ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ് അജിത് സാഹി. അദ്ദേഹം യോഗീന്ദര്‍ സിക്കന്ദുമായി നടത്തിയ സംഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപമാണിത്. ഈ അഭിമുഖത്തിലദ്ദേഹം മുസ്ലിംകള്‍ക്കെതിരെ അണിയറയില്‍ അരങ്ങേറുന്ന മാധ്യമ ഗൂഢാലോചനകളുടെ ഭീകര ചിത്രങ്ങള്‍ തുറന്നുകാട്ടുകയാണ്.
ചോ: മാധ്യമ രംഗത്ത് വര്‍ഷങ്ങള്‍ നീണ്ട അനുഭവ സമ്പത്തിനുടമയാണു താങ്കള്‍. മുഖ്യധാരാ മാധ്യമങ്ങളില്‍ അരങ്ങേറുന്ന മുസ്ലിം വിരുദ്ധ നയനിലപാടുകളെ താങ്കളെങ്ങനെയാണ് കാണുന്നത്? തെളിവുകള്‍ക്ക് കാക്കാതെ എവിടെയെങ്കിലും പൊട്ടിത്തെറികള്‍ നടന്നയുടന്‍ തന്നെ ഉത്തരവാദിത്തം മുസ്ലിംകള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുന്ന രീതിയാണല്ലോ ഇന്ന് നിലനില്‍ക്കുന്നത്. ഇത്തരം അവസ്ഥാ വിശേഷങ്ങളെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പേരുകേട്ട താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?
മീഡിയകള്‍ സത്യം മനസ്സിലാക്കാന് ശ്രമിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ചും പ്രശ്നങ്ങള്‍ മുസ്ലിംകളുമായി ബന്ധപ്പെട്ടതാണെങ്കില്‍. എന്നാല്‍, മുസ്ലിംകളല്ലാത്തവരുടെ പേരുകള്‍ക്കു നേരെ വിരലുകളുയരുമ്പോള്‍ മറ്റൊരു നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. മുസ്ലിംകള്‍ക്കെതിരെ മാധ്യമ പ്രചരണം (മീഡിയ പ്രൊപഗണ്ട) ഇന്ത്യിയില്‍ അരങ്ങേറുന്നതിനെപ്പറ്റി എന്‍റെ സുഹൃത്തുക്കളായ പ്രവര്‍ത്തകരോട് ഞാന്‍ പറയുമ്പോള്‍ അങ്ങനെയൊന്നില്ലെന്നാണ് അവര്‍ പ്രതികരിക്കാറുള്ളത്. അവര്‍ മുസ്ലിംകളാണെങ്കില്‍ പോലും അങ്ങനെയാണ് പറയാറുള്ളത്. ഞങ്ങള്‍ സെക്കുലര്‍ ചിന്താഗതിയുള്ളവരും പുരോഗമന കാഴ്ചപ്പാടുള്ളവരുമാണ്. വര്‍ഗീയമായ രീതിയില്‍ കാര്യങ്ങളെ വിലയിരുത്താന്‍ ഞങ്ങള്‍ക്കിഷ്ടമില്ലെന്നാണ് അവര്‍ ഒഴുക്കന്‍ മട്ടില്‍ പ്രതികരിക്കാറുള്ളത്. എന്നാല്‍, തികച്ചും അയഥാര്‍ത്ഥമാണ് അതെന്ന് എനിക്കുറപ്പിച്ചു പറയാനാകും. മുസ്ലിംകള്‍ക്കെതിരെ ഒരു പക്ഷപാതിത്വം നിറഞ്ഞ ഒരു ഹിഡണ്‍ അജണ്ട മീഡിയയിലുടനീളം നിലനില്‍ക്കുന്നുണ്ടെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്.
മാധ്യമ പ്രവര്‍ത്തകര്‍ ഞങ്ങള്‍ ലിബറലും സെക്കുലറിസ്റ്റിക്ക് ചിന്താഗതിയുള്ളവരുമാണെന്ന് പറയാന്‍ തിടുക്കം കൂട്ടിയാലും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. തീവ്രവാദവുമായി ബന്ധപ്പെട്ടോ അല്ലാതെയോ മുസ്ലിംകള്‍ അറസ്റ്റിലാകുന്ന കേസുകളില്‍ പലപ്പോഴും പോലീസുകാര്‍ക്ക് മുന്നില്‍ അവരുടെ കുറ്റസമ്മതങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നമുക്ക് കേള്‍ക്കാന് സാധിക്കാറുണ്ട്. എന്നാല്‍, അത്തരം സമ്മതങ്ങള്‍ അധികവും ക്രൂരമായ പീഢനങ്ങളെത്തുടര്‍ന്നാണ് സംഭവിക്കാറുള്ളതാണെന്നതാണ് സത്യം. എന്നാല്‍, മീഡിയ കൃത്യമായ ബോധമുണ്ടായിട്ടും ഇതിനെക്കുറിച്ചന്വേഷിക്കാന്‍ ശ്രമിക്കാതെ നിര്‍ബന്ധിപ്പിച്ച് ചെയ്യിക്കുന്ന ഇത്തരം സമ്മതങ്ങളെ കൂട്ടുപിടിച്ച് മുസ്ലിംകളെ തീവ്രവാദ കുറ്റമാരോപിക്കാന്‍ മത്സരിക്കുകയാണ്.
