ഖബറടക്കം വൈകിട്ട് ആറു മണിക്ക് ചെര്‍ക്കളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
കാസര്‍കോട്> മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (76) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന്‍ രാവിലെയാണ് അന്തരിച്ചത്.
അരനൂറ്റാണ്ടിലേറെയായി മുസ്ലിംലീഗ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കളം 1987 മുതല്‍ തുടര്‍ച്ചയായി നാലു തവണ മഞ്ചേശ്വരത്തുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001 മുതല്‍ 2004 വരെ എ.കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ മന്ത്രിയായി.2006ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തില്‍ മഞ്ചേശ്വരത്ത് സിപിഐ എം സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്ബുവിനോട് പരാജയപ്പെട്ടു. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല.
എംഎസ്‌എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ ചെര്‍ക്കളം മരിക്കും വരെയും മുഴുവന്‍ സമയം രാഷ്‌ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 1972 മുതല്‍ 1984 വരെ മുസ്ലിംലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, 1984ല്‍ കാസര്‍കോട് ജില്ലാ ജനറല്‍സെക്രട്ടറി, 1988 മുതല്‍ ആറുവര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറി, 2002 മുതല്‍ ജില്ലാപ്രസിഡന്റ്, എസ്ടിയു സംസ്ഥാന പ്രസിഡന്റ്, ന്യൂനപക്ഷ പിന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍, കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു.
ചെര്‍ക്കളയിലെ പരേതരായ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യുമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ ചെര്‍ക്കളം (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ). മക്കള്‍: മെഹ്റുന്നീസ, മുംതാസ് സമീറ (കാസര്‍കോട് ജില്ലാപഞ്ചായത്ത് അംഗം), സി എ മുഹമ്മദ് നാസര്‍ (മിനറല്‍ വാട്ടര്‍ കമ്ബനി,സലാല), സി എ അഹമ്മദ് കബീര്‍ (എംഎസ്‌എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: എ പി അബ്ദുല്‍ഖാദര്‍ (പൊമോന എക്സ്പോര്‍ട്ടേഴ്സ്, മുംബൈ), അഡ്വ. അബ്ദുല്‍മജീദ് (ദുബായ്), റിസ്‌വത്തുന്നിസ (ചാവക്കാട്), ജസീമ ജാസ്മിന്‍ ബേവിഞ്ച. സഹോദരങ്ങള്‍: ചെര്‍ക്കളം അബൂബക്കര്‍, ബീവി ബദിയടുക്ക, പരേതരായ അഹമ്മദ്, കപാടിയ അബ്ദുള്‍ഖാദര്‍, നഫീസ കാപ്പില്‍.ഖദീജ പൊവ്വല്‍
Be the first to comment