ഘടന അടിമുടി മാറ്റി ആജ്ഞാനുവർത്തികളെ സർവകലാശാലകളുടെ തലപ്പത്തിരുത്തുവാൻ ബി.ജെ.പി ഏറെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലും പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും ഏറ്റവും ഒടുവിൽ കർണാടകയിലും വി.സി നിയമനകാര്യത്തിൽ സംസ്ഥാന സർക്കാരുമായി ഗവർണർമാർ പരസ്യമായ ഏറ്റുമുട്ടലിലുമാണ്. ഈയൊരു പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യം കൂടി പുതിയ മാർഗരേഖയ്ക്കുണ്ട്.
അതീവ സൂക്ഷ്മതയോടെയും ദീർഘവീക്ഷണത്തോടെയും ഗുണപരത ലാക്കാക്കിയുമാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ ഇടപെടേണ്ടത്. പകരം, തങ്ങളുടെ വിചാരധാരയ്‌ക്കൊപ്പം നിൽക്കുന്നവരെ തലപ്പത്തിരുത്തി സങ്കുചിതവും ചരിത്ര-ശാസ്ത്ര പിൻബലമില്ലാത്തതുമായ രീതി അടിച്ചേൽപ്പിക്കുന്നത് ഒരു തലമുറയെ ഇരുട്ടിലാക്കുന്നതിന് തുല്യമാണ്. ജ്ഞാനസമ്പാദനത്തിന് പഠിതാവിനെ പ്രാപ്തരാക്കാൻ പറ്റുംവിധമുള്ള അക്കാദമിക് സാഹചര്യം സൃഷ്ടിക്കുന്നതിന് പകരം രാഷ്ട്രീയ പ്രചാരകരുടെ മനോവികാരത്തിനൊത്ത് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തീറെഴുതുന്നത് പരിഹാരമില്ലാത്ത കൊടുംപിഴവായി മാറുമെന്ന് ഭരണകൂടം തിരിച്ചറിയേണ്ടതുണ്ട്.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ സമ്പൂർണമായി പിന്നോട്ടടിപ്പിക്കുന്ന യു.ജി.സിയുടെ മാർഗരേഖയ്‌ക്കെതിരേ കേരളവും തമിഴ്‌നാടും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മാർഗരേഖ പിൻവലിക്കണമെന്ന് തമിഴ്‌നാട് നിയമസഭ കഴിഞ്ഞ ദിവസം ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. കേന്ദ്രസർക്കാർ നീക്കത്തെ ഭരണഘടനാ തത്വങ്ങളുടെ ലംഘനമെന്ന നിലയ്ക്ക് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കേരളവും തമിഴ്‌നാടും പ്രഖ്യാപിച്ചു കഴിഞ്ഞു. പശ്ചിമബംഗാൾ, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും യു.ജി.സി നയത്തിനെതിരായ എതിർപ്പ് പ്രകടമാക്കിയിട്ടുണ്ട്.
രാജ്യം ലോകത്തിന് മുന്നിൽ ഇന്നോളം പ്രകടിപ്പിച്ച അക്കാദമിക ആത്മവിശ്വാസത്തെ റദ്ദു ചെയ്യാൻ ഹേതുകമായേക്കാവുന്ന യു.ജി.സി മാർഗരേഖയ്‌ക്കെതിരേ വലിയതോതിലുള്ള ബഹുജന രോഷം ഉയർന്നുവരേണ്ടതുണ്ട്. ഒപ്പം നിയമവഴിയിലൂടെയുള്ള കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും പോരാട്ടവും മുന്നോട്ടുകൊണ്ടുപോകണം. ഇത് കേവലം രാഷ്ട്രീയ ലക്ഷ്യത്തിലൂന്നിയ പ്രകടനമല്ല, ഭാവിതലമുറയെ ബാധിക്കുന്ന ഏറ്റവും ഗൗരവതരമായ വിഷയംതന്നെയാണ്.
Be the first to comment