അതേസമയം തന്നെ, ഹിന്ദുത്വ കേമ്പുകളില്‍ അരങ്ങൊരുങ്ങുന്ന വര്‍ഗ്ഗീയ തീവ്രവാദ ചലനങ്ങളെ അന്വേഷിക്കാനോ പരിഗണിക്കാനോ അതിന്‍റെ ഭവിഷ്യത്തുക്കളെ ബോധ്യപ്പെടുത്താനോ ശ്രമിക്കാറില്ലെന്നതാണ് സത്യം. അപകടകരമാണ് ഈ സ്ഥിതിവിശേഷം. ഉദാഹരണമായി 2002 ല്‍ ഗുജറാത്തില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. മുസ്ലിംകള്‍ക്കെതിരെ നടന്ന അതിശക്തവും മൃഗീയവുമായ കൂട്ടക്കൊലയില്‍ നരേന്ദ്രമോദിക്കുള്ള പങ്ക് സുവ്യക്തമായി ബോധ്യപ്പെട്ടതും തെളിയിക്കപ്പെട്ടതുമാണ്. ഇത് ലോകത്തിന്‍റെ മറ്റേതെങ്കിലും പ്രദേശത്തായിരുന്നു അരങ്ങേറിയിരുന്നതെങ്കില്‍ മോദിക്ക് ഒരുപക്ഷേ വധശിക്ഷയോ അതല്ലെങ്കില്‍ നൂറു വര്‍ഷത്തെ തടവോ ലഭിക്കുമായിരുന്നെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. വംശീയ ഉന്മൂലനത്തിന് നേതൃത്വം നല്‍കിയതിന്‍റെ പേരില്‍ അദ്ദേഹത്തെ ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ ലോക്ക് എന്ന കീഴില്‍ പെടുത്തി നടപടികള്‍ സ്വീകരിക്കപ്പെടുമായിരുന്നു.
പക്ഷേ, ഇവിടെ അതൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല മുഖ്യധാരാ മീഡിയകള്‍ മോദിയുടെ വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ പോലും മനസ്സ് കാണിച്ചില്ലെന്നതാണ് സത്യം. മീഡിയ മോദിയുടെ കാര്യത്തില്‍ കുറ്റകരമായ മൗനമാണ് പാലിച്ചത്. ഇന്ത്യയിലെ ബുദ്ധിജീവികളെന്ന അഡ്രസില്‍ നടക്കുന്നവരുടെ ഭാഗത്ത് നിന്നും ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല. ഫാഷിസവും നാസിസവും ലോകത്ത് ചെയ്തുകൂട്ടിയ അതേ രീതിശാസ്ത്രമാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഹിന്ദുത്വവും സ്വീകരിക്കുന്നതെന്ന് തുറന്നു പറയാനുള്ള ചങ്കൂറ്റമൊന്നും പ്രകടിപ്പിക്കാന്‍ മാത്രം ബുദ്ധിജീവികളുടെ കൂട്ടം വളര്‍ന്നിട്ടില്ല. യഥാര്‍ത്ഥത്തില്‍ വലിയ സ്വത്വപ്രതിസന്ധിയാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്.
ചോ: മുസ്ലിം വിരുദ്ധ മനോഭാവം ഇന്ത്യയിലെ മീഡിയയില്‍ വന്‍തോതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നിങ്ങള്‍ പറയുകയുണ്ടായി. എങ്ങനെയാണതിനെ നിങ്ങള്‍ വിലയിരുത്തിയത്?
സ്വയം തന്നെ പ്രോഗസ്സീവെന്നും ലബറലെന്നും വിലയിരുത്തുന്ന മുഖ്യധാരാ പത്രങ്ങള്‍, മാഗസിനുകള്‍, ടി.വി ചാനലുകള്‍ തുടങ്ങിയവയില്‍ അത്തരം മുസ്ലിംകളെ മാത്രമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇതുതന്നെ മുസ്ലിം വിരുദ്ധ പക്ഷപാതത്വത്തിലേക്കുള്ള പാലം പണിയലിന്‍റെ തുടക്കമാണ്. വിദ്യാസമ്പന്നരും ക്വാളിഫൈഡുമായിട്ടുള്ള മുസ്ലിംകളുടെ അഭാവം നിമിത്തമാണിത് സംഭവിക്കുന്നതെന്ന് ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അതില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ അംശമുണ്ടെന്നെനിക്ക് തോന്നുന്നില്ല. തികച്ചും തെറ്റാണത്തരം വാദഗതികള്‍. ഒരു സ്ഥാപനത്തില്‍ നൂറ് ജോലിക്കാരുണ്ടെങ്കില്‍ അതില്‍ വിദ്യാസമ്പന്നരും പ്രാപ്തരുമായ പന്ത്രണ്ടോ പതിനാലോ മുസ്ലിംകളെ കണ്ടെത്തുകയെന്ന കാര്യമിന്ന് പ്രയാസകരമാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, ആ അനുപാതത്തിന്‍റെ പകുതി പോലും മുഖ്യധാരാ മീഡിയയില്‍ നമുക്ക് കാണാനാവില്ല.
