കൊച്ചി: ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് നെടുമ്പാലയിലെ ഹാരിസണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. ഹാരിസണ്‍ മലയാളത്തിന്റെ ഉടമസ്ഥതിയിലുള്ള ഭൂമി ഏറ്റെടുക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമിക്ക് ഹാരിസണ്‍സ് ഇപ്പോള്‍ തുക കെട്ടിവെയ്‌ക്കേണ്ടതില്ലെന്നും ആദ്യഘട്ടത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ദുരന്ത ബാധിതരില്‍ പലരും 15 ലക്ഷം നഷ്ടപരിഹാരം മതിയെന്ന നിലപാടെടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടത്തില്‍ 430 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. ഇതിനായി ഹാരിസണ്‍, എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാനും തീരുമാനമായിരുന്നു. എന്നാല്‍ പുനരധിവാസ പട്ടിക പുറത്ത് വന്നതിന് പിന്നാലെ പല കുടുംബങ്ങളും നഷ്ടപരിഹാര തുക മതിയെന്ന നിലപാടെടുത്തു. ഇതോടെയാണ് ആദ്യ ഘട്ടത്തില്‍ 215 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മതിയാകുമെന്ന് അഡ്വക്കറ്റ് ജനറല്‍ മുഖേന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ഹാരിസണ്‍ മലയാളം നല്‍കിയ അപ്പീലിലാണ് സര്‍ക്കാര്‍ നടപടി. നഷ്ടപരിഹാര ആവശ്യം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

Be the first to comment