മുത്ത് നബി (സ്വ) മാതൃകയുടെ മഹനീയ പര്യായം

സർവ്വചരാചരങ്ങളും വസന്തത്തിൻ നറു മണം ആസ്വദിച്ച് കൊണ്ടിരിക്കുകയാണിന്ന് . സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും പര്യായം മുത്ത് നബി (സ്വ) പിറന്ന പുണ്യ മാസമെന്നതാണതിൻ മഹിമ.
ലോകത്ത് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിൽ മഹോന്നതനാണ് തിരു നബി (സ്വ) യെന്നത് ഈ ഉമ്മത്തിൻ സവിശേഷതയാണ്. അജ്ഞതയുടെയും അന്ധകാരത്തിൻ്റെയും ഇരുളടഞ്ഞ സമൂഹത്തെ വിശുദ്ധ ദീനിന്റെ മഹനീയ സന്ദേശങ്ങളാൽ ഒളി പരത്തി ഉന്നതിയുടെ പടവുകളിലേറ്റിയ മുത്ത് നബി (സ്വ)യുടെ ജീവിതം ഏറെ മാതൃകയാണ്. അവിടുത്തോട് സ്വഹാബാക്കൾ ചാർത്തിയ സ്നേഹത്തിൻ മാതൃകകൾ എത്രയോ മനോഹരമായിരുന്നു.
അല്ലാഹുവിൻ്റെ നീതി നിയമങ്ങൾ അവൻ്റെ സൃഷ്ടികൾക്ക് എത്തിച്ച് കൊടുക്കുന്ന ജഗനിയന്താവ് നല്‍കുന്ന അത്യുന്നത പദവിയാണ് പ്രവാചകത്വം.അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഉന്നതരും, പ്രത്യേക അടിമകളും, അവനിലേക്ക് അടുത്തവരും, പൂര്‍ണ്ണ പരിശുദ്ധരുമാണ് പ്രവാചകന്മാര്‍.സിദ്ഖ്,അമാനത്ത്,ഫത്വാനത്ത്,തബ്‌ലീഗ് എന്നീ നാല് സ്വഭാവ ഗുണങ്ങള്‍ പ്രവാചകന്മാര്‍ക്കുണ്ടാവല്‍ നിര്‍ബന്ധമാണ്.അത്തരത്തിലായിരുന്നു നബി(സ)യുടെ കടന്നു വരവ്.കാരണം,പെണ്ണ്,ലഹരി,യുദ്ധം എന്നീ അനാചാരങ്ങളില്‍ ആണ്ടുകിടന്ന അന്ധകാരത്തിന്റെ ഇരുള്‍ മുറ്റിയ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട നബി(സ) അവരെ ഇരുളില്‍ നിന്നും വിശുദ്ധ ദീനിന്റെ വെളിച്ചത്തിലേക്ക് ആനയിച്ചു.സമൂഹത്തില്‍ പരന്നു കിടന്ന തിന്മകളെ ദൂരീകരിക്കാൻ പ്രവാചക ദര്‍ശനം എന്ന വെളിച്ചം പരിചയപ്പെടുത്തേണ്ടതുണ്ട്.
പ്രവാചക ചര്യ പിന്‍പറ്റി ജീവിക്കുന്നവർ മാത്രമേ ഇഹപരവിജയത്തിനര്‍ഹരാവുകയുള്ളൂ.സ്വഹാബാക്കള്‍ അതിന് മകുടോദാഹരണങ്ങളാണ്.