മുസ്ലിംകളും മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങളായ ആദിവാസികള്‍, ദലിതര്‍ അടക്കമുള്ളവര്‍ മീജിയയിലെത്തുന്നത് മീജിയയുടെ ക്വാളിറ്റിക്കും മെറിറ്റിനും കോട്ടം തട്ടിക്കുമെന്ന ബാലിശമായ വാദവും പലപ്പോഴായി പലരുമുയര്‍ത്താറുണ്ട്. എന്നാല്‍, മെറിറ്റുമായി ബന്ധപ്പെട്ട ഈ വാദം തികച്ചും അപരിഷ്കൃതവും തെറ്റുമാണെന്ന് നമുക്ക് ആരെയും ബോധ്യപ്പെടുത്താനാകും. ഗവണ്‍മെന്‍റ് സര്‍വ്വീസുകളിലും സ്വകാര്യ മേഖലകളിലും ഇന്ന് നിയമനങ്ങള്‍ നടക്കുന്നത് മെറിറ്റടിസ്ഥാനമാക്കിയല്ലെന്ന് നമുക്കെല്ലാവര്‍ക്കുമറിയുന്ന അകം വര്‍ത്തമാനമാണ്. ഇന്ത്യയില്‍ പുതിയ കാലത്ത് മെറിറ്റ് എന്നത് കേവലം അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിക്കപ്പെടുന്നത്. മറ്റു കാര്യങ്ങളൊന്നും ഇവിടെ പരിഗണിക്കപ്പെടുന്നില്ല. മീഡിയയില്‍ എല്ലാം തികഞ്ഞവരെന്ന മേനിയിലിരിക്കുന്ന ആളുകളില്‍ അധികവും ഏതെങ്കിലും പാശ്ചാത്യ സ്ഥാപനങ്ങളില്‍ നിന്നോ മറ്റു യൂനിവേഴ്സിറ്റികളില്‍ നിന്നോ മീഡിയയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ കഴിഞ്ഞ് നേരെ കടന്നുവന്നവരായിരിക്കും.
ഒരുപക്ഷേ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് ചെറിയൊരു കാഴ്ചപ്പാട് പോലുമില്ലാത്തവരായിരിക്കും അക്കൂട്ടര്‍. കാരണം, അവര്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമൂഹവുമായി ആന്തരികമായോ ബാഹ്യമായോ ഉള്ള ബന്ധം അവര്‍ക്കുണ്ടാവുകയില്ല. ഇതവരൊരു അഭിമാനമായാണ് കാണുന്നത്. സാധാരണക്കാരില്‍ നിന്നും അകന്നു കഴിയുകയെന്നതും ഇക്കൂട്ടര്‍ക്ക് വലിയ സുഖം നല്‍കുന്ന കാര്യമാണ്. ഇംഗ്ലീഷ് സംസാരിക്കാത്ത ഇന്ത്യക്കാരുമായി ആത്മബന്ധം സ്ഥാപിക്കുന്നതിലോ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിലോ വലിയ അര്‍ത്ഥമില്ലെന്ന ബോധമാണ് ഇത്തരക്കാരുടെ മൂലധനം. എന്നാല്‍, തികച്ചും ജുഗുപ്സാവഹവും ഭീതിതവുമാണ് ഇത്തരം സമീപനങ്ങളെന്നാണെനിക്ക് പറയാനുള്ളത്.
മുന്‍വിധിയില്ലാത്തതും സ്വതന്ത്രവുമായ കാഴ്ചപ്പാടുകളാണ് തങ്ങളെ നയിക്കുന്നതെന്നും മുസ്ലിംകള്‍, ദളിതര്‍, ആദിവാസികള്‍ അടക്കമുള്ള അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അവര്‍ കൊട്ടിഘോഷിക്കാറുണ്ടെങ്കിലും അത് കേവലം പുറം പൂച്ചുകള്‍ മാത്രമാണെന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഈ വിഭാഗങ്ങളോട് തികച്ചും മുന്‍ധാരണയോടെയുള്ള പെരുമാറ്റമാണ് ഇവര്‍ എല്ലായ്പ്പോഴും പ്രകടിപ്പിക്കാറുള്ളത്. അകത്ത് മാത്രം പ്രകടിപ്പിക്കുന്ന ഇത്തരം പക്ഷപാതിത്വ സമീപനമായിരിക്കും പുറത്ത് പ്രകടമാകുന്ന പക്ഷപാതിത്വത്തേക്കാള്‍ മാരകമായ അനന്തര ഫലമുണ്ടാക്കുക.
