
മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണ സംഖ്യ നൂറ് കടന്നതായി റിപ്പോര്‍ട്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനിക സര്‍ക്കാര്‍ അറിയിച്ചു. 70 ലധികം പേരെ കാണാനില്ലെന്നാണ് വിവരം.
പ്രകമ്പനത്തില്‍ നിരവധി കെട്ടിടങ്ങളും, പാലങ്ങളും, റോഡുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയിലെ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ദേശീയ പാതകള്‍ പലതും തകര്‍ന്നതിനാല്‍ ഗതാഗതം സ്തംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് നിലവില്‍ ദുരന്തകാല അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7, 6.4 തീവ്രതകള്‍ രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് ഉണ്ടായത്. മാണ്ഡലായിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സാഗൈഗ് നഗരത്തിന് വടക്ക് പടിഞ്ഞാറായി 16 കിലോമീറ്റര്‍ അകലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50 ഓടെയാണ് 10 കിലോമീറ്റര്‍ താഴ്ച്ചയില്‍ ഭൂകമ്പമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രകമ്പനം തായ്‌ലാന്റ് തലസ്ഥാനമായ ബാങ്കോക്കിലും അനുഭവപ്പെട്ടു. ബാങ്കോക്കിലെ ചതുചക് മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നു വീണു. ഇതിന് പുറമെ ബംഗ്ലാദേശ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മേഘാലയയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങള്‍ നടന്നു.
അതേസമയം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Be the first to comment