നബി(സ)യെ അതിരറ്റു സ്‌നേഹിച്ചവരായിരുന്നു സ്വഹാബാക്കള്‍ എന്ന് ചരിത്രത്താളുകൾ സ്പഷ്ടമാക്കിയിട്ടുണ്ട്.മഹാനായ ഖുബൈബ്(റ)നെ തൂക്കിലേറ്റാന്‍ ശത്രുക്കള്‍ മുതിര്‍ന്നപ്പോള്‍,അവര്‍ മഹാനോട് പറഞ്ഞു: “നീ മുഹമ്മദിന്റെ മതം ഉപേക്ഷിക്കേണ്ട,മറിച്ച് മുഹമ്മദിനെ ഒന്ന് തള്ളി പറഞ്ഞാല്‍ മാത്രം മതി,നിന്നെ ഞങ്ങള്‍ വെറുതെ വിടാം”.മഹാന്‍ പ്രതികരിച്ചു: ” നബി(സ)യുടെ കാലില്‍ ഒരു മുള്ള് തറക്കുന്നതുപോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല”.അങ്ങനെ റസൂലിനോടുള്ള അതിരറ്റ സ്‌നേഹം മൂലം ആ കഴുകുമരത്തില്‍ വെച്ച് പരലോകം പുല്‍കിയ ഖുബൈബ്(റ)നെ പോലെ അനവധി സ്വഹാബാക്കളെ ചരിത്രം വരച്ച് കാട്ടിയിട്ടുണ്ട്.
നബി(സ)യുടെ കല്‍പ്പന-വിരോധനകളെ അംഗീകരിക്കല്‍ ഓരോ മുസ്ലിമിനും അനിവാര്യമാണ്.എന്നാല്‍ ഇതിൻ്റെ നേർ എതിരായ പ്രവണതകൾക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ് നവ സമൂഹത്തിലെ ചിലർ. നന്മകൊണ്ട് തുടക്കം കുറിക്കേണ്ട വിവാഹം പോലും ധൂർത്തിൻ്റെയും ആഭാസങ്ങളുടെയുമെല്ലാം പാത്രമായി കൊണ്ടിരിക്കുന്നു. ധാർമ്മിക-ആത്മീയ ബോധം പലർക്കും നഷ്ടപ്പെട്ടിരിക്കുന്നു. ഒരു മുസ്ലിമിന്റെ അനുദിന ജീവിതം എങ്ങനെയാവണം എന്നതിനെക്കുറിച്ച് നബി(സ)പഠിപ്പിച്ചിട്ടുണ്ട്. നറു ജീവിതത്തിന് വഴികാട്ടുന്ന ആ വിശുദ്ധാത്മാവിനോട് അനുരാഗം തോന്നാത്തവർ ഹതഭാഗ്യരാണ്. അവർക്ക് പ്രവാചക സ്നേഹത്തിൻ്റെ മധു നുകരനാവില്ലന്നെത് തന്നെ നിദാനം. അത്രമേല്‍ മഹത്വം നിറഞ്ഞതാണ് മുത്ത് നബി (സ്വ)യുടെ ജീവിതം.
സ്നേഹത്തിൻ പ്രതീകമായ നബി(സ)യെ സ്‌നേഹിക്കല്‍ ഓരോ മുസ്ലിമിനും അനിവാര്യമാണ്.കാരണം,സ്വന്തം മാതാപിതാക്കളെക്കാളും ഭാര്യ സന്താനങ്ങളെക്കാളും മറ്റു സര്‍വ്വ ജനങ്ങളെക്കാളും നബിയെ സ്‌നേഹിക്കുന്നത് വരെ ഒരാളും പരിപൂര്‍ണ്ണ മുഅ്മിനാവുകയില്ലെന്ന തിരു വചനം ഏറെ പരിചയമില്ലാത്തവർ വിരളമായിരിക്കും. ഹൃത്തിൽ ഹബീബ് (സ്വ) യോടുള്ള സ്‌നേഹത്തിൻ മാല ചാർത്താൻ ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്.റബീഉല്‍ അവ്വലിൽ നടത്തി വരുന്ന മൗലിദ് പാരായണം,നബിദിനാഘോഷ വേളകളിലെ പ്രസംഗങ്ങള്‍, കഥാ പ്രസംഗങ്ങള്‍, കാവ്യ രചനകൾ തുടങ്ങിയവ സ്‌നേഹ പ്രകടനങ്ങളിലെ ഭാഗധേയമാണ്.