ചോ: മീഡിയയുടെ ഇത്തരം രീതിശാസ്ത്രങ്ങളോട് എങ്ങനെ പ്രതിരോധം സാധ്യമാകും
ഏതൊരു രാജ്യത്തെയും മധ്യവര്‍ഗത്തെയായിരിക്കും ആ നാട്ടിലെ മാധ്യമങ്ങള്‍ പ്രതിനിധീകരിക്കുക. അവരുടെ സ്വഭാവ രീതികള്‍ക്കനുസരിച്ചായിരിക്കും മീഡിയ തങ്ങളുടെ നിലപാടുകള്‍ മെനഞ്ഞെടുക്കുന്നതും. ഒരു സമൂഹത്തിലെ മധ്യവര്‍ഗത്തിന്‍റെ ചിന്തകള്‍ക്ക് മാറ്റം വരുത്താതെ മീഡിയയെയും മാറ്റനാവില്ല. മുഴുവന്‍ മതങ്ങളും ജാതികളും ഉള്‍പ്പൊടെ എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും കൃത്യവും വ്യക്തവുമായ പങ്ക് മീഡിയയിലുണ്ടാവുമ്പോള്‍ മാത്രമേ സുതാര്യമായ മാധ്യമ ഇടപെടലുകള്‍ നമുക്ക് പ്രതീക്ഷിക്കാനാവുകയുള്ളൂ. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ഇന്ത്യയിലെ ബ്രൂറോക്രസിയിലെയും ജുഡീഷൃറയിലെയും പോലെ മീഡിയകളലും ഹിന്ദുക്കളിലെ ഉന്നതകില ജാതിക്കാരുടെ അതിപ്രസരമാണ് കാണാനാവുന്നത്. അവറൊരുപക്ഷേ സമൂഹത്തിലെ തുലോം വിരളമെണ്ണത്തെമാത്രം ഉള്‍ക്കൊള്ളുന്നവരായിരിക്കും
അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ അലക്സാണ്ടര്‍ കോക്ക്ബേണും എന്‍. ബി.സി. യുടെ മീറ്റ് ദ പ്രസ് പ്രോഗ്രാം അവതാരകനായ ടോം ബ്രോക്കോവും തമ്മില്‍ നടന്ന സംഭാഷണം എനിക്കിപ്പോള്‍ ഓര്‍മ്മ വരികയാണ്. ടിം റസ്സര്‍ട്ടിന്‍റെ മരണത്തെ തുടര്‍ന്നാണ് ഇദ്ദേഹം അവതാരകനായെത്തുന്നത്. കോക്ക്ബേണ്‍ ഇദ്ദഹത്തോട് ഇപ്രകാരം ചോദിക്കുകയുണ്ടായി. എന്ത്കൊണ്ടാണ് എല്ലായപ്പോഴും ഈ പരിപാടിയുടെ അവതാരകരായി വെളളക്കാര്‍ മാത്രം നിയമിക്കപ്പെടുന്നത്? കഴിവുളളവരും പ്രാപ്തരുമായ നിരവധി കറുത്ത വര്‍ഗക്കാരായ മാധ്യമ പ്രവര്‍ത്തകരുണ്ടായിട്ടും അവരെയൊന്നും ഈ പോസ്റ്റിലേക്ക് പരിഗണിക്കാത്തതെന്താണ്? എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിനു പകരം പരിസരം മറന്ന് പൊട്ടിത്തെറിക്കുകയാണ് ബ്രോക്കോ ചെയ്തത്.
കഴിഞ്ഞ കുറേ ദശകങ്ങളായി ഇന്ത്യന്‍ മധ്യമ രംഗവും കടുത്ത വര്‍ഗീയ വാദപരവും മുസ്ലിം വിരുദ്ധ ദിശയിലേക്കും ചുവട് മാറ്റിക്കൊണ്ടിരിക്കുകയാണ്. എല്‍.കെ അധ്വാനി 1977 ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രിയായിരുന്നപ്പോഴാണ് മാധ്യമ രംഗത്ത് പുത്തന്‍ പ്രവണതകള്‍ക്ക് തുടക്കമാകുന്നത്. ഇക്കാലത്ത് അദ്ദേഹം ആര്‍.എസ്.എസുകാരെ അകമഴിഞ്ഞ് പിന്തുണക്കകയും വിവിധ പത്രമാധ്യമങ്ങലെ കുഞ്ചികസ്ഥാനങ്ങളിലേക്ക് അവരെ തിരുകിക്കയറ്റകയും ചെയ്തു. സ്വന്തം റൂമിന്‍റെ അകത്തളങ്ങളില്‍ പോലും ഹിന്ദുത്വമെന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് മഹാ അപരാധമായായിരുന്നു അക്കാലംവരെ ഗണിക്കപ്പെട്ടിരുന്നത്. മഹാത്മജിയും നെഹ്റുവും ത്യാഗം സഹിച്ച് കെട്ടിപ്പടുത്ത നമ്മുടെ നാടിന്‍റെ അന്തസ്സിന് നിരക്കാത്തതാണ് ഹിന്ദുത്വ എഡിയോളജിയെന്ന് മുഖ്യധാരയില്‍ വിലയിരുത്തപ്പെട്ടിരുന്ന കാലമായിരുന്നു അത്.
