തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കേ മഴ കനക്കും. മണിക്കൂറില്‍ നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകും.മലയോര മേഖലകളിലാണ് മഴ കടുത്ത ഭീഷണിയാവുക. കഴിഞ്ഞ ദിവസം തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് മഴ ശക്തമാകാന്‍ കാരണമായത്. അടുത്ത നാലു ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.
ഇന്ന് എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നായിരുന്നു രാവിലത്തെ പ്രവചനം.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ തീവ്രമഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഇന്നലെ പകല്‍ സമയം കേരളത്തില്‍ പൊതുവേ മഴ കുറവായിരുന്നെങ്കിലും വൈകുന്നേരത്തോടെ ശക്തമാവുകയായിരുന്നു. അതി ശക്തമായ മഴയാണ് വൈകുന്നേരവും രാത്രിയും മലയോര മേഖലകളില്‍ അനുഭവപ്പെട്ടത്. ഇന്നും സമാനമായിരിക്കും മഴയെന്നാണ് പ്രതീക്ഷിക്കുന്നത്.
Be the first to comment