അനവധി പ്രതിഫലമുടയ നബി(സ)യുടെ മേലിലുള്ള സ്വലാത്താണ് മറ്റൊരു മാർഗ്ഗം. ഇത് പ്രവാചക സ്‌നേഹത്തെ വർധിപ്പിക്കുന്നു. നബി(സ)പറഞ്ഞു: “ഖിയാമത്ത് നാളില്‍ എന്നോട് ഏറ്റവും അടുത്തവന്‍ എന്റെ മേല്‍ സ്വലാത്ത് അധികരിപ്പിച്ചവനാണ് (തിർമുദി)”. മാത്രമല്ല നബി(സ)യുടെ മേല്‍ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാല്‍ പത്ത് സ്വലാത്ത് അല്ലാഹു അവന്റെ മേല്‍ ചൊല്ലും.അല്ലാഹുവിന്റെ സ്വലാത്ത് കൊണ്ടുള്ള ഉദ്ദേശം അനുഗ്രഹം ചെയ്യലാണ്.സ്വലാത്ത് തെറ്റുകള്‍ പൊറുക്കല്‍,ഉദ്ദേശ സഫലീകരണം തുടങ്ങി അനവധി പ്രതിഫലങ്ങള്‍ക്കുവിധേയമാണ്.മാത്രമല്ല, നബി (സ്വ) നാമം ഉച്ചരിക്കപ്പെട്ട സദസ്സില്‍ നബി(സ)യുടെ പേരുകേട്ട് സ്വലാത്ത് ചൊല്ലാത്തവന്‍ ഏറ്റവും വലിയ പിശുക്കനാണൊണ് തിരുവചനം മറക്കാതിരിക്കുക. മൊബെൽ ഫോണിലും മറ്റുമായി നശ്വര ദുനിയാവിലെ ആസ്വാദനത്തിനായ് അനവധി സമയം പാഴാക്കുന്നവർ സ്വലാത്തിനായ് കുറഞ്ഞ സമയം പോലും മാറ്റാൻ മടിക്കുന്നു. സ്വലാത്തിൻ ഈരടിയാൽ അധരം നിറ യട്ടെ, മുത്ത് നബി (സ്വ) യോടുള്ള ഹുബ്ബ് ഹൃത്തിൽ തഴച്ച് വളരട്ടെ .

മാതൃകയാണ് അവിടുത്തെ ജീവിതം. നബി(സ)തന്റെ ശത്രുവിനോട് പോലും സ്‌നേഹത്തോടെയാണ് പെരുമാറിയിരുതെന്ന് സ്പഷ്ടമാക്കുന്ന അനവധി ചരിത്രങ്ങൾ സുപരിചിതമാണ്.
മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍വ്വ ചരാചരങ്ങളോടും വളരെ സ്‌നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറിയ ഒട്ടനവധി സ്‌നഹത്തിൻ മാതൃകകള്‍ക്ക് ചരിത്രം സാക്ഷിയാണ്.
അല്ലാഹുവിന്റെ ശിക്ഷ വരാതിരിക്കാന്‍ നബി(സ) തങ്ങളെ നമുക്കിടയില്‍ നിലനിര്‍ത്തല്‍ അനിവാര്യമാണ്.നബി(സ)യുടെ പ്രവാചകത്വ കാലം 23 വര്‍ഷത്തോളം ആയിരുന്നെങ്കിലും പില്‍ക്കാല സമൂഹത്തിന് എത്ര പഠിച്ചാലും തീരാത്ത വിജ്ഞാനീയങ്ങള്‍ പകർന്നു നല്‍കിയാണ് നബി(സ) ഈ ലോകത്തോട് വിട പറഞ്ഞത്.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം നബി(സ)യെ അതിരറ്റു സ്‌നേഹിക്കല്‍ അനിവാര്യമാണ്.കാരണം,’നബിയെ അങ്ങ് പറയുക,നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍,എന്നെ(നബിയെ) പിന്തുടരുക.എന്നാല്‍ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളുടെ തെറ്റുകള്‍ പൊറുത്തു തരികയും ചെയ്യും (ആലു ഇംറാൻ 31 )”എന്ന വിശുദ്ധ വാക്യം നാഥന്റെ സ്‌നേഹം കരഗതമാക്കാന്‍ മുത്ത് നബി (സ്വ) യോടുള്ള സ്‌നേഹത്തിൻ അനിവാര്യതയെ സൂചിപ്പിക്കുന്നു .നബി(സ)തങ്ങളുടെയും സ്വഹാബാക്കളുടെയും പാത പിന്‍പറ്റി ജീവിക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ…ആമീന്‍.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*