ആര്‍.എസ്.എസിന്‍റെ തത്വശാസ്ത്രത്തെയും മതാത്മകതയെയും തുലനം ചെയ്യുന്നത് ഹിറ്റ്ലറെയും ഗൗതമ ബുദ്ധനെയും തുലനപ്പെടുത്തുന്നതിന് സമമാണെന്ന് പരക്കെ വിശ്വസിക്കപ്പെട്ടുപോന്നു. എന്നാല്‍, കാര്യങ്ങള്‍ വളരെ പെട്ടന്നാണ് തകിടം മറിഞ്ഞത്. 1980 കളോടെ സങ്കുചിത നിക്ഷിപ്ത താല്‍പര്യക്കാര്‍ രംഗം കൈയടക്കാന്‍ തുടങ്ങുകയും മീഡിയയെ തങ്ങളുടെ വരുതിയിലാക്കുകയും ചെയ്തു. മുതലാളിത്തം ഇന്ത്യയില്‍ നടപ്പിലാക്കിയ അതേ വഴിയില്‍ തന്നെയാണ് ഇതും സംഭവിച്ചത്. കാപിറ്റലിസവും നവ സാമ്രാജ്യത്വവും മതത്തിലധിഷ്ഠിതമായ ദേശീയ വാദ ചിന്താഗതികളും തീക്ഷ്ണമായ വര്‍ഗ്ഗീയ വാദങ്ങളും കൈകോര്‍ത്തു പിടിച്ചാണ് ഇപ്പോള്‍ ഇന്ത്യയില്‍ മോന്നോട്ടു നീങ്ങുന്നത്.
ചോ: സങ്കുചിതമായ ദേശീയ വാദമെങ്ങനെയാണ് മുസ്ലിം വിരുദ്ധ പക്ഷപാതിത്വത്തിന് വളമിടുന്നത്?
ഇത് രണ്ടും തമ്മില്‍ അവ്യക്തവും നേരിട്ടുള്ളതുമായ ബന്ധമുണ്ട്. ദേശീയ വാദമെന്നത് ഹിന്ദുത്വ ലോബി മുസ്ലിങ്ങള്‍ക്കെതിരെ ഉയര്‍ത്തിവിട്ട ആശയധാരയാണ്. ബ്രാഹ്മണിക്കല്‍ ലോക വീക്ഷണമാണ് ഇതിന്‍റെ അടിസ്ഥാനം. മുസ്ലിങ്ങളെ മാത്രമല്ല, ഹിന്ദു വംശീയ വാദത്തെ നിരാകരിക്കുന്ന എല്ലാ അഹിന്ദുക്കളെയും ഈ സങ്കുചിത ദേശീയവാദം ദേശവിരുദ്ധമായി കാണുന്നു. മുസ്ലിങ്ങള്‍ പടിഞ്ഞാറോട്ട് തിരിയുന്നത് അവസാനിപ്പിക്കുകയാണെങ്കില്‍ അവരെ ദേശീയതയുടെ ഭാഗമായി കാണാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് അവരുടെ വാദം.
ഇന്ത്യയുടെ മഹനീയത കുടികൊള്ളുന്ന വൈവിധ്യങ്ങളുടെ വേരറുത്ത് മാറ്റുന്ന ചിന്താഗതിയാണിത്. പക്ഷേ, പടിഞ്ഞാറോട്ട് തിരിയുന്നത് ഒഴിവാക്കിയാല്‍ പിന്നെ എന്ത് മുസ്ലിം! മുതലാളിത്തം എല്ലാവരെയും ആഗോളീകരിക്കാന്‍ ശ്രമം നടത്തുമ്പോഴും മുസ്ലിങ്ങള്‍ മാത്രം അതില്‍ പെടാതെ പ്രാദേശികവല്‍ക്കരിക്കപ്പെട്ട് മാറിനില്‍ക്കുകയാണ് എന്ന് ചിന്തിക്കുന്നതും വിഢിത്തമല്ലേ. അപ്രകാരം തന്നെ ഹിന്ദുത്വ ലോബി സൈനിക ശക്തി ഉപയോഗപ്പെടുത്തി രാജ്യത്തെ സൂപ്പര്‍ പവര്‍ ആക്കാനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്.
പക്ഷേ, മുസ്ലിങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും ഇവിടെ മറ്റ രു വിരോധാഭാസം നിലനില്‍ക്കുന്നുണ്ടെന്നത് പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. പല ഹിന്ദു കുടുംബങ്ങളിലെയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും യു.എസ് അടക്കമുള്ള വിദേശ നാടുകളില്‍ പലതിനും മാത്രം വായിക്കപ്പെടാന്‍ തുടങ്ങി.
മുമ്പ് പത്രങ്ങളും ജേര്‍ണലുകളുമെല്ലാം സാഹിത്യ രംഗത്തെ അതികായരായിരുന്നു എഡിറ്റ് നിര്‍വ്വഹിച്ചിരുന്നത്. പത്ര മുതലാളിമാരെക്കാള്‍ ഇവര്‍ക്ക് സ്ഥാനവും മാനവുമുണ്ടായിരുന്നു. ഗിരിലാല്‍ ജൈന്‍, ശാം ലാല്‍ അടക്കമുള്ളവരായിരുന്നു ടൈംസ് ഓഫ് ഇന്ത്യയിലുണ്ടായിരുന്നത്. അപ്രകാരം തന്നെ ടി.ഒ.ഐ പബ്ലിക്കേഷനായ ദര്‍മയുഗത്തില്‍ ഹിന്ദി സാഹിത്യലോകത്തെ ഇതിഹാസമായിരുന്ന ധരംവീര്‍ ഭാരതി എഡിറ്ററായി സേവനം ചെയ്തിരുന്നു. എന്നാല്‍ ടി.ഒ.ഐയെ പോലുള്ള ഒരു വിഭാഗമിന്ന് കേവലം ലാഭത്തില്‍ മാത്രം ശ്രേദ്ധ കേന്ദ്രീകരിക്കുകയും തരംതാണ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അവിശ്വസനീയമായാണ് അനുഭവപ്പെടുന്നത്.
കാരണം, അത്രയും മഹനീയമായ പാരമ്പര്യത്തിനുടമയായിരുന്നു ആ പബ്ലിക്കേഷന്‍. ഇന്ത്യന്‍ സമൂഹത്തിന്‍റെ തന്നെ ബൗദ്ധിക രംഗത്ത് വന്‍ വ്യതിയാനമാണ് കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ സംഭവിച്ചതെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. ജേര്‍ണലിസ്റ്റ് ആക്ടിന്‍റെ ക്രിയാത്മകമായ അസാന്നിധ്യം മാധ്യമ പ്രവര്‍ത്തകരെ വന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. മാധ്യമ മുതലാളിമാര്‍ക്ക് തോന്നുന്ന സമയത്ത് അവരെ പിരിച്ചുവിടാമെന്ന രീതിയിലാണ് കാര്യങ്ങള്‍ നിലനില്‍ക്കുന്നത്.
എല്ലാ പത്രങ്ങളിലെയും ടി,വി ന്യൂസ് ഓഫീസുകളിലെയും സ്ഥിതി ഇതുതന്നെയാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വച്ചുപുലര്‍ത്തുകയും രാഷ്ട്രീയക്കാരുമായി അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്ന പത്രമുതലാളിമാരുടെ കാരുണ്യത്തിലാണ് ഇന്ന് പത്രപ്രവര്‍ത്തകരുടെ ഭാവി നിലനില്‍ക്കുന്നത് എന്ന അപകടകരമായ അവസഥാ വിശേഷമാണ് മീഡിയാ രംഗത്ത് കാണപ്പെടുന്നത്. അവരുടെ ജോലിക്ക് പോലും സംരക്ഷണമില്ലാത്ത സ്ഥിതിയാണുള്ളത്. ഈ രീതിയില്‍ മീഡിയാ രംഗത്ത് സത്യസന്ധതയില്ലായ്മയും ആര്‍ജവ നഷ്ടവും അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇതിനെയാണ് ഞാന്‍ മാധ്യമ ഫാഷിസമെന്ന് വിളിക്കുന്നത്.
ചോ: ആ പദം കൊണ്ട് താങ്കള്‍ അര്‍ത്ഥമാക്കുന്നതെന്താണ്?
അപ്രായോഗികവും മുന്‍വിധികള്‍ നിറഞ്ഞതുമായ ദേശീയ വാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതികളെയാണ് ഇതുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്ന മുസ്ലിം വിരുദ്ധ നിലപാടുകള്‍ ഇതിന് തെളിവാണുതാനും.
മീഡിയകളുടെ ഈ മാറ്റത്തിന്‍റെ അപകടകരമായ പരിണിതഫലമെന്നത് സാമൂഹിക സേവനത്തിന്‍റെ സ്ഥാനത്ത് ലാഭമെങ്ങിനെയുണ്ടാക്കാമെന്നതായി മാറിയെന്നതാണ്. അപ്രകാരം തന്നെ മാധ്യമ പ്രവര്‍ത്തകരെ നല്ല എഫക്ടീവായ തീരുമാനമുണ്ടാക്കുന്നവരായി മാറ്റിയെടുക്കുക എന്നതും പല അകംകളികളിലൂടെയും ഇവിടെ സംഭവിക്കുകയുണ്ടായി. സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനുള്ള നടപടിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതും മാധ്യമ രംഗത്തെ അണിയറ പ്രവര്‍ത്തകരുടെ പ്രധാന ലക്ഷ്യമായി മാറുകയും ചെയ്തു.
ലണ്ടനിലെ ടാബ്ലോയിഡുകള്‍ ചെയ്യുന്ന അതേ പണിയാണിവിടെയും പലവിധേനയും ചെയ്തുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടി മുസ്ലിങ്ങളെക്കുറിച്ച് ആരോപണങ്ങളുന്നയിക്കുകയും മുസ്ലിം വിരുദ്ധ നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പല ഏറ്റുമുട്ടലുകള്‍ക്കും പിന്നിലെ തീവ്രവാദികളുമായി ബന്ധപ്പെട്ട് മീഡിയയിലരങ്ങേറുന്ന ചര്‍വ്വിത ചര്‍വണങ്ങളില്‍ ഇതു പ്രകടമാണ്. മീഡിയയെ നയിക്കുന്ന മാര്‍ക്കറ്റിംഗ് സെയില്‍സ് ടീമുകളാണ് ഏത് വാര്‍ത്തകളാണ് പുറത്തു വിടേണ്ടത്, ഏത് ലേഖനമാണ് പ്രസിദ്ധീകരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ചായിരിക്കും കാര്യങ്ങളുടെ നീക്കുപോക്കുകള്‍.
മീഡിയാ റൂമുകള്‍ക്കുള്ളില്‍ വാര്‍ത്തകള്‍ വായിക്കുന്നവരെ ഉപഭോക്താക്കള്‍ എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. ആ രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഏത് ചാനലുകളിലും ഇത് പ്രകടമാണ്. ടീനേജ് പിന്നിടാത്തവരായിരിക്കും ഇത്തരം ചാനലുകളിലെ അധിക സ്റ്റാഫുകളും. സ്വന്തം സമൂഹത്തെക്കുറിച്ച് പോലും വലിയ ബോധമില്ലാത്തവരും ചിന്താശക്തി കുറഞ്ഞവരുമായിരിക്കും ഇക്കൂട്ടര്‍. സാമൂഹിക ഉത്തരവാദിത്വമുള്ള മീഡിയ എന്ന് ഇത്തരം മീഡിയ വാചാടോപങ്ങള്‍ നടത്തുന്നത് പുറം പൂച്ച് മാത്രമാണ്. ആദ്യം സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന എന്ന് ഇവരുടെ അടുക്കല്‍ നിന്നും പ്രതീക്ഷിക്കുന്നത് വിഢിത്തം മാത്രമാണ്.
മീഡിയാ രംഗത്ത് ക്രിയാത്മകമായി ഇടപെടുന്ന നിരവധി മാധ്യമങ്ങളെ അമേരിക്കയില്‍ പോലും നമുക്ക് കാണാവുന്നതാണ്. എന്നാല്‍, ഇത്തരത്തില്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സത്യസന്ധമായി ഇടപെടുന്ന ഒരു മീഡിയയെ പോലും നമുക്ക് ഇന്ത്യയില്‍ കാണാനാവുന്നില്ലെന്നത് ഖേദകരമാണ്. പ്രത്യേകിച്ചും മുസ്ലിങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍.
ചോ: മുസ്ലിങ്ങളെ മോശമാക്കുന്ന മീഡിയകളുടെ ഇത്തരം സമീപനങ്ങളോട് മുസ്ലിം സംഘടനകളോട് മുസ്ലിം സംഘടനകള്‍ എങ്ങനെ പ്രതികരിക്കണമെന്നാണ് താങ്കള്‍ നിരീക്ഷിക്കുന്നത്?
മീഡിയയും കോടതികളും പോലീസും രാഷ്ട്രീയക്കാരും മുസ്ലിങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നത് കരുതുന്നത് മൗഢ്യമാണ്. പൊതു സമ്മര്‍ദ്ദം ഇതിനു വേണ്ടി സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. എല്ലായ്പ്പോഴും ഇരകളാക്കപ്പെടുകയാണ് തങ്ങളെന്ന ബോധത്തില്‍ നിന്നും മുസ്ലിങ്ങള്‍ മാറേണ്ടതുണ്ട്. മുസ്ലിങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നതിലെനിക്ക് സഹതാപമുണ്ട്. തങ്ങളുടെ സമുദായത്തിലെ എല്ലാവരെയും ഒരുമിച്ചു കൂട്ടിക്കൊണ്ട് ഇതിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത്. ഇന്ത്യക്കാരാണെന്ന രീതിയിലുള്ള അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അക്രമരഹിതമായ മാര്‍ഗ്ഗത്തിലൂടെ സമരം നടത്താന്‍ മുസ്ലിങ്ങള്‍ രംഗത്തിറങ്ങണം.
ഒരു നിരപരാധിയായ മുസ്ലിമിനെ പിടിച്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനായി മജിസ്ട്രേറ്റിനു മുന്നിലെത്തിക്കുമ്പോള്‍ ഒരു നൂറ് മുസ്ലിങ്ങള്‍ കോടതിയിലേക്ക് ചെന്ന് മജിസ്ട്രേറ്റിനോട് പോലീസ് എഴുതി വച്ചത് മാത്രം വായിച്ച് തീരുമാനമെടുക്കരുതെന്നുണര്‍ത്തി തങ്ങള്‍ പറയുന്നത് കൂടി കേള്‍ക്കണമെന്ന് ചങ്കൂറ്റത്തോടെ പറയാനുള്ള മാനസികാവസ്ഥയിലേക്ക് മുസ്ലിങ്ങള്‍ മാറണം. സ്വയം താല്‍പ്പര്യപ്പെടാതെ ഒരാളെയും അടിമയാക്കാന്‍ സാധ്യമല്ലെന്ന് മഹാത്മജി അഭിപ്രായപ്പെട്ടത് ഇവിടെ സ്മരണീയമാണ്.
ഭയപ്പാടുകളില്ലാതെ മറ്റുള്ളവര്‍ക്കു മുന്നില്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കാനുള്ള മാനസികാവസ്ഥ മുസ്ലിങ്ങള്‍ ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്. ഇന്ത്യയിലുടനീളവും വിദേശത്തുമുള്ള എന്‍റെ യാത്രകളില്‍ പ്രവാചകന്‍ (സ) ഹുദൈബിയ്യ സന്ധിയില്‍ പ്രകടിപ്പിച്ച പോലെ സമാധാനത്തിന്‍റെ മാര്‍ഗ്ഗം കൈവിടാതെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടണമെന്ന് ഞാന്‍ അവരെ ഉണര്‍ത്താറുണ്ട്. ആയുധമണിയാത്ത പ്രവാചകനെയായിരുന്നു മക്കക്കാരായ ശത്രുക്കള്‍ ഏറെ ഭയപ്പെട്ടിരുന്നത്. കാരണം, അവരുടെ മനസ്സ് മാറ്റാനുള്ള ശക്തി അദ്ദേഹത്തിനുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. തൊട്ടടുത്ത വര്‍ഷം തന്നെ പ്രവാചകന്‍ (സ) അനുയായികളോടൊപ്പം സമാധാനത്തോടെ മക്കയിലേക്ക് പ്രവേശിക്കുകയുണ്ടായി. അങ്ങനെ മക്കക്കാരൊന്നടങ്കം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അക്രമ മാര്‍ഗ്ഗത്തിലൂടെയല്ലാതെ കാര്യങ്ങള്‍ നേടിയെടുക്കണമെന്നാണ് ഹുദൈബിയ്യയിലെ കരാര്‍ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത്.
തന്‍പ്രമാണിത്തം കാണിക്കാനും അപ്രമാദിത്വം പ്രകടിപ്പിച്ച് സംസാരിക്കാനും എളുപ്പമാണ്. എല്ലാത്തിനുമപ്പുറം ഞാനൊരു ഹിന്ദുവാണ്. പക്ഷേ, മുസ്ലിങ്ങള്‍ക്കെതിരെ മുന്‍വിധിയോടെ ഇടപഴകാനോ അവരെ ഭയപ്പെടുത്താനോ ഞാനിഷ്ടപ്പെടുന്നില്ല. മടിയും ദേഷ്യവും ഭയവും ഉപേക്ഷിച്ച് മുന്നേറാനാണ് ഞാന്‍ എന്‍റെ മുസ്ലിം സുഹൃത്തുക്കളോട് ഉപദേശിക്കുന്നത്.
അപ്രകാരം തന്നെ ജുഡീഷ്യറിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുസ്ലിങ്ങള്‍ തയ്യാറാവേണ്ടതുണ്ട്. അതുപോലെ ഹിന്ദു മധ്യവര്‍ഗ്ഗവുമായും മീഡിയകളുമായും ബന്ധപ്പെട്ട് മുന്നേറാനും അവര്‍ ശ്രമിക്കണം. എന്നാല്‍, എന്നെ ഭയപ്പെടുത്തുന്ന സംഗതി മുസ്ലിങ്ങള്‍ക്കെതിരെയുള്ള ഇത്തരം നീചമായ പ്രവര്‍ത്തനങ്ങല്‍ അരങ്ങേറുമ്പോള്‍ അവര്‍ പ്രതികരിക്കാന്‍ അക്രമ മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുമോയെന്നതാണ്. പോലീസ്, ജുഡീഷ്യറി, കോര്‍ട്ട്, മീഡിയ തുടങ്ങിയ എല്ലാ മേഖലകളില്‍ നിന്നും പ്രതീക്ഷ നഷ്ടപ്പെട്ട രീതിയിലാണ് ഇന്ന് ഇന്ത്യന്‍ മുസ്ലിങ്ങളുടെ അവസ്ഥ. അങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ അത് രാജ്യത്തിനും അവര്‍ക്കു തന്നെയും ദുരിതങ്ങളായിരിക്കും സമ്മാനിക്കുക. ഞാന്‍ മറ്റുള്ളവരെ അനാവശ്യമായി പരിഭ്രമിക്കുകയല്ല, മറിച്ച് ചില യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണെന്നു മാത്രം. ആസന്നമായ ദുരന്തത്തില്‍ നിന്നും നമ്മുടെ മണ്ണിനെ രക്ഷിക്കാന്‍ രാജ്യത്തിന്‍റെ നേതൃത്വം, അല്ലെങ്കില്‍ സ്വയം അങ്ങനെ വിശേഷിപ്പിക്കുന്നവര്‍, ഉണര്‍ന്നിരിക്കേണ്ട സമയത്താണ് നാം ജീവിക്കുന്നത്.
വിവ:എം. എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍
Be the first to comment